ക്രിസ്തുവർഷം പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃത കവിയും ഗദ്യകാരനുമായിരുന്നു ത്രിവിക്രമഭട്ടൻ. സിംഹാദിത്യൻ എന്ന പേരുകൂടി ഉണ്ടായിരുന്ന ഇദ്ദേഹം രാഷ്ട്രകൂട രാജാവായ ഇന്ദ്രൻ മൂന്നാമന്റെ സദസ്യനായിരുന്നു. ശാണ്ഡില്യ ഗോത്രത്തിലെ നേമാദിത്യന്റെ (ദേവാദിത്യന്റെ) പുത്രനും ശ്രീധരന്റെ പൗത്രനുമാണെന്നും കരുതപ്പെടുന്നു. രാജാവിനുവേണ്ടി നവ്സാരി ശിലാരേഖ (915) രചിച്ചത് ഇദ്ദേഹമായിരുന്നു. നളചമ്പു, മദാലസചമ്പു എന്നിവയാണു് പ്രകൃഷ്ടകൃതികൾ. കാദംബരീ രചയിതാവായ ബാണഭട്ടനെ ഇദ്ദേഹത്തിന്റെ കൃതിയിൽ പരാമർശിക്കുന്നുണ്ടു്. 11-ാം ശതകത്തിൽ ജീവിച്ചിരുന്ന ഭോജൻ രചിച്ച സരസ്വതീകണ്ഠാഭരണത്തിൽ ത്രിവിക്രമഭട്ടനെപ്പറ്റി പ്രതിപാദിക്കുന്നു.

ദമയന്തീകഥ എന്നും പേരുള്ള നളചമ്പു സംസ്കൃതത്തിൽ ലഭ്യമായ ചമ്പുക്കളിൽ ഏറ്റവും പ്രാചീനമാണ്. അപൂർണമായ ഈ കൃതിയുടെ രചനയെപ്പറ്റിയും ചെറുപ്പത്തിൽത്തന്നെ ഇദ്ദേഹത്തിനുണ്ടായിരുന്ന കവിത്വശക്തിയെപ്പറ്റിയും പരാമർശിക്കുന്ന ഒരു കഥ ഇപ്രകാരമാണു്.

ത്രിവിക്രമഭട്ടന്റെ പിതാവു് മഹാപണ്ഡിതനും രാജസദസ്സിലെ ആസ്ഥാനകവിയുമായിരുന്നു. ഒരിക്കൽ ഇദ്ദേഹം ദൂരെദിക്കിൽ പോയിരുന്നപ്പോൾ ഇദ്ദേഹത്തോടു തുല്യം പാണ്ഡിത്യമുള്ള ഒരു വിദേശി കൊട്ടാരത്തിലെത്തി. കാവ്യരചനയിൽ തന്നോടു മത്സരിക്കുവാൻ കഴിവുള്ള ആൾ ഉണ്ടെങ്കിൽ മത്സരിക്കുന്നതിനു നിർദ്ദേശിക്കണമെന്നും താൻ വിജയിയായാൽ ആസ്ഥാനകവിയായി നിയമിക്കണമെന്നും രാജാവിനോടഭ്യർഥിച്ചു. രാജാവു് ഉടൻതന്നെ ത്രിവിക്രമഭട്ടനെ ആളയച്ചുവരുത്തി. സരസ്വതീദേവിയുടെ അനുഗ്രഹം നേടിയെത്തിയ ഇദ്ദേഹം നളചമ്പുവിന്റെ രചനയിലൂടെ അതിഥിയായ പണ്ഡിതനെ പരാജയപ്പെടുത്തി. കുറച്ചു ദിവസം പിന്നിട്ടപ്പോഴേക്കും കൃതിയുടെ രചന പൂർത്തിയാകുന്നതിനുമുമ്പ് മഹാപണ്ഡിതനായ പിതാവു് തിരികെയെത്തിയതിനാൽ മത്സരം അവസാനിപ്പിച്ചു എന്നും അതിനാലാണു് നളചമ്പു അപൂർണമായിത്തീർന്നതു് എന്നുമാണു കഥ.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ത്രിവിക്രമഭട്ടൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ത്രിവിക്രമഭട്ടൻ&oldid=2283448" എന്ന താളിൽനിന്ന് ശേഖരിച്ചത്