തളിയിൽ താനം
കോഴിക്കോട്ടെ മാനവിക്രമസാമൂതിരിയുടെ കാലത്ത് ഏറ്റവും മോടിയോടും, പ്രൗഢിയോടുംകൂടി നടന്നിരുന്ന ഒരു പണ്ഡിതാഭിനന്ദന സമ്പ്രദായമാണു തളിയിൽ താനം എന്നു പേർവിളിച്ചിരുന്ന ഈ പരിപാടി മലബാറിലെ ഒരു പണ്ഡിത ഭാഷാസദസ്സായിരുന്നു. എല്ലാ കൊല്ലവും കോഴിക്കോട് തളി ശിവക്ഷേത്രത്തിൽ വച്ച് തുലാമാസം രേവതിനാളിൽ ആരംഭിച്ച് തിരുവാതിര വരെ ഏഴുദിവസം നടത്തി അവസാനിപ്പിക്കുന്ന പട്ടത്താനമാണു തളിയിൽതാനം. വിദ്വാന്മാരായ ബ്രാഹ്മണരുടെ ഒരു സദസ്സു കൂടി ഒടുവിലത്തെ ദിവസം അവർക്ക് ക്ലിപ്തസംഖ്യ സംഭാവന നൽകുകയാണു ഇതിന്റെ ചടങ്ങ്. ഭട്ടസ്ഥാനം എന്ന സംസ്കൃതപദമാണു ഭാഷയിൽ പട്ടത്താനമായി രൂപാന്തരപ്പെട്ടത്.[അവലംബം ആവശ്യമാണ്] മീമാംസാപണ്ഡിതനായിരുന്ന കുമാരിലഭട്ട ന്റെ സ്മാരകമായി മറ്റു വിദ്വാന്മാർക്കു ഭട്ട എന്ന ബിരുദം കൊടുത്തുവന്നിരുന്ന ഏർപ്പാടിനെ ഇത് അനുസ്മരിക്കുന്നു.
പരിപാടികൾ
തിരുത്തുകമീമാംസ, വേദാന്തം, വ്യാകരണം എന്നിവയെ അധികരിച്ചാണു പണ്ഡിതന്മാരുടെ വാദം. വാദപരീക്ഷയിൽ ചേരുന്നവർക്കു യോഗ്യതയനുസരിച്ച് പണക്കിഴി സംഭാവന നൽകുന്നു. മീമാംസയ്ക്ക് 24, വ്യാകരണത്തിനു 9, വേദാന്തത്തിന്ന് 13 എന്നീ കണക്കിലാണു കിഴികൾ നൽകപ്പെടുക. ഇതു കൂടാതെ 4 കിഴി സ്ഥിരമായി എല്ലാ കാലത്തും പതിവുണ്ട്. ആലത്തൂരു നമ്പി, തളിയിൽ ഭട്ടതിരി, മുല്ലപ്പള്ളി ഭട്ടതിരി, സാമൂതിരിയുടെ പ്രതിനിധിയായി വരുന്ന കോയ്മ എന്നിവർക്ക് ഇതിൽ ഓരോ കിഴി കൊടുക്കുന്നു. ഒരു കിഴിയിൽ 51 പണമുണ്ടാകും (ഇന്നത്തെ കണക്കിനു ഏകദേശം150 രൂപ). തളിയിൽ ക്ഷേത്രത്തിലെ വടക്കെ വാതിലു മാടത്തിൽ വച്ചാണു താനം നടത്തിവന്നിരുന്നത്. അക്കാലത്ത് മീമാംസയും വേദാന്തവും അമ്പലത്തിനുള്ളില് വച്ച് വേണമെന്നും അതിൽ ബ്രാഹ്മണർ മാത്രമെ സംബന്ധിക്കാവൂ എന്നും നിർബന്ധമുണ്ടായിരുന്നു. മറ്റുള്ളവർക്കും പങ്കെടുക്കണമെന്നുള്ളതു കൊണ്ടായിരിക്കാം തർക്കവ്യാകരണ സദസ്സുകൾ ക്ഷേത്രത്തിനു പുറമെ വച്ചു നടത്താനും അനുവാദമുണ്ടായിരുന്നത്.
പങ്കെടുത്തിരുന്നവർ
തിരുത്തുകസാധാരണ താനത്തിൽ അദ്ധ്യക്ഷത വഹിക്കാറുള്ള പയ്യൂർപട്ടേരിമാരുടെ കാലത്ത് കേരളബ്രാഹ്മണരെ മാത്രമേ താനത്തിൽ പങ്കെടുപ്പിച്ചിരുന്നുള്ളൂ. ആദ്യമായി പങ്കെടുത്ത പരദേശബ്രാഹ്മണൻ ഉദ്ദണ്ഡശാസ്ത്രിയായിരുന്നു. വേറെ കേരളീയരല്ലാത്തവരുടെ ആരുടേയും പേരുകൾ താനം സംബന്ധിച്ചു കേട്ടിട്ടില്ല. ഇപ്പോൾ മലബാറിലെ ഈ പരിപാടി നാമാവശേഷമായിരിക്കുന്നു. അവസാനമായി ഇത് നടന്നത് 1934-ൽ (കൊല്ലവർഷം 1109) ആയിരുന്നു.
അവലംബം
തിരുത്തുക- വിശ്വവിജ്ഞാനകോശം-ആറാം വാള്യം.