പ്രമുഖനായ ഒരു ഇംഗ്ലീഷ് സംഗീതജ്ഞനാണ് തോമസ് ടാലിസ് (1505 – 23 നവംബർ 1585)

തോമസ് ടാലിസ്

ജീവിതരേഖ

തിരുത്തുക

1505-ലാണ് ജനനമെന്നു കരുതപ്പെടുന്നു. ആദ്യകാല ജീവിതത്തെക്കുറിച്ച് അധികമൊന്നും അറിവായിട്ടില്ല. 1532 കാലത്ത് ഡോവർ പ്രിയറിയുടെ ഓർഗനിസ്റ്റ് ആയിരുന്നു. പിന്നീട് ലണ്ടനിലേക്ക് പോവുകയും അവിടെ നിന്ന് വാൽതം ആബിയിലെത്തുകയും ചെയ്തു. അവിടത്തെ ഗായകസംഘത്തോടൊപ്പം ജീവിച്ചുകൊണ്ടാണ് ഇദ്ദേഹം ഗാനരചനയിലേക്കു പ്രവേശിച്ചത്. ആവേ ഡെയി പാട്രീസ്, സാൽ വെ ഇന്റിമെറേറ്റ് തുടങ്ങിയ ലത്തീൻ മോട്ടറ്റുകളായിരുന്നു ആദ്യകാലരചനകൾ. അവിടെ നിന്നും കാന്റർബറിയിലെത്തിയ ഇദ്ദേഹം രണ്ടുവർഷ ങ്ങൾക്കുശേഷം റോയൽ ചാപ്പലിലെ അംഗമായി (1542). പിന്നീട് മരണംവരെ അവിടെത്തന്നെ തുടർന്നു. 1575-നു മുമ്പുതന്നെ ഇദ്ദേഹം വില്യം ബയാർഡിനോടൊപ്പം ഓർഗനിസ്റ്റ് ആയി. 1575-ൽ എലിസബത്ത്- രാജ്ഞി അവർക്കിരുവർക്കുമായി സംഗീതരചനകൾ അച്ചടിച്ചു.
പ്രസിദ്ധീകരിക്കാനുള്ള വിശേഷാവകാശം നൽകി. അങ്ങനെയാണ് അതേ വർഷം ഇദ്ദേഹവും ബയാർഡും ചേർന്ന് മോട്ടറ്റുകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചത്. ആ കൃതി അവർ രാജ്ഞിക്കുതന്നെ സമർപ്പിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഗ്രീനിച്ചിൽ 1585 നവ. 23-ന് ഇദ്ദേഹം നിര്യാതനായി.

ടാലിസിന്റെ രചനകളിൽ പ്രധാനപ്പെട്ടവ ഇരുപത് കീബോർഡ് കൃതികളും ഏതാനും സ്വതന്ത്രഗാനങ്ങളുമാണ്. എങ്കിലും വാങ്മയാലാപനത്തിനായുള്ള ഇദ്ദേഹത്തിന്റെ രചനകളാണ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. 50 മോട്ടറ്റുകളടക്കം 60 രചനകളാണ് കത്തോലിക്കാസഭയ്ക്കായി ഇദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ അമ്പതോളം 'ആംഗ്ലിക്കൻ' രചനകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക ലാറ്റിൻ രചനകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മതപരമായ സംഗീതത്തിന്റെ സമസ്തശോഭകളും ഇംഗ്ലണ്ടിൽ ആദ്യമായി സമ്മേളിച്ചുകണ്ടത് ഇദ്ദേഹത്തിന്റെ രചനകളിലാണെന്നു പറയാം. അതുകൊണ്ടാണ് പല സംഗീതചരിത്രകാരന്മാരും ഇദ്ദേഹത്തെ 'ഫാദർ ഒഫ് ഇംഗ്ലീഷ് ചർച്ച് മ്യൂസിക്' എന്നു വിശേഷിപ്പിച്ചിട്ടുള്ളത്.

പുറം കണ്ണികൾ

തിരുത്തുക

റിക്കാർഡിംഗ്സ്

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാലിസ്, തോമസ് (1505 - 85) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തോമസ്_ടാലിസ്&oldid=3970376" എന്ന താളിൽനിന്ന് ശേഖരിച്ചത്