തൂലിക യുണികോഡ്

(തൂലിക യൂനികോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണികോഡ് വ്യവസ്ഥയിൽ വിന്യസിക്കാനും പ്രദർശിപ്പിക്കാനുമായി മലയാളഭാഷയിലെ അക്ഷരങ്ങൾക്കു മാത്രമായി പ്രത്യേകം തയ്യാറാക്കിയ ഏറ്റവും ആദ്യത്തെ ലിപിസഞ്ചയമാണു് തൂലിക യുണികോഡ്. 2002 ജൂൺ 22നു് തിരുവനന്തപുരത്തെ സോഫ്റ്റ്‌വെയർ സ്ഥാപനമായ സൂപ്പർസോഫ്റ്റ് എന്ന കമ്പനിയുടെ ചീഫ് എക്സ്സിക്യൂട്ടീവ് ഓഫീസർ ആയ അജയലാൽ ആണു് ഈ പുതിയ ലിപിരൂപം പുറത്തിറക്കിയതു്[1]. ഏതാനും മാസങ്ങൾക്കുശേഷം ഇതേ സ്ഥാപനം തൂലിക ട്രെഡീഷണൽ യുണികോഡ് എന്ന പേരിൽ മലയാളത്തിന്റെ തന്നെ പരമ്പരാഗതലിപിസഞ്ചയവും ഇത്തരത്തിൽ അവതരിപ്പിക്കുകയുണ്ടായി. [2] [3] [4]

മലയാളം വിക്കിപീഡിയയുടെ തുടക്കം ഇങ്ങനെ പേജ് 1
മലയാളം വിക്കിപീഡിയയുടെ തുടക്കം ഇങ്ങനെ പേജ് 2
പ്രമാണം:തൂലികയൂണിക്കോഡ് മൈക്രോസോഫ്റ്റ്.jpg
മൈക്രോസോഫ്റ്റ് വിൻഡോസ് XP യിൽ മലയാളഭാഷകൂടി ഉൾക്കൊള്ളിക്കണമെന്നും അതിനുവേണ്ടിയുള്ള മലയാളം ഫോണ്ട് ശ്രി. അജയലാൽ നിർമ്മിച്ചിട്ടുണ്ട് എന്നും അറിയിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് റ്റൈപ്പോഗ്രാഫി വിഭാഗത്തിലേക്ക് ശ്രി. അജയലാൽ എഴുതിയ കത്തിന് 2002 ജൂലൈ മാസത്തിൽ ലഭിച്ച മറുപടി.


ലോകത്ത് ആ കാലത്തു് നിലവിലിരുന്ന മിക്ക കംപ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്ന അക്ഷരപ്രതിനിധാനവ്യവസ്ഥ ആസ്കി (ASCII) എന്ന സമ്പ്രദായത്തെ അധിഷ്ഠിതമാക്കിയായിരുന്നു. ഒരക്ഷരത്തിനു് എട്ടു ബിറ്റുകൾ മാത്രം നീക്കിവെച്ചിരുന്ന ഈ വ്യവസ്ഥയിൽ ഇംഗ്ലീഷ് ഒഴിച്ചുള്ള മറ്റു ഭാഷകൾക്കു് അവയുടെ അക്ഷരങ്ങളെ തനതായി കമ്പ്യൂട്ടർ ഭാഷയിൽ പ്രതിനിധീകരിക്കുവാൻ സൗകര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു് വിവിധ കമ്പ്യൂട്ടർ നിർമ്മാതാക്കളും മറ്റു സ്ഥാപനങ്ങളും ചേർന്നു് യുണികോഡ് എന്ന പേരിൽ പുതിയൊരു അക്ഷരപ്രതിനിധാനസംവിധാനത്തിനു് അടിസ്ഥാനരൂപം നൽകി. അതോടെ, ലിനക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പുതിയ അവതരണങ്ങളിൽ യുണികോഡ് ഉപയോഗവും സാദ്ധ്യമായിത്തുടങ്ങി. എന്നാൽ മലയാളം പോലുള്ള ഭാരതീയഭാഷകളിൽ ഈ വ്യവസ്ഥയ്ക്കു് അനുയോജ്യമായ ലിപിസഞ്ചയങ്ങൾ ലഭ്യമായിരുന്നില്ല. വിൻഡോസിൽ തന്നെ ഏരിയൽ യുണികോഡ് എന്നൊരു ലിപിസഞ്ചയം ലഭ്യമായിരുന്നെങ്കിലും അതിൽ അടങ്ങിയിരുന്ന മലയാളം ലിപിവ്യവസ്ഥ തുലോം പരിമിതമായിരുന്നു. ഈ സാഹചര്യത്തിലാണു് തൂലിക യുണികോഡ് പുറത്തിറങ്ങിയതു്.

ആദ്യമായി പുറത്തിറങ്ങിയ ഈ ലിപിസഞ്ചയങ്ങൾ സാങ്കേതികമായി പൂർണ്ണമായിരുന്നില്ല. യുണികോഡിന്റെ തന്നെ മാനകീകരണം പൂർത്തിയാവാത്തതുകൊണ്ടായിരുന്നു മുഖ്യമായും ഈ പോരായ്മകൾ. ഉദാഹരണത്തിനു് നിത്യോപയോഗത്തിൽ തീരെ പ്രചാരം കുറഞ്ഞുപോയിരുന്ന മലയാളം അക്കരൂപങ്ങളായിരുന്നു അന്നത്തെ മലയാളം യുണികോഡിൽ ഉണ്ടായിരുന്നതു്. കൂടാതെ, മലയാളത്തിന്റെ പ്രത്യേകതയായ ചില്ലക്ഷരങ്ങൾ എങ്ങനെയാണു വിന്യസിക്കേണ്ടതെന്നു് നിയതമായ അനുമാനം അപ്പോൾ വന്നിരുന്നില്ല. ലിപി ലഭ്യമാണെങ്കിൽ പോലും പല ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും അവയെ ശരിയായ വിധത്തിൽ പ്രദർശിപ്പിക്കാനുതകുന്ന മദ്ധ്യവർത്തി സോഫ്റ്റ്‌വെയറുകൾ (Uniscribe engines) ക്രമീകരിക്കുക എന്നതു് ദുഷ്കരമായ ഒരു പ്രയത്നമായി തുടർന്നു എന്നതും മലയാളം കമ്പ്യൂട്ടിങ്ങിൽ യുണികോഡിന്റെ പ്രചാരം വർഷങ്ങളോളം താമസിപ്പിക്കാൻ ഇടയായി.[5]

മലയാളം യുണികോഡ് ആവശ്യമായിരുന്ന മലയാളം വിക്കിപീഡിയ, ബ്ലോഗുകൾ തുടങ്ങിയ വെബ് സൈറ്റുകളും മറ്റും പ്രയോഗത്തിൽ വരാനും പ്രാരംഭകാലഘട്ടത്തിൽ അഭിവൃദ്ധിപ്പെടാനും തൂലിക യുണികോഡ് ഏറെ സഹായകമായി. പിൽക്കാലത്തു് കൂടുതൽ അക്ഷരസമ്പന്നമായ അഞ്ജലി ഓൾഡ് ലിപി, രചന (ഫോണ്ട്), മീര (ഫോണ്ട്), കാർത്തിക (ഫോണ്ട്) തുടങ്ങിയ നിരവധി യുണികോഡ് ലിപികൾ പ്രചാരത്തിലായതോടെ തൂലിക യുണികോഡിന്റെ കേവലപ്രയുക്തത മിക്കവാറും ഇല്ലാതായി.



ഇതും കാണുക

തിരുത്തുക
  1. അഞ്ജലി ഓൾഡ് ലിപി
  2. രചന മലയാളം ലിപി സഞ്ചയം
  3. മലയാളത്തിലെ കമ്പ്യൂട്ടർ ലിപിസഞ്ചയങ്ങൾ
  1. കേരള കൗമുദി ദിനപത്രം 2002 ജൂൺ 16
  2. കേരളകൗമുദി ദിനപത്രം 2002 ഒക്ടോബർ 27
  3. മാതൃഭൂമി ദിനപത്രം 2002 ഒക്ടോബർ 28
  4. മലയാള മനോരമ ദിനപത്രം 2002 ഒക്ടോബർ 29
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-22. Retrieved 2012-12-26.
"https://ml.wikipedia.org/w/index.php?title=തൂലിക_യുണികോഡ്&oldid=3988603" എന്ന താളിൽനിന്ന് ശേഖരിച്ചത്