തിയോമാർഗാരിറ്റ മാഗ്നിഫിക്ക

(തയോമാർഗാരിറ്റ മാഗ്നിഫിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൾഫർ-ഓക്സിഡൈസിംഗ് ഗാമാപ്രോട്ടോബാക്ടീരിയ വിഭാഗത്തിലുൾപ്പെടുന്ന ഒരു ബാക്ടീരിയയാണ് തിയോമാർഗരിറ്റ മാഗ്നിഫിക്ക. ഇവയെ കരീബിയൻ കടലിലെ ലെസ്സർ ആന്റിലീസിലെ ഗ്വാഡലൂപ്പ് ദ്വീപസമൂഹത്തിലുള്ള ചുവന്ന കണ്ടൽക്കാടുകളിൽ (റൈസോഫോറ മാംഗിൾ എന്ന സസ്യം)[1] നിന്ന് വേർപെട്ട ഇലകളിൽ വളരുന്നതായി കണ്ടെത്തി. വെള്ളത്തിനടിയിൽ തന്തുരൂപത്തിലുള്ള ഈ ബാക്ടീരിയയാണ് ഇപ്പോൾ അറിയപ്പെടുന്ന ഏറ്റവും വലിയ ബാക്ടീരിയം.[2] ഇവയുടെ ശരാശരി നീളം 10 മില്ലീമീറ്ററാണ്. എന്നാൽ ചില ഇനങ്ങൾ 20 മില്ലീമീറ്ററോളം വരും. 2022 ഫെബ്രുവരിയിലാണ് ഈ ബാക്ടീരിയയെ കുറിച്ച് വിവരിച്ചിരിക്കുന്നത്. 2010-കളുടെ തുടക്കത്തിൽ പോയിന്റ്-എ-പിട്രെയിലെ ഫ്രഞ്ച് ആന്റിലീസ് സർവകലാശാലയിലെ ഒലിവിയർ ഗ്രോസ് ആണ് ബാക്ടീരിയയെ ആദ്യം കണ്ടെത്തിയത്. ഗ്രോസും മറ്റ് ഗവേഷകരും ഇത് ഒരു ബാക്ടീരിയയാണെന്ന് കണ്ടെത്താൻ പിന്നെയും അഞ്ച് വർഷമെടുത്തു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ബിരുദ വിദ്യാർത്ഥിയായ ജീൻ മേരി വോളണ്ട് ഈ ബാക്ടീരിയത്തിന്റെ അസാധാരണമായ ഗുണങ്ങൾ പിന്നീട് കണ്ടെത്തി.

നാമകരണം തിരുത്തുക

തിയോമാർഗരിറ്റ എന്ന പദത്തിന്റെ അർത്ഥം "സൾഫർ മുത്ത്" എന്നാണ്. ഈ പദം കോശരൂപത്തെ സൂചിപ്പിക്കുന്നു. കോശത്തിനുള്ളിൽ സൂക്ഷ്മമായ സൾഫർ തരികൾ അടങ്ങിയിരിക്കുന്നുണ്ട്. ഇത് പ്രകാശത്തെ ചിതറിക്കുകയും കോശത്തിന് തൂവെള്ളത്തിളക്കം നൽകുകയും ചെയ്യുന്നു. ഗവേഷകയായ സിൽവിന ഗോൺസാലസ് റിസോയാണ് മാഗ്‌നിഫിക്ക എന്ന പേര് തിരഞ്ഞെടുത്തത്. തയോമാർഗാരിറ്റ മാഗ്‌നിഫിക്കയെ ബാക്‌ടീരിയയാണെന്ന് അവർ തന്നെ തിരിച്ചറിയുകയും ചെയ്തു. കാൻഡിഡാറ്റസ് എന്നും ഇതിന് പേരുനൽകിയിരിക്കുന്നു. ((Ca.) Thiomargarita magnifica.)[1]

എൻകാപ്‌സുലേറ്റഡ് ഡിഎൻഎ തിരുത്തുക

പ്രോകാരിയോട്ടുകൾ, കോശമർമ്മമില്ലാത്ത പുരാതന ഏകകോശ ജീവികൾ (അവയുടെ ഡിഎൻഎ സ്വതന്ത്രമായി ഒഴുകുന്നവ), ഡിഎൻഎയ്ക്ക് ചുറ്റും മർമ്മസ്തരത്താൽ ചുറ്റപ്പെട്ട യൂക്കാരിയോട്ടുകൾ എന്നിവ തമ്മിലുള്ള അതിരുകൾ ഈ ബാക്ടീരിയത്തിന്റെ കണ്ടെത്തലോടെ മാറ്റം വരുന്നു. തയോമാർഗാരിറ്റ മാഗ്നിഫിക്ക ഒരു പ്രോകാരിയോട്ടാണ് എങ്കിലും അതിന്റെ കോശത്തിൽ ഡിഎൻഎയെ ഉൾക്കൊള്ളുന്ന സ്തരവുമുൾപ്പെടുന്നു.

ഘടന തിരുത്തുക

പോഷക- മാലിന്യ തന്മാത്രകൾ ബാക്ടീരിയാ കോശങ്ങളിൽ അന്തർവ്യാപനത്തിലൂടെ (ഡിഫ്യൂഷനിലൂടെ) വ്യാപിക്കുന്നതിലൂടെ മാത്രമേ ബാക്ടീരിയയിൽ ഉപാപചയം നടക്കൂ. ഇത് ഈ ജീവികളുടെ വലുപ്പത്തിന് പരിധി കൽപ്പിക്കുന്നു. 1999-ൽ കണ്ടെത്തിയ വലിയ സൾഫർ ബാക്ടീരിയം തയോമാർഗാരിറ്റ നമീബിയൻസിസ് വെള്ളവും നൈട്രേറ്റുകളും ഒരു വലിയ സഞ്ചിയിൽ (വാക്യൂൾ) ഉൾപ്പെടുത്തിയാണ് ഈ പ്രശ്നം മറികടക്കുന്നത്. ഈ സഞ്ചി കോശത്തിൻറെ ഉള്ളടക്കങ്ങളെ കോശഭിത്തിയിലേയ്ക്ക് തള്ളുന്നു. അങ്ങനെ തൻമാത്രകളുടെ വ്യാപനം നടക്കും. ജീവൽ പ്രക്രിയകൾ കോശത്തിന്റെ അരികിൽ മാത്രമേ സംഭവിക്കുകയുള്ളൂ. തയോമാർഗാരിറ്റ മാഗ്നിഫിക്കയുടെ കോശത്തിലും സമാനമായ ഒരു വാക്യൂൾ ഉൾപ്പെടുന്നു. ഇത് കോശത്തിന്റെ ഭൂരിഭാഗവും (65-80% വ്യാപ്തം) ഉൾക്കൊള്ളുന്നു. കൂടാതെ ഇതുമൂലം കോശത്തിന്റെ ചുറ്റളവിലേക്ക് കോശദ്രവ്യം തള്ളപ്പെടുകയും ചെയ്യുന്നു (കോശദ്രവ്യത്തിന്റെ കനം 1.8 മുതൽ 4.8 മൈക്രോൺ വരെയാണ്).

പെപിനുകൾ തിരുത്തുക

കോശത്തിൽ മറ്റൊരു അറയിൽ അതിന്റെ ഡിഎൻഎ അടങ്ങിയിരിക്കുന്നു. ഗവേഷകർ ഈ അറകൾക്ക് "പെപിൻസ്" എന്ന് പേരിട്ടു. ഈ ഘടന മറ്റ് മിക്ക ബാക്ടീരിയകളിലും കാണപ്പെടുന്ന സ്വതന്ത്ര, ചലനാത്മക ഡിഎൻഎയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഓരോ ബാക്ടീരിയയുടെയും ഒരറ്റം, കണ്ടൽക്കാടുകളിൽ സൾഫർ അടങ്ങിയ അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന മുങ്ങിയിരിക്കുന്ന ഇലകൾ പോലെയുള്ള ഖര പ്രതലങ്ങളിലേക്ക് ചേർന്നിരിക്കുന്നു. അവശേഷിക്കുന്ന ഭാഗം വെള്ളത്തിലേക്ക് നീണ്ടുകിടക്കുന്നു. ഇത് എങ്ങനെ കൃത്യമായി ബന്ധിപ്പിക്കപ്പെടുന്നു എന്നത് വ്യക്തമല്ല.[3]

സജീവ തിയോമാർഗാരിറ്റ മാഗ്നിഫിക്ക അഗ്രമുകുളങ്ങളെ വേർപെടുത്തുന്നതിലൂടെ അവയുടെ വികാസചക്രത്തിൽ ചിതറിക്കിടക്കുന്ന ഒരു ഘട്ടത്തെ പ്രതിനിധീകരിക്കാനിടയുണ്ട് എന്ന് ലബോറട്ടറി നിരീക്ഷണങ്ങളിൽ നിന്ന് മനസിലാക്കാനായിട്ടുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 Science. Science.org. 24 June 2022. p. 95.
  2. "Record bacterium discovered as long as human eyelash". Record bacterium discovered as long as human eyelash. BBC News.
  3. "Largest known bacteria in the world are visible to the naked eye". NewScientist. 23 June 2022.