പാണൻ

(തുയിലുണർത്തു പാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ജാതി സമൂഹത്തിന്റെ പേരാണു പാണൻ. തമിഴ്‌നാട്ടിലും കർണാടകത്തിലും പാണൻ എന്ന ജാതി സമൂഹമുണ്ട്. 239,000 ആണ് ആകെ ജനസംഖ്യ. തമിഴ്നാട്ടിലാണ് ഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും കൂടുതൽ ആൾക്കാരുള്ളത് (176,000). കേരളത്തിൽ 61,000 ആൾക്കാരും ആന്ധ്രപ്രദേശിൽ 400 പേരും ഡെൽഹിയിൽ 200 പേരും കർണാടകത്തിൽ 50 പേരുമുണ്ടത്രേ. കന്നട ഭാഷയിൽ 'പാണ' യുടെ അർത്ഥം പാട്ട് എന്നാണ്. കേരളത്തിൽ ഇപ്പോൾ പാണൻ ജാതിയിൽ പെടുന്നവരെ പട്ടിക ജാതിയിൽ ഉൾപെടുത്തിയിരിക്കുന്നു.


ഇവർ സംഘകാലത്തെ അയ്ന്തിണകളുമായി നേരിട്ട് ബന്ധമില്ലാതിരുന്ന ഗോത്രവിഭാഗമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [1]

പേരിനു പിന്നിൽ

തിരുത്തുക

പാട്ടുകൾ കൈകാര്യം ചെയ്യുന്നവർ എന്ന അർഥത്തിലാണ് പാണൻ എന്ന പേരു വന്നത്.പാട്ടുകളും കീർത്തനങ്ങളും കെട്ടിയുണ്ടാക്കി പാടിപ്പോന്ന ഇക്കൂട്ടർ അകവർ,സൂതർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.[2]

ചരിത്രം

തിരുത്തുക

സംഘകാലത്ത് ഗ്രാമസദസ്സുകളിലും രാജസദസ്സുകളിലും കവിതകളും പാട്ടുകളും കീർത്തനങ്ങളും കെട്ടിയുണ്ടാക്കി പാടിപ്പോന്ന പാണർ, അകവർ എന്ന പ്രത്യേക പേരിലാണു അറിയപ്പെട്ടിരുന്നത്. ഇവരിൽ ഗായകരും, 'യാഴ്' എന്ന പ്രത്യേകതരം തന്ത്രിവാദ്യം വായിക്കുന്നവരും ഉൾപ്പെടും. സ്തുതിപാഠകന്മാരായ ഇവർ പാടിയ പാട്ടുകൾ വായ്മൊഴിയായി തലമുറകളിലൂടെ പ്രചരിച്ചിരുന്നുവെന്നും പില്ക്കാലത്ത്‌ പ്രത്യേകകവികളുടെ പേരിൽ ഈ പാട്ടുകൾ സംഘകൃതികൾ എന്നറിയപ്പെടാൻ തുടങ്ങിയതാണെന്നും പറയുന്നു[3]

സ്തുതിഗാനം പാടി രാജാവിനെ ഉറക്കുക, പള്ളി ഉണർത്തുക, വിശ്രമവേളകളിലും വിശേഷാവസരങ്ങളിലും മറ്റും പാട്ടുകൾ ഉണ്ടാക്കിപ്പാടി രാജാവിനേയും മറ്റ് വിശിഷ്ട വ്യക്തികളേയും രസിപ്പിക്കുക, ഇതൊക്കെയായിരുന്നു രാജസദസ്സുകളിൽ ഇവരുടെ പ്രധാന കർത്തവ്യം. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽ ഇത്തരം കലാകാരന്മാരെ സൂതർ, മാഗധർ, വന്ധികൾ, വൈതാളികർ എന്നിങ്ങനെയാണ വ്യവഹരിച്ചുള്ളത്. തമിഴ് സാഹിത്യത്തിൽ ഇവരെ കുറിച്ചുള്ള പരാമർശം അകവർ, അകവലൻ, അകവുതർ എന്നീ പേരുകളിലാണ്.

സംഘം കൃതികളിൽ പിണങ്ങിയിരിക്കുന്ന നായികനായകന്മാരുടെ പിണക്കം തീർക്കാൻ നിയോഗിക്കപ്പെടുന്നവരായി പാണന്മാരും അവരുടെ ഭാര്യമാരായ പാടിനികളും പാട്ട് പാടിക്കൊണ്ട് പ്രത്യക്ഷപ്പെടുന്നുണ്ട്. പതിറ്റുപ്പത്ത് പത്താം പാട്ടിൽ കപിലർ പാണന്മാരെ വീണാവാദനനിപുണന്മാർ എന്ന് വിശേഷിപ്പിക്കുന്നു. പാണന്മാരെ പണ്ഡിതന്മാരായും പാടിനികളെ പാട്ടിലും നൃത്തത്തിലും നിപുണകളായും ഈ കൃതികൾ വാഴ്ത്തുന്നുണ്ട്. പാണകുലസംരക്ഷകർ എന്ന് ചില രാജാക്കന്മാരെക്കുറിച്ച് പ്രസ്താവങ്ങളുണ്ട്. സ്തുതികൾ പാടി വരുന്ന പാണന്മാർക്ക് യുദ്ധത്തിൽ നേടിയ ആഭരണങ്ങളും മറ്റു സ്വത്തുക്കളും നിർല്ലോഭം വാരിക്കോരിക്കൊടുക്കുന്ന രാജാക്കന്മാരെയും സംഘംകൃതികൾ പരാമർശിക്കുന്നു. കപിലർ ആദ്യം പാണസമുദായത്തിൽപ്പെട്ട ആളായിരുന്നെന്നും പിന്നീട് ബ്രാഹ്മണ്യം നേടിയതാണെന്നും പറയുന്നു. ചാതുർവർണ്യം അംഗീകരിക്കാതേയും അതിൽ കയറിപ്പറ്റാതേയും മാറിനിന്ന വിഭാഗം പാണർ പിൽക്കാലത്ത്‌ മുഖ്യധാരയിൽ നിന്ന് പുറത്താകുകയാണ് ഉണ്ടായതെന്നും പ്രൊ. ഇളംകുളം കുഞ്ഞൻപിള്ള സൂചിപ്പിക്കുന്നുണ്ട്[4].

എല്ലാ വർഷവും നാട്ടിലുടനീളം നടന്ന് വഴിപാടുകൾ സമാഹരിച്ച് കൊടുങ്ങല്ലൂർ ഭരണിക്ക് പോകുക എന്നത് ഇവർക്ക് നിർബ്ബന്ധമായിരുന്നു. കൂടാതെ ദേവീക്ഷേത്രങ്ങളിലെ ഉത്സവകാലത്ത് പൂതൻവേഷം കെട്ടിയും നായാടികളിച്ചും അവർ വീടുവീടാന്തരം കയറിയിറങ്ങിയിരുന്നു. കലാപാരമ്പര്യം ജന്മസിദ്ധമായിരുന്ന ഇവർ സമർത്ഥരായ കാർഷികതൊഴിലാളികളുമായിരുന്നു[5].

തുയിലുണർത്ത് പാട്ട്

തിരുത്തുക

രാത്രിയിൽ നിന്ന് പുതിയ പ്രഭാതത്തിലേക്ക്, ഐശ്വര്യസമൃദ്ധമായ ഒരു പുതുകാലത്തിലേക്ക്, ഗ്രാമജനതയെ ഉണർത്തിയെത്തിക്കുവാൻ, അവർ കേട്ടുണരുവാനായി പാണന്മാർ ശ്രാവണമാസത്തിൽ വീടുകൾ തോറും ചെന്ന് പാടിയിരുന്ന പാട്ടിനെ തുയിലുണർത്തുപട്ട് എന്നു പറഞ്ഞുപോന്നു. പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാരുടെ പിൻഗാമികളെന്നറിയപ്പെടുന്ന പാണന്മാരാണ് ഇത് പാടിയിരുന്നത്. തിരുവരങ്കൻ എന്ന വാക്കിന്ന് ഉടമസ്ഥൻ എന്നാണ് അർത്ഥം.

ശിവനെ ഉറക്കത്തിൽ നിന്നും ഉണർത്താൻ വേണ്ടി പാടിയതാണ് തുകിലുണർത്ത് പാട്ട് എന്ന് ഒരു ഐതിഹ്യമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാർക്ക് പരമശിവൻ നല്കിയ വരമാണ് തുയിലുണർത്തുപാട്ട് എന്നാണ് മറ്റൊരു ഐതിഹ്യം. തുയിലുണർത്തുപാട്ടിന്റെ അകമ്പടിയ്ക്കായി ഉപയോഗിക്കുന്ന വാദ്യോപകരണമാണ് നന്തുടി.

പാണന്മാർ ചിങ്ങമാസത്തിലെ ഓണക്കാലത്തും മേടത്തിലെ വിഷുവിന്നും വെളുപ്പിനുമുമ്പ് ഓരോ ഭവനത്തിലും ചെന്ന് തുടികൊട്ടി തുയിലുണർത്തിയിരുന്നു.

ഐതിഹ്യം

തിരുത്തുക

കൈലാസത്തിൽ ശീപോതിയും (പാർവ്വതി ദേവി) മഹാദേവനും (പരമശിവൻ) ചൂതുകളിക്കാൻ ആരംഭിച്ചു. കളിയിൽ തോൽക്കാറായപ്പോൾ ദേവൻ തന്റെ ആടയാഭരണങ്ങൾ പണയം വെച്ചു. അവസാനം തനിയ്ക്ക് ഇനി ഒന്നും പണയം വെയ്ക്കാനില്ലാതെ, ഒരു സ്ത്രീയുടെ മുന്പിൽ പരാജയപ്പെട്ടു എന്നോർത്തപ്പോൾ അദ്ദേഹം അബോധാവസ്ഥയിലായി. ഉടൻ തന്നെ ദേവി ആശാരിയേയും മണ്ണാനെയും വിളിപ്പിച്ചു. ശിവനെ ഉണർത്തുന്നത്തിനുവേണ്ടി തിരുമഞ്ചപുറത്ത്നിന്നു (തമിഴ്നാട് ) തിരുവരങ്കനെ കൊണ്ടുവരാൻ ഏൽപ്പിക്കുകയും ചെയ്തു.

അങ്ങനെ മണ്ണാനും ആശാരിയും കൂടി തിരുമഞ്ചപുറത്തേയ്ക്ക് പുറപ്പെട്ടു. പാതിവഴിക്ക് വച്ച് മണ്ണാൻ യാത്രയിൽ നിന്നും പിന്മാറി. തിരുവരങ്കന്റെ വീട്ടിലെത്തിയ ആശാരി ശിവനെ തുടികൊട്ടിപ്പാടി ഉണർത്താൻ തന്റെ കൂടെ വരണമെന്ന് തിരുവരങ്കനോട് ആവശ്യപെട്ടു. തുടിയുടെ ഒരു ഭാഗം പൊളിഞ്ഞതുകാരണം കൊട്ടാൻ പറ്റില്ല എന്നും, അതിനാൽ വരാൻ കഴിയില്ല എന്നും തിരുവരങ്കന്റെ ഭാര്യ ആശാരിയോടു പറഞ്ഞു. ഇത് കേട്ട ആശാരി പൊട്ടിയ തുടി വാങ്ങി അതിന്റെ ഒരു ഭാഗം മുണ്ടുകൊണ്ട് മറച്ച് മറ്റേ ഭാഗത്ത് കൊട്ടാന് തുടങ്ങി. ഇത് കേട്ട് മൂന്ന് ലോകത്തെ ആളുകളും ഞെട്ടിവിറച്ചു. ഇതേ സമയം പുറത്തു പോയിരുന്ന തിരുവരങ്കൻ തുടിയുടെ ശബ്ദം കേട്ട് വീട്ടിലേയ്ക്ക് ഓടി എത്തി. ഉടനെ തന്നെ ആശാരി ഒരു വരിക്കപ്ലാവിന്റെ തടി മുറിച്ചു ഒരു തുടിയുണ്ടാക്കിക്കൊടുത്ത് തിരുവരങ്കനെയും കൂട്ടി ശിവന്റെ അടുത്തേയ്ക്ക് യാത്രയായി.

തിരുവരങ്കന് തുടികൊട്ടിപ്പാടാന് തുടങ്ങിയപ്പോൾ ശിവന്റെ ഓരോ ഭാഗങ്ങളായി ചലിക്കാൻ തുടങ്ങി. അങ്ങനെ തുടിപ്പാട്ട് അവസാനിക്കുമ്പോഴേക്ക് ശിവൻ പൂർണമായും ഉറക്കത്തിൽ നിന്നും എഴുന്നേറ്റു എന്നാണ് വിശ്വാസം. പൂർണമായും ഉണർന്ന ശിവൻ തിരുവരങ്കനോട് ഇങ്ങനെ പറഞ്ഞു. "ജഡസമാനമായ ഉറക്കത്തിൽനിന്നും എന്നെ ഉണർത്തിയ തിരുവരങ്കാ, ജനങ്ങൾക്ക് അഭിവൃദ്ധിയുള്ള കാലമായ ചിങ്ങമാസത്തിൽ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ രാത്രി നീ, പത്നീസമേതനായി, ഗ്രാമഭവനങ്ങൾ തോറും തുടികൊട്ടി, തുയിലുണർത്തിപ്പാടാൻ പോകണം. രാത്രിയിൽ നിങ്ങളുടെ പാദങ്ങളെ കല്ലും മുള്ളും വേദനിപ്പിക്കില്ല. ഇഴജന്തുക്കൾ അടക്കം എല്ലാ നിശാജീവികളും നിങ്ങൾക്ക് വഴി മാറിത്തരികയും ചെയ്യും."

പാങ്കളി

തിരുത്തുക

പാണസമുദായക്കാർക്കിടയിൽ നിലനിന്നിരുന്ന ഒരു കലാരൂപമാണ് പാങ്കളി. സംഘം ചേർന്നു നടത്തിവന്നിരുന്ന, ഗ്രാമീണശൈലിയിയിലുള്ള, ഒരു പ്രകടനമായിരുന്ന ഇതിന്റെ ഇതിവൃത്തം രാമായണം കഥയായിരുന്നു. കളിക്കിടയിൽ അഭിനയത്തിന്നും നൃത്തത്തിനും പൊലിപ്പേകാൻ ഉപയോഗിച്ചിരുന്നത് ചെണ്ടയായിരുന്നു. നൃത്തത്തിന്ന് അകമ്പടിയായി പാടാൻ സിനിമാഗാനങ്ങളും ലളിതഗാനങ്ങളും കഥകളിപ്പാട്ടുകളുമുപയോഗിച്ചിരുന്നു. രാത്രിഭക്ഷണത്തിനുശേഷം തുടങ്ങുന്ന കളി പുലരുംവരെ നീളും. കഥാപാത്രങ്ങൾ തികച്ചും ഗ്രാമ്യവൽക്കരിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ഒരു കഥാപാത്രമായിരുന്നു "പകാൻ". ഒരു തമാശാവേഷമായിരുന്ന പകാൻ. ചാക്യാർകൂത്തിലേതുപോലെ, തന്റെ പ്രകടനത്തിന്നിടെ നിശിതമായ സാമൂഹ്യവിമർശനം നടത്തിപ്പോന്നു. ആളുകളെ വ്യംഗ്യമായി പരിഹസിക്കാനും സമൂഹത്തെ വിലയിരുത്താനും നാടൻ മട്ടിലുള്ള തമാശകൾ പറയാനും പകാൻ വേഷം കെട്ടുന്നവർ മിടുക്കന്മാരായിരുന്നു. ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും വേഷം കെട്ടി, വേല-പൂരക്കാലങ്ങളിൽ വീടുകൾ തോറും നടന്ന്, പാങ്കളിയുടെ ചില ഭാഗങ്ങൾ അവതരിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു[6].

ഇതും കാണുക

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

<references>

  1. കേരളത്തിന്റെ ഇന്നലെകൾ, ഡോ: കെ. എൻ. ഗണേഷ്‌. പേജ്: 151
  2. http://kwrp.gov.in/handle/123456789/149?mode=full[പ്രവർത്തിക്കാത്ത കണ്ണി]
  3. പണ്ടത്തെ മലയാളക്കര, കെ.ടി.രാമവർമ്മ, പേജ് 167
  4. ഇളംകുളം കുഞ്ഞൻപിള്ളയുടെ തിരഞ്ഞെടുത്തക്രുതികൾ, എഡിറ്റർ: ഡോ. എൻ. സാം, പേജ് 92,146,149,152,200,202, 240, 241,249,251,257,264,656,657
  5. അടക്കാപുത്തൂർ നാട്ടുപഴമ -പേജ് 50-51, എം.പി. മോഹൻദാസ് മാസ്റ്റർ
  6. അടക്കാപുത്തൂർ നാട്ടുപഴമ -പേജ് 50-51, എം.പി. മോഹൻദാസ് മാസ്റ്റർ