തിരുനെല്ലിപ്പെരുമാൾക്കു നല്കിയ വിവിധ ഇനം ദേവദാനങ്ങൾ വിവരിക്കുന്ന രണ്ട് ചെപ്പേടുകളാണ് തിരുനെല്ലി ശാസനങ്ങൾ എന്നറിയപ്പെടുന്നത്[1]. ഒന്ന് പെരുമാൾ ഭാസ്കര രവിവർമന്റെ നാല്പത്തിമൂന്നാം ഭരണവർഷത്തിലും മറ്റേത് നാൽപ്പത്തേഴാം ഭരണവർഷത്തിലുമുള്ളതാണ്. ഭാസ്കര രവിയുടെ ഭരണം 987-ൽ ആണ് ആരംഭിച്ചത്.

ഒന്നാമത്തെ ശാസനം

തിരുത്തുക

ശാസനങ്ങളിൽ ആദ്യത്തേത് പുറകിഴാനാട്ട് മൂത്തകൂറ് വാണ കുഞ്ഞിക്കുട്ടവർമൻ എന്ന വീരക്കുറുമ്പുറൈയാർ ആണു നല്കിയത്. എഴുനൂറ്റവർ എന്ന മാടമ്പിമാരും പടനായരും പൌര പ്രമുഖരും നാട്ടിലെ കർഷക (വെള്ളാള) പ്രമാണികളും മറ്റും സാക്ഷിയായാണ് ദേവദാനം നിർവഹിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ പേരുകളും പറയുന്നുണ്ട്. പുറകിഴാനാട്ടു കുറുമ്പുറയൂർ താവഴിക്കാരനായിരുന്നു കുഞ്ഞിക്കുട്ടവർമൻ.

രണ്ടാമത്തെ ശാസനം

തിരുത്തുക

പുറകിഴാനാട്ടു മൂത്തവരായ ശങ്കരൻ കോതവർമൻ അടികൾ ആണ് രണ്ടാമത്തെ പട്ടയം നല്കിയത്. രാജപ്രതിനിധി (നിഴൽ)യും പണി(പടനായർ)യും യോഗാംഗങ്ങളും പൌരപ്രമുഖരും (ഊരാളർ) അഞ്ഞൂറ്റുവരും അയ്യായിരത്തവരും സാക്ഷികൾ. മൂഴിക്കളം കച്ചമനുസരിച്ച് കുറ്റക്കാരെ ശിക്ഷിക്കും. ദേവദാനങ്ങളിൽ മുടക്കം വരുത്തുന്നവർക്കു നല്കേണ്ട ശിക്ഷാവിധികളും രണ്ട് പട്ടയങ്ങളിലുമുണ്ട്. ഇപ്പോഴത്തെ കോട്ടയം, കുറുമ്പ്രനാട്, തിരുനെല്ലി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു പഴയ പുറകിഴാനാട്. പുറകിഴാനാടിന്റെ താവഴി ആയിരുന്നു കുറുംപുറയൂർ നാട് (കുറുമ്പ്രനാട്) ഭരിച്ചിരുന്നത്. രണ്ട് താവഴികളിലും വച്ച് മൂത്തയാളെ പുറകിഴാർ എന്നു വിളിക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ശാസനങ്ങൾ തിരുനെല്ലി ശാസനങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുനെല്ലി_ശാസനങ്ങൾ&oldid=2664888" എന്ന താളിൽനിന്ന് ശേഖരിച്ചത്