ഒരു തമിഴ് ഭാഷാ പണ്ഡിതനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു തിരു. വി. ക എന്ന തൂലികാനാമത്തിൽ പ്രശസ്തനായ തിരുവാരൂർ വിരുത്താചല കല്യാണസുന്ദരം (തിരുവാരൂർ വിരുതാചല കല്യാണസുന്ദരം മുതലിയാർ: ഓഗസ്റ്റ് 26, 1883 – സെപ്റ്റംബർ 17, 1953). വി.ഒ. ചിദംബരം പിള്ള, മറൈമലൈ അടികൾ, അരുമുഖ നവലർ എന്നിവരുടെ കാലത്ത് തമിഴ് സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ട സാഹിത്യകാരനാണ് തിരു. വി.ക.

തിരു. വി. കല്യാണസുന്ദരം
ജനനം
തിരുവാരൂർ വിരുതാചല കല്യാണസുന്ദരം മുതലിയാർ

(1883-08-26)ഓഗസ്റ്റ് 26, 1883
തുള്ളം, ചെങ്കൽപ്പേട്ട് ജില്ല, തമിഴ്‌നാട്
മരണംസെപ്റ്റംബർ 17, 1953(1953-09-17) (പ്രായം 70)
തൊഴിൽസാഹിത്യകാരൻ, സ്വാതന്ത്ര്യസമരസേനാനി

ആദ്യകാല ജീവിതം തിരുത്തുക

1883 ഓഗസ്റ്റ് 26-ന് തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തുള്ള ചെങ്കൽപ്പേട്ട് ജില്ലയിലെ തുള്ളം എന്ന ഗ്രാമത്തിൽ ജനിച്ചു. വെസ്ലി കോളേജ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മറൈമലൈ അടികൾ, ജാഫ്നയിലെ എൻ. കതിർവേൽ പിള്ള എന്നിവരിൽനിന്നും തമിഴും അഭ്യസിച്ചിട്ടുണ്ട്. കുറച്ചു കാലം അധ്യാപകനായി പ്രവർത്തിച്ചു. തുടർന്ന് 1917-ൽ തമിഴ് ദിനപത്രമായ ദേശഭക്തനിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി പ്രവർത്തിക്കാൻ ആരംഭിച്ചു. തിരു. വി.ക പിന്നീട് വിവിധ സ്വാതന്ത്രസമരപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. എഴുത്തുകാർക്കുവേണ്ടിയുള്ള അവകാശങ്ങൾക്കുവേണ്ടി നടന്ന സമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1918-ൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങി. [1]

സാഹിത്യ ജീവിതം തിരുത്തുക

1920-ൽ തിരു. വി.ക, നവശക്തി എന്ന പേരിൽ പുതിയതായി ഒരു തമിഴ് വാരിക ആരംഭിച്ചു. നവശക്തിയിലാണ് പിന്നീട് തിരു. വി.ക തന്റെ ഭൂരിഭാഗം സാഹിത്യകൃതികളും പ്രസിദ്ധീകരിച്ചത്. ആദ്യകാലത്ത് നവശക്തി വാരിക വലിയ പ്രചാരം നേടിയിരുന്നു. മഹാത്മാഗാന്ധിയുടെ ആശയങ്ങളെ വിശകലനം ചെയ്തുകൊണ്ട് നവശക്തിയിൽ ധാരാളം ലേഖനങ്ങൾ തിരു. വി.ക എഴുതിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനായ രാമലിംഗ സ്വാമികളുടെ ചിന്തകളെ ആസ്പദമാക്കിയും ചില സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. ചില തമിഴ് കൃതികൾക്ക് നിരൂപണവും എഴുതിയിട്ടുണ്ട്.

തന്റെ സാഹിത്യ ജീവിതത്തിനിടയിൽ മഹാത്മാഗാന്ധിയുടെ ചിന്തകളെക്കുറിച്ചുള്ള പഠനഗ്രന്ഥമായ മനിത വാഴ്ക്കൈയും ഗാന്ധിയടികളും ഉൾപ്പെടെ അൻപതിലധികം പുസ്തകങ്ങൾ തിരു. വി.ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരു.വി.ക രചിച്ച പെണ്ണിൻ പെരുമൈ അല്ലതു വാഴ്ക്കൈ തുണൈ നലം എന്ന ഗ്രന്ഥം അക്കാലത്ത് ധാരാളം വിറ്റഴിക്കപ്പെട്ടിരുന്നു. മുരുകൻ അല്ലതു അഴകു എന്ന പുസ്തകം ഹിന്ദുത്വത്തെക്കുറിച്ച് നടത്തിയ ദീർഘമായ പഠനഗ്രന്ഥമാണ്. [2]

തന്റെ രചനകളിൽ പുതിയ താളരീതിയിലുള്ള വരികൾ കൂടി തിരു. വി.ക ഉൾപ്പെടുത്തിയിരുന്നു. ഇത് പിന്നീടുള്ള തമിഴ് സാഹിത്യത്തിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. [3]

രാഷ്ട്രീയം തിരുത്തുക

സാഹിത്യകൃതികൾ എഴുതുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും തിരു. വി.ക സജീവമായി പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്ന് ആദ്യകാല നേതാക്കളിൽ ഒരാളായി തിരു. വി.ക.യെ കണക്കാക്കുന്നു. 1926-ൽ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [4] സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

മരണം തിരുത്തുക

1953 സെപ്റ്റംബർ 17-ന് തന്റെ 71-ാം വയസ്സിൽ തിരു. വി.ക അന്തരിച്ചു. [5]

അംഗീകാരം തിരുത്തുക

  • 2005 ഒക്ടോബർ 21-ന് ഭാരത സർക്കാർ തിരു. വി.ക.യോടുള്ള ആദരസൂചകമായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. [6]
  • തിരു. വി.ക ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഗ്വിന്റി
  • തിരു. വി.ക നഗർ, ചെന്നൈ – നിയമസഭാ മണ്ഡലം
  • തിരു. വി.ക പാർക്ക്, ഷേണോയ് നഗർ, ചെന്നൈ
  • തിരു. വി.ക സാലൈ, റോയ്‌പേട്ട, ചെന്നൈ
  • തിരു. വി.ക ഗവൺമെന്റ് സ്കൂൾ, ഷേണോയ് നഗർ, ചെന്നൈ.
  • തിരു. വി.ക പാലം, അഡയാർ, ചെന്നൈ
  • തിരു. വി.ക നഗർ, വിരുതാചലം.
  • തിരു. വി.ക ഗവൺമെന്റ് ആർട്സ് കോളേജ്, തിരുവാരൂർ
  • തിരു. വി.ക കോർപ്പറേഷൻ ഹയർ സെക്കന്ററി സ്കൂൾ, തത്തനേരി, മധുരൈ-625018.
  • തിരു. വി.ക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പോണ്ടിച്ചേരി - 605001.

അവലംബം തിരുത്തുക

  1. Sesaiya, M. (1989). Tamiḻt teṉṟal Tiru. Vi. Ka. viṉ neñcam. Chennai: Kiristava Ilakkiyac Cankam.
  2. Rajenthiran, P.L. (1982). Tiru Vi. Ka. Cintaṉaikaḷ. Chennai: Celva Nilaiyam.
  3. Raghavan, T.S. (1965). Makers of modern Tamil. Tirunelveli: South India Saiva Siddhanta Works Publication Society.
  4. Cankaran, A.R. (1970). Teṉṉāṭṭupperiyār mūvar. Chennai: Vairam.
  5. "dated September 19, 1953: Death of Thiru Vi. Ka". The Hindu,thinamalar. 19 September 2003 [19 September 1953]. Archived from the original on 2009-11-30. Retrieved 9 February 2006.
  6. "ആർക്കൈവ് പകർപ്പ്". Archived from Stamp Release the original on 2006-05-23. Retrieved 2018-08-17. {{cite web}}: Check |url= value (help)
"https://ml.wikipedia.org/w/index.php?title=തിരു._വി._കല്യാണസുന്ദരം&oldid=3660373" എന്ന താളിൽനിന്ന് ശേഖരിച്ചത്