തൃച്ചംബരം ഉത്സവം

തളിപ്പറമ്പ്, കണ്ണൂർ

വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം. ആനയും, വെടിക്കെട്ടും ഉൾപ്പെടെയുള്ള ഘോഷങ്ങൾ നിഷിദ്ധമായ ഇവിടത്തെ ഉത്സവത്തിന്റെ ഇതിവൃത്തം ജ്യേഷ്ഠൻ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടും ഒപ്പം ശ്രീകൃഷ്ണൻ നടത്തിയ ബാലലീലകൾ ആണ്. കുംഭം 22[1] മുതൽ മീനം 6 വരെ 14 ദിവസം[2] നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇവിടുത്തെത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ദേശ ഉത്സവത്തിന്.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

പ്രത്യേകതകൾ

തിരുത്തുക

കേരളീയ തന്ത്ര ശാസ്ത്ര പ്രകാരം ഉത്സവങ്ങളെ പടഹാദി, ധ്വജാദി,അംഗുരാദി എന്നിങ്ങിനെ വേർതിരിക്കാൻ സാധിക്കും. പടഹാദി ഉത്സവങ്ങളിൽ ഉത്സവത്തിനു നിശ്ചയിച്ചിട്ടുള്ള വിശേഷാൽ ക്രിയകൾ ഒന്നും ഇല്ലാതെ ദേവനെ എഴുന്നള്ളിപ്പ് മാത്രം നടത്തുന്ന രീതിയിൽ ആണ് പതിവു. ധ്വജാദി ഉത്സവങ്ങൾ കൊടിയേറ്റത്തോട് കൂടിയും, അംഗുരാദി ഉത്സവങ്ങൾ വിശേഷാൽ താന്ത്രിക കർമ്മമായ മുളയിടൽ മുതലായ ക്രിയകളോടും കൂടിയാണ് നടത്തുക. ഇതിൽ ഈ പറഞ്ഞ മൂന്നു തരം ചടങ്ങുകളും ഒരുപോലെ നടത്തുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഉത്സവാഘോഷമാണ് തൃച്ചംബരം ഉത്സവം. കുംഭം 1 മുതൽക്കുള്ള 21 ദിവസം മുകളിൽ സൂചിപ്പിച്ച പ്രകാരം പടഹാദി ഉത്സവവും കുംഭം 22 മുതൽ (മാർച്ച് 6 മുതൽ 20 വരെ) പതിനാലു ദിവസം കൊടിയേറ്റത്തോട് കൂടി ധ്വജാദിയായും, ഇതിൽ മീനം 1 മുതൽ (മാർച്ച് 14 മുതൽ) അംഗുരാദി ഉത്സവവും ആണ് ഇവിടെ അരങ്ങേറുന്നത്. ഇതിൽ അവസാനത്തെ 14 ദിവസമാണ്കുംഭം 22 മുതൽ മീനം 6 (മാർച്ച് 6 മുതൽ 20 വരെ) വലിയ ആഘോഷത്തോട് കൂടി ഉത്സവം കൊണ്ടാടുന്നത്. ഈ പതിനാലു ദിവസത്തെ ഉത്സവത്തിൽ തൃച്ചംബരത്തുനിന്നും 8 കിലൊമീറ്റര്‌ അപ്പുറമുള്ള മഴൂർ ബാലഭദ്രസ്വാമി കൂടി ഈ ഉത്സവത്തിൽ പങ്കാളിയാകുന്നതാണ് തൃച്ചംബരം ഉത്സവത്തെ ഏറ്റവും ഹൃദ്യമാക്കുന്നത്.

ചരിത്രപ്രാധാന്യം

തിരുത്തുക

കേരളത്തിലെ എറ്റവും പഴക്കം ചെന്ന ഒരു ഉത്സവാഘോഷങ്ങളിൽ ഒന്നാണ് തൃച്ചംബരത്ത് ഉത്സവം. കേരളത്തിലെ എറ്റവും ആദ്യത്തെ ബ്രാഹ്മണ അധിനിവേശ കേന്ദ്രമായ പെരുംചെല്ലൂർ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ് ) പുരാതന സംസ്കൃതിയുടെ പ്രതീകം കൂടിയാണ് ഈ ഉത്സവം. പലതരത്തിലുള്ള ആഘോഷങ്ങൾ അന്നും ഉണ്ടായിരുന്നിരിക്കാം എങ്കിലും ഇത്രമേൽ ചിട്ടപ്പെടുത്തിയ എറ്റവും ആദ്യത്തെ ഉത്സവാഘോഷം എന്ന പ്രശസ്തി തൃച്ചംബരം ഉത്സവത്തിനു സ്വന്തമാകും. ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കവും പൗരാണികതയും ഈ ഉത്സവത്തിനും ഉണ്ട് എന്ന കാണുവാൻ സാധിക്കും. ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽക്കുള്ള രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രമാണ് പെരുംചെല്ലൂർ എന്ന ഇന്നത്തെ തളിപ്പറമ്പ് ദേശത്തിനു ഉള്ളത്. സംഘകാല സാഹിത്യങ്ങളിൽ പരാമർശമുള്ള കേരളത്തിലെ ഏക ബ്രാഹ്മണ അധിവാസമേഖല കൂടിയാണ് പെരുംചെല്ലൂര്‌.. സംഘകാല സാഹിത്യമായ അകനാനൂർ എന്ന തമിഴ് കാവ്യത്തിൽ പെരുംചെല്ലൂരിൽ വസന്തകാലത്ത് നടക്കുന്ന ഒരു പ്രസിദ്ധമായ ഉത്സവത്തെ ക്കുറിച്ച് പരാമർശം ഉണ്ട്. അതി ഗംഭീരമായ ഈ ഉത്സവം കാണാൻ നായകൻ നായികയെ ക്ഷണിക്കുന്നതാണ് ഈ പരാമർശം. അതായത് ക്രിസ്തു വർഷാരംഭത്തിനു മുമ്പ് തന്നെ തമിഴ് മേഖലകളിൽ കൂടി പ്രസിദ്ധിയാർജ്ജിച്ച ഒരു മഹോത്സവമാണ് ഇത് എന്ന് അകനാനൂർ എന്ന തമിഴ് സംഘ കൃതി സാക്ഷ്യപ്പെടുത്തുന്നു. സംഘകാലത്തിനു ശേഷം തമിഴ് സാഹിത്യ രംഗത്ത് ശക്തി പ്രാപിച്ച മറ്റൊരു ഒരു സാഹിത്യ ശാഖയാണ്‌ അന്താദി പ്രസ്ഥാന കാലം. എ.ഡി.അഞ്ചാം നൂറ്റാണ്ടിനോട് അടുപ്പിച്ച് അന്താദി പ്രസ്ഥാനത്തിന്റെ ആരംഭം. ഒരു ശ്ലോകത്തിന്റെ അവസാന പദം അടുത്ത ശ്ലോകത്തിന്റെ ആദ്യം ആകുന്ന തരത്തിൽ ആണ് ഈ സാഹിത്യ പ്രസ്ഥാനത്തിലെ കൃതികൾ കാണുന്നത്. ഈ ശൈലിയിൽ ഭക്തിരസത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ട് രചിക്കപ്പെട്ട കൃതിയാണ് തൃച്ചംബരത്ത് അന്താദി. കേരളത്തിലെ ഏതെങ്കിലും ഒരു ഉത്സവത്തെക്കുറിച്ച് വർണ്ണിക്കുന്ന ആദ്യത്തെ കൃതിയായി ഇതിനെ വിശേഷിപ്പിക്കാം. കൊടും തമിഴിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ചും ഇവിടത്തെ പ്രസിദ്ധമായ ഉത്സവത്തെക്കുറിച്ചും എല്ലാം ആണ് വർണ്ണിച്ചിരിക്കുന്നത്. ബലഭദ്ര സ്വാമിക്ക് ഒപ്പം കൃഷ്ണനും ഗോപാലകരും നടത്തി വന്ന ബാല ലീലകൾ കുഭമാസത്തില്‌ ഇവിടെ അവതരിപ്പിക്കുന്നതിന്റെ സമ്പൂർണ്ണ വർണ്ണനകൾ കാവ്യ ഭംഗിയോടെ ഈ കൃതിയിൽ പ്രസ്താവിച്ചിരിക്കുന്നു. ഇതിനു പുറമേ ശങ്കര കവി രചിച്ച സംസ്കൃത കാവ്യമായ തൃച്ചംബരേശ സ്തുതി, പന്ത്രണ്ടാം നൂറ്റാണ്ടിൽ മലയാളത്തിൽ രചിച്ച കനക കിരീടം പാട്ട് എന്നിവയിലും തൃച്ചംബരത്തെ ഉത്സവത്തിന്റെ വർണ്ണനകൾ കാണാം. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒരു ക്ഷേത്രോത്സവം ആണ് ഇത് എന്നാണ്.

ഉത്സവ സമ്പ്രദായങ്ങൾ

തിരുത്തുക

ഐതിഹ്യങ്ങളെ മാറ്റി നിർത്തി ഈ ഉത്സവത്തെ പ്രതിപാദിക്കാൻ സാധിക്കില്ല എന്നതിനാൽ തന്നെ ഇവിടത്തെ ഉത്സവ സമ്പ്രദായങ്ങളും ഐതിഹ്യങ്ങളാൽ കേട്ടുപിണഞ്ഞു കിടക്കുന്നു എന്ന് കാണാൻ സാധിക്കും. കംസവധം കഴിഞ്ഞ ഭാവത്തിൽ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്‌പ്പം. കൃഷ്ണനെയും ബലരാമനെയും വധിക്കാൻ കംസൻ നിയോഗിച്ച കുവലയ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസ നിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്. അതിനാൽ തന്നെ ഇതര ക്ഷേത്രങ്ങളിലെ കൃഷ്ണ സങ്കൽപങ്ങളെ അപേക്ഷിച്ച് അൽപ്പം രൗദ്ര ഭാവത്തിൽ ആണ് ഇവിടത്തെ പ്രതിഷ്ടാ ഐതിഹ്യം. അതിനാൽ തന്നെ ആനയെ എഴുന്നള്ളിക്കുന്നത് ഇവിടെ നിഷിദ്ധമായിട്ടാണ് കരുതി പോരുന്നത്. അതേ സമയം കുട്ടിക്കളിയുടെ ഭാവത്തിൽ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്. കുംഭം ഒന്നിനു തുടങ്ങുന്ന പടഹാദി എഴുന്നള്ളിപ്പ്‌ ഉത്സവത്തിനു ശേഷം കുംഭം 22 നു നടക്കുന്ന കൊടിയേറ്റത്തോടെയാണു പൂർണ്ണാർത്ഥത്തിൽ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക്‌ കടക്കുന്നത്‌. കൊടിയേറ്റത്തിനു ശേഷം അർദ്ധരാത്രിയോടെ മഴൂർ ബലഭദ്രസസ്വാമി അനിയനടുത്തേക്ക്‌ എഴുന്നളൂന്നു. എട്ടു കിലോമീറ്റർ ബലരാമന്റെ തിടമ്പ്‌ തലയിലേന്തി ക്ഷേത്ര മേൽശാന്തി ഓടി എഴുന്നള്ളുന്നതാണു തൃച്ചംബരം ഉത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ മുഹൃത്തം. പിന്നീടങ്ങോട്ടുള്ള 14നാളുകൾ തൃച്ചംബരം വൃന്ദാവന സദൃശമാകും. ക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ അപ്പുറത്ത്‌ ഇന്നത്തെ നാഷണൽ ഹൈവേ കടന്ന് പോകുന്ന പൂക്കോത്ത്‌ നടയിലാണു ഉത്സവ ഘോഷങ്ങൾ. തിടമ്പ്‌ നൃത്തത്തിലേത്‌ മാതിരി ദേവന്റെ തിടമ്പ്‌ തലയിലേന്തിയുള്ള ഉത്സവ സമ്പ്രദായമാണ് എങ്കിൽ കൂടിയും തിടമ്പ്‌ നൃത്തത്തിന്റേതായ ചിട്ടവട്ടങ്ങളോ സമ്പ്രദായങ്ങളോ ഇവിടെ നടപ്പില്ല. തൃച്ചംബരത്തപ്പന്റെ(ശ്രീകൃഷ്ണബിബം) എഴുന്നള്ളിക്കുന്ന ക്ഷേത്രം മേൽശാന്തിയുടെ (പാക്കം) മനോധർമ്മം മാത്രമാണു ഇവിടെ അടിസ്ഥാനം. ഓടാൻ തോന്നിയാൽ ഓടാം, താളത്തിനൊപ്പം നൃത്തം ചവിട്ടാൻ തോന്നിയാൽ അതാവാം, ഇനി എല്ലാം അവസാനിപ്പിച്ച്‌ ക്ഷേത്രത്തിലേക്ക്‌ മടങ്ങാൻ തോന്നിയാൽ അതുമാകാം. എല്ലാം കുട്ടിക്കളിയുടെ ഭാഗം മാത്രം. ഇതൊക്കെ തന്നെയാണ് ഇവിടത്തെ ആകർഷണവും. ഗോവിന്ദം വിളിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടി ഈ കുട്ടിക്കളികൾക്ക് മാറ്റു കൂട്ടും. മീനം അഞ്ചിനാണ് ആറാട്ട്. സ്വതേ കേരളാചാര പ്രകാരം ആറാട്ടോടെയാണ് ഉത്സവങ്ങൾ പരിസമാപിക്കുക. എന്നാൽ ഇവിടെ ആറാട്ടും കഴിഞ്ഞ് അടുത്ത ദിവസം മീനം 6നു കൂടിപ്പിരിയൽ എന്ന ചടങ്ങോടെയാണ് ഉത്സവം സമാപിക്കുന്നത്. കളിയിൽ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോൾ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാൻ ഇരുവരുടെയും ശ്രദ്ധ തിരിച്ച് കളിയവസാനിപ്പിക്കാൻ ക്ഷേത്രത്തിലേക്കുള്ള പാല്പായസത്തിനു പാൽ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സിൽ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു. നിറഞ്ഞു തുളുമ്പുന്ന പാൽക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണൻ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്ക്കാരമാണ് കൂടിപ്പിരിയാൽ ചടങ്ങ്. ശിരസിൽ പാൽക്കുടവുമായി കളിക്കിടയിലെക്ക് വരുന്ന പാലമൃതനെ കണ്ടു ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്. കണ്ടു നിൽക്കുന്നവരുടെ പോലും മനസ്സിൽ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്. തളിപ്പറമ്പ് ദേശക്കാരുടെ ഒരു വർഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വർത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.

"https://ml.wikipedia.org/w/index.php?title=തൃച്ചംബരം_ഉത്സവം&oldid=4102747" എന്ന താളിൽനിന്ന് ശേഖരിച്ചത്