തെക്കൻ പാട്ടുകൾ

(തെക്കൻപാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തെക്കൻകേരളത്തിൽ പ്രചാരമുള്ള നാടോടിപ്പാട്ടുകളാണ് പൊതുവേ തെക്കൻപാട്ടുകൾ എന്നറിയപ്പെടുന്നത്. കേരളത്തിലെ ഫോക്‌ലോർ മേഖലയിലെ പ്രമുഖവിഭാഗമാണിത്. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച്, മലബാർപ്രദേശങ്ങളിൽ പ്രചരിച്ചിരുന്ന പാട്ടുകൾക്ക് വടക്കൻ പാട്ടുകൾ എന്നപോലെ പഴയ തിരുവിതാംകൂർ പ്രദേശത്തു പ്രചരിച്ചിരുന്ന പാട്ടുകൾക്ക് തെക്കൻപാട്ടുകൾ എന്ന സംജ്ഞ ലഭിച്ചു. ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി തിരുനെൽവേലി ജില്ലകളിലാണ് ഇവയ്ക്ക് അധികം പ്രചാരം. തമിഴ് മലയാളങ്ങളുടെ സങ്കരഭൂമിയിലാണ് തെക്കൻപാട്ടുകൾ രൂപപ്പെട്ടതും പ്രചരിച്ചതും. അത് പാട്ടുകളിലെ ഭാഷയെ ക്ലിഷ്ടമാക്കി. തമിഴർ മലയാളമെന്നും നല്ലമലയാളികൾ തമിഴെന്നും കരുതി മാറ്റിവച്ചതുകാരണമാണ് തെക്കൻപാട്ടുകൾ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതെന്ന് തെക്കൻപാട്ടുകളെ കുറിച്ച് മഹാകവി ഉള്ളൂർ[1] രേഖപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞുകേൾക്കുന്ന പാട്ടുകളിൽ ചിലതുമാത്രമാണ് കണ്ടുകിട്ടിയിട്ടുള്ളത്. കിട്ടിയവയിൽ ഭൂരിഭാഗവും വില്ലയിച്ചാൻപാട്ടിന് ഉപയോഗിക്കുന്നതിനായി ചിട്ടപ്പെടുത്തിയവയാണ്. തെക്കൻപാട്ടു രൂപത്തിലുള്ള പാട്ടുകൾ വിരലിലെണ്ണാവുന്നവ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അവ അനുഷ്ഠാനമെന്ന നിലയ്ക്ക് പാടിപ്പോന്നിരുന്നതിനാൽ മുൻതലമുറയിലെ പാട്ടാശാൻമാരുടെ ഓലകളിലും ശിഷ്യന്മാർ പകർത്തിയെടുത്ത കടലാസ്സുകളിലും അവശേഷിക്കുന്നുണ്ടെങ്കിലും കൂടുതൽ ചിന്തകൾക്കോ പഠനങ്ങൾക്കോ അവസരമൊരുങ്ങിയിട്ടില്ല. കൊടയുത്സവവുമായി ബന്ധപ്പെട്ടാണ് വില്ലടിച്ചാൻപാട്ടുകൾ അവതരിപ്പിച്ചു പോന്നത്.[2] തിരുവനന്തപുരത്തിനു തെക്കുള്ള പ്രദേശങ്ങളിൽ വില്ലടിച്ചാൻപാട്ടിന് പ്രചാരം കൂടുതലുണ്ട്. ദേവസ്തുതികളും ചരിത്രസംഭവങ്ങളും ഇവയ്ക്കു വിഷയമായിട്ടുണ്ട്.

ഐതിഹ്യം

തിരുത്തുക

നാട്ടിൽ പ്രമാണിമാരായിട്ടുള്ളവരോ അവരുടെ കുടുംബാംഗങ്ങളോ അപമൃത്യുവിന് ഇരയായാൽ ഗതികിട്ടാതെ ആത്മാക്കൾ മാടൻ, യക്ഷി മുതലായ രൂപത്തിൽ അലഞ്ഞുതിരിയുമെന്നും അവരുടെ പ്രീതിക്കുവേണ്ടി ഇത്തരം ഗാനങ്ങൾ ആലപിക്കണമെന്നും ഉള്ള വിശ്വാസം.

ശ്രദ്ധേയമായവ

തിരുത്തുക

ഇരവിക്കുട്ടിപ്പിള്ളപ്പോര്

തിരുത്തുക

തിരുവിതാംകൂർ രാജാവായിരുന്ന കുലശേഖരന്റെ മന്ത്രിയായിരുന്ന ഇരവിക്കുട്ടിപ്പിള്ള കണിയാംകുളം പോരിന് പോകുന്നതുമുതൽ മരിക്കുന്നതുവരെയും അതിനുശേഷമുള്ള സംഭവങ്ങളും ഈ കാവ്യത്തിലുണ്ട്. മധുര തിരുമലനായിക്കൻറെ സേനാപതിയായ രാമപ്പയ്യന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ കുലശേഖരൻറെ ഏഴു മന്ത്രിമാരിൽ ഒരാളായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള നേരിട്ടെതിർക്കുകയും രാമപ്പയ്യന്റെ വഞ്ചനയിലൂടെ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് ഈ കഥാകാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ഹൃദയസ്പൃക്കായ കാവ്യമാണിത്.

ഉലകുടപെരുമാൾപാട്ട്

തിരുത്തുക

തെക്കൻപാട്ടുകളിൽ ഇപ്പോഴും സജീവമായി നിലനില്ക്കുന്ന പാട്ടാണ് ഉലകുടപെരുമാൾപാട്ട്. കന്യാകുമാരി തിരുവനന്തപുരം ജില്ലകളിൽ ഉലകുടപെരുമാൾ എന്ന മൂർത്തിയുടെ ആരാധനയുമായി ബന്ധപ്പെട്ട് ഇക്കാലത്തും ഈ പാട്ട് അനുഷ്ഠാനപരമായി പാടിപ്പോരുന്നു.[3] ഉലകുടപെരുമാൾ കോവിലുകളിലെ പടയുത്സവവുമായി ബന്ധപ്പെട്ടാണ് ഈ പാട്ട് അവതരിപ്പിച്ചു പോരുന്നത്. മധുരയ്ക്കു സമീപം വൈയ്യക്കര എന്ന ദേശം വാണിരുന്നതായി കരുതുന്ന ഉലകുടപെരുമാൾ എന്ന പാണ്ഡ്യരാജാവിന്റെ അപദാനങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ ഉലകുടപെരുമാളിനെ കുറിച്ച് പരാമർശമുണ്ട്.

കന്നടിയാൻ പോര്

തിരുത്തുക

വള്ളിയൂരു ഭരിച്ചിരുന്ന പാണ്ഡ്യവംശജനായ കുലശേഖര രാജാവു നടത്തേണ്ടി വന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ള പാട്ട്. കാഞ്ചീപുരത്തിനു വടക്കുള്ള കന്നടിയാൻ എന്ന വടുകരാജാവുമായിട്ടായിരുന്നു യുദ്ധം. കന്നടിയാൻറെ മകളുടെ പ്രണയത്തെ കുലശേഖരൻ നിരസിച്ചതാണ് യുദ്ധകാരണം. യുദ്ധത്തിൽ കൊല്ലപ്പെട്ട കുലശേഖരന്റെ ചിതയിൽ സതിയനുഷ്ഠിച്ച് കന്നടിയാന്റെ പുത്രി മരിക്കുകയും ചെയ്തു.

അഞ്ചുതമ്പുരാൻപാട്ട്

തിരുത്തുക

തമിഴ്‌നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഐവർരാസാക്കൾകഥൈ എന്ന പാട്ടുകഥയാണ് മലയാളത്തിൽ അഞ്ചുതമ്പുരാൻപാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്.[4] പാണ്ഡവരുടെ കഥയെ അനുകരിച്ച് അഞ്ചുപേർ ചേർന്ന് നാടുഭരിക്കുന്ന രീതി പിൻതുടർന്നിരുന്ന പാണ്ഡ്യരാജാക്കന്മാരുടെ കഥയാണിത്. മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്ര[5]ത്തിൽ പരാമർശിച്ചിരിക്കുന്ന അഞ്ചുതമ്പുരാൻപാട്ട് പില്കാലത്ത് രചിക്കപ്പെട്ടതാണ്. വേണാട്ടിലെനാടുവാഴികൾ തമ്മിലുണ്ടായിരുന്ന കുടിപ്പകയാണ് ഈ പാട്ടിനെ പ്രതിപാദ്യം. സകലകുലമാർത്താണ്ഡവർമ്മ, പലകല ആദിത്യവർമ്മ, പരരാമർ, പരരാമാദിത്യർ, വഞ്ചി ആദിത്യവർമ്മ എന്നിങ്ങനെ അഞ്ചു നാടുവാഴികൾ തമ്മിലുള്ള കലഹമാണ് പ്രതിപാദ്യം.

കാർത്തികതിരുനാൾ രാമവർമരാജാവിന്റെ തീർത്ഥയാത്രയെക്കുറിച്ചുള്ളത്.

ഇടനാടൻ പാട്ട്

തിരുത്തുക

ഇടനാടൻ എന്ന പുലയയുവാവിന്റെ വീരകൃത്യങ്ങൾ വർണിക്കുന്നു. പതിനഞ്ചാം ശതകത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. തന്റെ കാര്യശേഷി കൊണ്ട് തണ്ണീർമുക്കത്ത് ചുങ്കം പിരിക്കുന്നതാണ് പാട്ടിലെ പ്രമേയം.

പഞ്ചവൻകാട്ടു നീലിയുടെ പാട്ട്

തിരുത്തുക

പവഴനല്ലൂർ അമ്മയപ്പൻ കോവിലിലെ ശാന്തിക്കാരനും ക്ഷേത്രത്തിലെ ദാസിയും തമ്മിലുള്ള ബന്ധവും പ്രത്യേക സാഹചര്യത്തിൽ അവളെ കൊന്നതുമായി ബന്ധപ്പെട്ടതാണിത്. ===ചെങ്ങന്നൂർ കുഞ്ഞിനെക്കുറിച്ചുള്ള പാട്ട്===ചെങ്ങന്നൂർ ആദി പറയസമുദായത്തിലെ വീരനായകനും ആയുധവിദ്യയിൽ സമർത്ഥനുമായ ചെങ്ങന്നൂർ കുഞ്ഞിനെക്കുറിച്ചുള്ളത്. ശാസ്താംപാട്ട്, സർപ്പംപാട്ട് മുതലായവ ദേവപ്രീതിക്കുവേണ്ടിയുള്ളവയാണ്.

  1. കേരളസാഹിത്യചരിത്രം ഒന്നാം വാല്യം
  2. Blackburn H Stuart, Singing of Birth and Death
  3. ബി എസ് ബിനു, അഞ്ചുതമ്പുരാൻപാട്ടും ഉലകുടപെരുമാൾപാട്ടും ഒരുസാംസ്കാരികാപഗ്രഥനം(ഗവേഷണപ്രബന്ധം, കേരളസർവകലാശാല 2011)
  4. ബി എസ് ബിനു, അഞ്ചുതമ്പുരാൻപാട്ടും ഉലകുടപെരുമാൾപാട്ടും ഒരുസാംസ്കാരികാപഗ്രഥനം(ഗവേഷണപ്രബന്ന്ധം, കേരളസ്ർവകലാശാല 2011)
  5. കേരളസാഹിത്യചരിത്രം ഒന്നാംവാല്യം പു.271,1990
"https://ml.wikipedia.org/w/index.php?title=തെക്കൻ_പാട്ടുകൾ&oldid=3773084" എന്ന താളിൽനിന്ന് ശേഖരിച്ചത്