പ്രാചീന നാടകവേദികളിൽ ഒന്ന്. തമിഴ് നാടകവേദിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. കോപ്പെരും ചോഴന്റെ ചരിത്രം പ്രതിപാദിക്കുന്നത് നാടകീയ സംഭാഷണങ്ങളിലൂടെയാണ്. ഏകദേശം മതപരമെന്നു പറയാവുന്ന അന്യാപദേശനാടകമാണ് വള്ളിക്കൂത്ത്. പഴയ രീതിയിലുള്ള ആരണ്യക നാടകമാണിത്. വള്ളിക്കൂത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ നാടകമാണ്. ആദ്യകാലങ്ങളിലെ 'കുറവൈ', 'വരി', 'പരിപാടൽ' എന്നീ രൂപങ്ങളിലെ ലഘുവായ ശൃംഗാരത്തേക്കാൾ വള്ളിക്കൂത്തിലെ ശൃംഗാരം ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരമായി. തൊല്കാപ്പിയത്തിലെ പൊരുളധികാരം, ഇറയെനാർ അകപ്പൊരുൾ എന്നിവയിലെ ഗൂഢപ്രണയത്തിന്റെ ലക്ഷണങ്ങൾ മാതൃകയാക്കിയാണ് വള്ളിക്കൂത്തിലെ കഥ രൂപപ്പെടുത്തിയിട്ടുള്ളത്. കുറവൈ കുറവക്കൂത്താണ്. അതൊരു പ്രാചീന നാടകമാണ്. സ്ത്രീകളും പുരുഷൻമാരുമായി എട്ടുപേർ കൈകോർത്ത് വട്ടമിട്ടു നിന്ന് നൃത്തം ചെയ്യുന്നു. വരി വരിക്കൂത്താണ്. ഇതിൽ നൃത്തവും ഗാനവുമുണ്ട്. നാല്, അഞ്ച് ശ.-ങ്ങളുടെ അവസാനത്തിൽ സമാഹരിച്ച ഏതാനും ഗാനപാഠങ്ങളാണ് പരിപാടൽ. ചാണക്യശപഥം നാടകത്തിലെ ഒരു രംഗം

രാജരാജൻ I എന്ന ചോളചക്രവർത്തിയുടെ വിജയവും വൈശിഷ്ട്യവും പ്രകീർത്തിക്കുന്ന ഒരു നാടകമുണ്ടായി - ശ്രീരാജരാജവിജയം. ഇതിനെ നാടകീയകാവ്യം എന്നു പറയുന്നതായിരിക്കും ശരി. രാജരാജേശ്വര നാടകം എന്നൊരു കൃതിയെപ്പറ്റി ഒരു ശാസന പരാമർശമുണ്ട്. നേരത്തെ പറഞ്ഞ ശ്രീരാജരാജവിജയം കഥയുടെ നാടകരൂപമാണിത്. പക്കമേളത്തോടെ നടികളും നടൻമാരും ഒത്തുചേർന്ന് ബൃഹദീശ്വരക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഇത് അവതരിപ്പിച്ചിരുന്നു. 'ആഖ്യാനാത്മക കാവ്യങ്ങളെ നാടകരൂപത്തിലാക്കുകയും പൊതുജനങ്ങളുടെ വിനോദത്തിനുവേണ്ടി അവയെ ക്ഷേത്ര പരിസരത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പുതിയൊരു പതിവ് ചോളരാജാക്കൻമാർ ആരംഭിച്ചിരിക്കണം' എന്ന് നാടക ചരിത്രകാരനായ വി. രാമസുബ്രഹ്മണ്യം പറയുന്നു (ഭാരതീയ സാഹിത്യ ചരിത്രം 1, പു. 542). നാടകക്കാപ്പിയം (മീനാക്ഷിസുന്ദരം) എന്ന ഗ്രന്ഥം ഈ നിഗമനത്തെ ഏറെക്കുറെ സാധൂകരിക്കാൻ പോന്ന തെളിവുകൾ നല്കുന്നുണ്ട്. കമ്പരാമായണവും അതിലെ ഒരു ഉപാഖ്യാനമായ അംഗദൻ ദൂതും മറ്റൊരു തമിഴ് നാടക കൃതിയായ അഗദൻദൂതും മീനാക്ഷിസുന്ദരം താരതമ്യപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള കുറേ നുറ്റാണ്ടുകളിലെ നാടകങ്ങളെക്കുറിച്ച് വ്യക്തമായി അറിവില്ല.

തമിഴകത്തെ വിജയനഗരകാലത്തിനുശേഷം 'ഓപ്പറാ' രീതിയിലുള്ള ഒട്ടേറെ നാടകങ്ങളുണ്ടായി. 12-ാം ശ.-ത്തിലെ പെരിയപുരാണം, 18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ തിരുവിളയാടൽ പുരാണം മുതലായവ നാടകം ചമയ്ക്കാനുള്ള ഇതിവൃത്തങ്ങൾ നിറഞ്ഞതായിരുന്നു. ഇത്തരം പുരാണങ്ങളെ ആസ്പദമാക്കി ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കാൻ കോവിലുകളും കൊട്ടാരങ്ങളും സാഹിത്യകാരൻമാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കുറവഞ്ചി സംഗീതികാരൂപമുള്ള ഒരു നാടകമാണ്. ദേവദാസികളായ കലാകാരികളാണ് ഇത് അവതരിപ്പിച്ചത്: ക്ഷേത്രത്തിലെ ദേവവിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടു വരികയാണ്. നായികയും അവളുടെ തോഴിയും വിഗ്രഹം കാണുന്നു. ദേവനിൽ അനുരക്തയായ നായിക ദേവന് പ്രണയസന്ദേശം എത്തിക്കാൻ തോഴിയോടു പറയുന്നു. കുറവഞ്ചി (ലക്ഷണം പറയുന്ന കുറത്തി) വന്ന്, നായികയുടെ അഭീഷ്ടം സ്വയം നിറവേറുമെന്നു പറയുന്നു. താമസിയാതെ ദേവന്റേയും നായികയുടേയും സംഗമം നടക്കുന്നു. ഇതാണ് കുറവഞ്ചിയിലെ ഇതിവൃത്തം. 18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ തിരുക്കുറ്റാലക്കുറവഞ്ചി (തിരികൂടരാജപ്പക്കവിരായർ) അക്കാലത്തുണ്ടായ ഗീത-നൃത്ത നാടകരൂപങ്ങളിൽ സാഹിത്യഗുണത്തിൽ മുന്നിട്ടുനില്ക്കുന്നു. വടിവേലു വാദ്യാർ നാടകത്തിലെ ഒരു രംഗം

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽത്തന്നെ തമിഴ് നാടക രൂപങ്ങളിൽ സാധാരണ മനുഷ്യജീവിതം ഇതിവൃത്തമായി. പള്ളർ എന്ന അധഃസ്ഥിതരായ കാർഷികത്തൊഴിലാളികളുടെ ജീവിതം ആവിഷ്കരിക്കുന്ന നാടകീയ കാവ്യമാണ് മുക്കുടൽപള്ളുനാടകം. പള്ളുനാടകങ്ങൾ വേറെയും ഉണ്ടായി. പക്ഷേ, അവയെല്ലാം അതതുപ്രദേശത്തെ ദേവതയെ പ്രകീർത്തിച്ചുകൊണ്ടുള്ളവയാണ്. പ്രധാന കഥാംശം ക്ഷേത്രം വക വയലിൽ പണിയെടുക്കുന്ന ഒരു പള്ളന്റെ ജീവിതത്തെ ആസ്പദമാക്കിയാവും. 'നൊണ്ടിനാടകം' ഏകാഭിനയരൂപമാണ്. ദുഷ്ടൻ പശ്ചാത്താപത്തിലൂടെ നല്ലവനായിത്തീരുന്നതാണ് ഇതിലെ പ്രമേയം. ഇത്തരം നാടകങ്ങളിൽ പ്രത്യേകമായ രാഗതാളങ്ങൾക്കു പ്രാധാന്യം കൊടുത്തിട്ടുണ്ട്. 18-ാം ശ.-ത്തിന്റെ മധ്യം വരെ ഈ രീതിയാണു തുടർന്നത്. പിന്നീടുണ്ടായ ശ്രദ്ധേയമായ നാടകകൃതിയാണ് കമ്പരാമായണത്തെ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട രാമനാടകകീർത്തനം (അരുണാചലകവിരായർ). നാടൻശീലുകൾ നിറഞ്ഞതാണീ സംഗീതനാടകം. തമിഴ് നാടകചരിത്രത്തിൽ പരിവർത്തനം കുറിച്ച നാടകമാണിത്. മഹാഭാരതം, സ്കന്ദപുരാണം, ഭാഗവത പുരാണം, പെരിയപുരാണം എന്നിവയെ ആസ്പദമാക്കി ഏറെ 'നാടക കീർത്തനങ്ങൾ' ഗതാനുഗതികമായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്തുവന്നു. ഇക്കൂട്ടത്തിൽ ആകർഷകവും ശ്രദ്ധേയവുമായത് നന്തനാർ ചരിത്രകീർത്തനം (ഗോപാലകൃഷ്ണഭാരതി) ആണ്. 'പള്ളു' നാടകരൂപത്തിന്റെ വളർച്ചയാണ് ഇത്തരം നാടകരൂപങ്ങളിൽ കാണുന്നത്. വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്ന അവസരത്തിൽ മദിരാശിയിൽ പാഴ്സി നാടകസംഘം അവതരിപ്പിച്ച ഒരു നാടകം, തമിഴകനാടക വേദിയിൽ ഉണ്ടാകേണ്ട മാറ്റത്തെക്കുറിച്ചാലോചിക്കാൻ പ്രേരകമായി. 'തെരുക്കൂത്ത്' പോലുള്ള തനതുരംഗാവിഷ്കാരങ്ങളും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി കൈവന്ന പുത്തൻ നാടകദർശനവും തമ്മിൽ ഒരു സംഘർഷം രൂപപ്പെട്ടുവരികയായിരുന്നു. ഇവ രണ്ടിനുമിടയിൽ ഒരു മധ്യമാർഗ്ഗം സ്വീകരിക്കുന്ന നാടകവേദിയാണ് വേണ്ടതെന്ന അഭിപ്രായത്തിന് തമിഴ് നാടകലോകത്തു മുൻതൂക്കമുണ്ടായി. ഗോവിസാമിറാവു എന്നൊരാൾ ഈ ആശയത്തിന്റെ ആവിഷ്കരണത്തിനായി തഞ്ചാവൂരിൽ ഒരു നാടകസംഘം സ്ഥാപിച്ചു. ഈ സമാരംഭത്തിന് അനേകം പിൻതുണക്കാരും അനുയായികളുമുണ്ടായി.

ഇവിടെ അവതരണത്തെ സംബന്ധിച്ച ഒരു കാര്യമുണ്ട്: പണ്ടുകാലത്തെ നാടകങ്ങൾക്ക് 'ആകാശം' (Space) ആയിരുന്നു അരങ്ങ്. നാടകസംഘങ്ങളുടെ നാടകങ്ങൾ അരങ്ങിനെ അകത്തളത്തിലേക്കു മാറ്റി. നടീനടൻമാർ അതതു സന്ദർഭങ്ങളിൽ സ്വതന്ത്രമായാണ് പുറംവാതിൽ നാടകങ്ങളിൽ സംഭാഷണം ചെയ്തിരുന്നത്. നാടകശാലയിൽ രംഗാവതരണങ്ങളായതോടെ, നാടകത്തിന് എഴുതിയുണ്ടാക്കിയ രംഗപാഠം ആവശ്യമായി. ഈ മാറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ പി.സാംബശിവ മുതലിയാർ (1873-1964) വളരെ പ്രധാനമായ പല നാടക സ്ക്രിപ്റ്റുകളും തയ്യാറാക്കി.

ശങ്കരദാസ് സ്വാമികൾ ബാലനാടക സഭകൾ രൂപവത്ക്കരിക്കാനും വളർത്താനും പരിശ്രമിച്ചു. നവാബ് രാജമാണിക്കം, കണ്ണയ്യ എന്നിവരുടെ നാടകസംഘങ്ങളും അക്കാലത്തുണ്ടായി. നാടകസംഘങ്ങളെ ഏകോപിപ്പിച്ചുണ്ടാക്കിയ 'നാടകകഴകം', 'മദ്രാസ് നാട്യസംഘം' എന്നിവ ശ്രദ്ധാർഹമായി. ഷൺമുഖം സഹോദരന്മാർ, എൻ.എസ്.കൃഷ്ണൻ, ടി.എ. മധുരം ദമ്പതികൾ, ടി.എസ്. ബാലയ്യ, എസ്.വി. സഹസ്രനാമം മുതലായവർ അക്കാലത്തുതന്നെ അഭിനേതാക്കളെന്ന നിലയിൽ ജനപ്രീതി നേടിക്കഴിഞ്ഞിരുന്നു. ചലച്ചിത്രത്തിന്റെ രംഗപ്രവേശം, അതികായൻമാരായ അഭിനേതാക്കളുടെ നിഷ്ക്രമണം ഇങ്ങനെ പല കാരണങ്ങളാൽ തമിഴ്നാടകവേദിയുടെ പ്രസരിപ്പ് പതുക്കെപ്പതുക്കെ കുറഞ്ഞുതുടങ്ങി. ആനന്ദവികടൻ വാരികയുടെ നാടകമത്സരത്തിലൂടെ അനേകം നാടകരചയിതാക്കൾ അറിയപ്പെട്ടുതുടങ്ങി. 'അമച്വർ തിയെറ്റർ ഫെഡറേഷൻ' (1962) നടത്തിയ നാടക മത്സരത്തിൽ വി.കൃഷ്ണസ്വാമിയുടെ പനിത്തിര ഒന്നാം സമ്മാനം നേടി. ഒരു ഹിന്ദുയുവതിയും ധീരസാഹസികനും സാമൂഹികപ്രവർത്തകനുമായ ഒരു വിദ്യാർഥിയും തമ്മിൽ പ്രണയത്തിലാകുന്നതാണ് ഇതിലെ പ്രമേയം.

രംഗാവിഷ്കാരത്തിനുപയുക്തമായവ, സാഹിത്യരചനകളായി വായിക്കാനുള്ളവ, കാവ്യനാടകങ്ങൾ, ഏകാങ്കങ്ങൾ എന്നീ ഗണങ്ങളിൽപ്പെടുത്താവുന്ന ഒട്ടേറെ നാടകങ്ങൾ 19-ാം ശ.-ത്തിന്റെ അവസാന ദശകങ്ങൾ മുതൽ തമിഴകത്ത് ആവിഷ്കരിക്കുകയും അരങ്ങത്തവതരിപ്പിക്കുകയും ചെയ്തുവെന്ന് തമിഴ് നാടക സാഹിത്യചരിത്രം വ്യക്തമാക്കുന്നു. പുരാണ സംബന്ധിയായവ, സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയവ എന്നിങ്ങനെ രണ്ടുവിഭാഗം നാടകങ്ങളാണ് അഭിനയത്തിനായി സ്വീകാര്യമായിരുന്നത്. മിക്ക നാടകങ്ങളിലും സംഗീതാത്മകമായ ഗാനങ്ങൾ ഉണ്ടായിരുന്നു. പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു. മഹാഭാരതത്തിലെ ഉപകഥകളും കഥാസാഹചര്യങ്ങളും ഉപയോഗിച്ച് ദീർഘമായി രചിക്കപ്പെട്ട ഈ നാടകങ്ങളിൽ ഏറിയ പങ്കും എഴുതിയത് രാമചന്ദ്രകവിരായരാണ്. ബാംഗ്ളൂർ അപ്പറാവു പിള്ള എഴുതിയ സത്യഭാഷാഹരിചന്ദ്രവിലാസം പരമ്പര ഇരുപത് ഭാഗങ്ങളായിട്ടാണ് അവതരിപ്പിച്ചത്. നാടോടിത്തമിഴിലുള്ള ഈ പരമ്പര ഗായകരായ അഭിനേതാക്കളുടെ മനോധർമങ്ങൾക്ക് വേണ്ടത്ര അവസരം കൊടുത്തു. ജനപ്രീതികരമായ ഒരു നൃത്ത സംഗീത രൂപകമാണിത്. ഇത്തരം നാടകങ്ങൾക്ക് 'വിലാസനാടകങ്ങൾ'എന്ന് പരക്കെ ഒരു പേരും കിട്ടി. തഹസീൽദാർ നാടകം, ഡംബാചാരിവിലാസം എന്നീ നാടകങ്ങൾ കാശിവിശ്വനാഥ മുതലിയാരുടേതാണ്. ഇവ സാമൂഹിക നാടക 'വിലാസ'ങ്ങളാണ്. ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റൊരു നാടകമാണ് ഒരു വീരകഥ നിബന്ധിച്ചിട്ടുള്ള ദേശിംഗരാജൻ. വായിക്കാൻ മാത്രം ഉദ്ദേശിക്കപ്പെട്ട ഏതാനും നാടകങ്ങളും ഉണ്ടായി. പൃഥ്വീരാജൻ, കീചകൻ (സി.ആർ. നമശ്ശിവായ മുതലിയാർ), ഹരിശ്ചന്ദ്രൻ (ഭാവാനന്ദം പിള്ള) മുതലായവ ഉദാഹരണങ്ങൾ.

1891-ൽ പുറത്തിറങ്ങിയ മനോൻമണീയം പദ്യരൂപത്തിലുള്ള നാടകമാണ്. തമിഴ് വംശജനും ആലപ്പുഴക്കാരനുമായ സുന്ദരം പിള്ള എന്ന തത്ത്വശാസ്ത്ര പ്രൊഫസർക്ക് പാശ്ചാത്യസാഹിത്യത്തിൽ നല്ല അവഗാഹമുണ്ടായിരുന്നു. തമിഴ് സംസ്കൃതിയുടെ വക്താവായ സുന്ദരം പിള്ള, തമിഴ് ജനതയ്ക്ക് പാശ്ചാത്യ സാഹിത്യമാതൃകകളിലൂടെ പുരോഗതിയുണ്ടാക്കാൻ ആഗ്രഹിച്ചതിന്റെ ഫലമാണ് മനോൻമണീയം. ഷെയ്ക്സ്പിയറുടെ ആശയങ്ങളും സങ്കേതങ്ങളും ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ നാടകങ്ങളെ മാതൃകയാക്കിയാണ് മനോൻമണീയം രചിച്ചിട്ടുള്ളത്. മധ്യകാലത്തിനു മുൻപുള്ള തമിഴ്നാടിന്റെ പശ്ചാത്തലത്തിലാണ് നാടകത്തിന്റെ ഇതിവൃത്തം സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ പ്രമേയവും ഒരു ഇംഗ്ളീഷ് കവിതയിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഭദ്രമായ ഒരുസാഹിത്യശില്പമാണ് മനോൻമണീയം. പാണ്ഡ്യരാജാവായ ജീവകന്റെ ഏകമകളാണ് മനോൻമണി. ജീവകന്റെ മന്ത്രിയാണ് കുടിലൻ. തന്റെ മകന്റെ ഭാര്യയായിത്തീരണം മനോൻമണി എന്നാണ് അയാളുടെ കുടിലവിചാരം. എന്നാൽ താൻ സ്വപ്നത്തിൽ ദർശിച്ച പുരുഷോത്തമനിൽ (ചേരരാജാവ്) അവൾ അനുരക്തയായിക്കഴിഞ്ഞിരുന്നു. കഥയുടെ ഒടുവിൽ പുരുഷോത്തമനും മനോൻമണിയും വിവാഹിതരാവുന്നു. കുടിലന് ശിക്ഷയും കിട്ടുന്നു. ഇതൊരു ശുഭാന്ത നാടകമാണ്. തമിഴ്മാതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ നാടകത്തിന്റെ അനുഗ്രഹഗീതം തുടങ്ങുന്നത്. ഇന്ന് അത് തമിഴ് ദേശീയതയുടെ ഗാനമായി തമിഴ്നാട് സർക്കാർ അംഗീകരിച്ചിരിക്കുന്നു. ഇതിനെ ആസ്പദമാക്കി, മനോന്മണീയം സുന്ദനാർ യൂണിവേഴ്സിറ്റി എന്ന പേരിൽ തിരുനെൽവേലിയിൽ ഒരു സർവകലാശാലയും സ്ഥാപിതമായിക്കഴിഞ്ഞിരിക്കുന്നു.

സാഹിത്യപരമായ ഉള്ളും ഉയിരും ഉണ്ടെങ്കിലും വേണ്ടത്ര അഭിനയസാധ്യത ഈ നാടകത്തിനുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാകാം ഇത് ഏറെ വേദികളിൽ ദീർഘകാലരംഗാവിഷ്കാരത്തിന് ഉപയോഗിക്കാതിരുന്നത്. ഷെയ്ക്സ്പിയർ നാടകങ്ങൾക്കെന്നതുപോലെയുള്ള നിരന്തരമായ രംഗാവിഷ്കരണം ഈ നാടകത്തിനുണ്ടായില്ല. ഷെയ്ക്സ്പിയറുടെ 'ബ്ളാങ്ക് വെഴ്സ്'(പ്രാസമുക്തമായ ഛന്ദസ്സ്) തന്നെയാണ് മനോൻമണീയത്തിലും ഉപയോഗിച്ചിട്ടുള്ളത്. ടി. ലക്ഷ്മണപിള്ളയുടെ രവിവർമ്മ, വി.ജി.സൂര്യനാരായണ ശാസ്ത്രിയുടെ മാനവിജയം, കലാവതി എന്നിവയും മറ്റനേകം പേരുടെ രചനകളും മനോൻമണീയത്തെ പിൻതുടരുകയുണ്ടായി.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള തമിഴ് നാടകങ്ങളെപ്പറ്റിയാണ് ഇതുവരെപ്പറഞ്ഞത്. തമിഴ് സംഗീതനാടകങ്ങളെ അനുകരിച്ച് മലയാളത്തിലും ഒരുപറ്റം സംഗീതനാടകങ്ങളുണ്ടായി. ഖദറിൻവെറ്റി, ദേശീയക്കൊടി (ടി.കെ.പാവലർ), തേരോട്ടിയിൻമകൻ, പതച്ചോറ് (ബി.എസ്.രാമയ്യ) തുഗ്ളക്ക്, സംഭവാമി യുഗേയുഗേ (ചോ. രാമസ്വാമി), ഓർ ഇരവ് ( അണ്ണാദുരൈ) - ഇങ്ങനെ തമിഴ് ജീവിതത്തിന്റെ തനിമയും ഇന്ത്യൻ ദേശീയബോധവും സാമൂഹിക പരിവർത്തനത്വരയും പ്രകടിപ്പിക്കുന്ന, അഭിനയയോഗ്യമായ, കരുത്തുറ്റ നാടകങ്ങൾ തമിഴകത്തുണ്ടായി. ജനങ്ങളെ പ്രചോദിപ്പിക്കാനും ഉണർത്താനും ക്രിയോൻമുഖരാക്കാനും കഴിവുള്ള നാടകങ്ങളാണിവ. ദേശീയ സ്വാതന്ത്യസമര പ്രവർത്തനങ്ങളുടെ വീറും ഊർജവുമുൾക്കൊണ്ടവയാണ് ഇവയിൽ പലതും. തീക്ഷ്ണമായ ആക്ഷേപഹാസ്യമാണ് ചോയുടെ നാടകങ്ങളിൽ അനുഭവപ്പെടുന്നത്. എം. കരുണാനിധി, ഇന്ദിരാപാർഥസാരഥി എന്നിവരും സമകാലിക തമിഴ് നാടകവേദിക്ക് മികച്ച സംഭാവനകൾ നല്കിയവരാണ്. നിരവധി ഏകാങ്കനാടകങ്ങളും തമിഴിൽ എഴുതിയിട്ടുള്ളതായി കാണുന്നു.സംഗീതികകളിൽ തുടങ്ങി സംഗീത നാടകങ്ങളായി രൂപാന്തരപ്പെട്ട്, സാമൂഹിക നാടകങ്ങളിലൂടെ വികസിച്ചുവരുന്ന തമിഴ് നാടകവേദി ഇന്ന് പുരോഗതിയുടെ പാതയിൽത്തന്നെയാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തമിഴ് നാടകവേദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തമിഴ്_നാടകവേദി&oldid=2374352" എന്ന താളിൽനിന്ന് ശേഖരിച്ചത്