തമസാനദി

ഗംഗയുടെ ഒരു പോഷകനദി

ഇതിഹാസ പ്രസിദ്ധമായ ഒരു നദിയാണ് തമസാനദി. രാമായണത്തിലും മഹാഭാരതത്തിലും ഈ നദിയുടെ മഹത്ത്വവും പവിത്രതയും വർണിച്ചു കാണുന്നു. ഉത്തർപ്രദേശിൽപ്പെട്ട പഴയ മഹിയൂർ സംസ്ഥാനത്തിന്റെ ദക്ഷിണ ഭാഗത്തുനിന്ന് ഉദ്ഭവിച്ച് അലാഹാബാദിന് 29 കി.മീ. തെക്കുമാറി തമസ ഗംഗാനദിയിൽ ചേരുന്നു. ഗംഗയുടെ ഒരു പോഷകനദിയാകയാൽ ഗംഗയുടെ ഭാഗം തന്നെയാണിതെന്ന വിശ്വാസവും പ്രാബല്യത്തിലുണ്ട്. ഇതിന്റെ തീരത്തായിരുന്നു വാല്മീകി മഹർഷിയുടെ ആശ്രമം. പാപനാശിനിയായ ഈ നദിയുടെ തീരത്ത് മഹർഷി മാധ്യാഹ്നിക കർമത്തിലേർപ്പെടുമ്പോഴാണ് ക്രൌഞ്ചമിഥുനത്തിലൊന്നിനെ വ്യാധൻ അമ്പെയ്തു വീഴ്ത്തിയ കരുണാർദ്ര ദൃശ്യം കാണുവാനിടയായത്. ക്രൌഞ്ചവധത്തിൽ പരിതപ്തനും കുപിതനുമായിത്തീർന്ന വാല്മീകിയിൽ നിന്ന് മാനിഷാദ എന്നു തുടങ്ങുന്ന ആദിശ്ലോകം നൈസർഗികമായി നിർഗമിച്ചു. ഈ ആദികാവ്യപ്പിറവി തമസയുടെ തീരത്തു വച്ചായിരുന്നു എന്ന് രാമായണം ബാലകാണ്ഡത്തിൽ വിവരിച്ചു കാണുന്നു. ഈ നദിയിലെ ജലം നല്ല മനുഷ്യരുടെ മനസ്സുപോലെ പ്രസന്നമാണെന്ന് ('രമണീയം പ്രസന്നാംബു സന്മനുഷ്യമനോ യഥാ') രാമായണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഭാരതീയർ, ഇതിനെ പുണ്യനദിയായി കരുതുകയും ഇതിന്റെ ജലം തീർഥമായി സേവിക്കുകയും ചെയ്യുന്നതായി മഹാഭാരതം ഭീഷ്മപർവത്തിൽ സൂചിപ്പിച്ചിരിക്കുന്നു.

മഹാകവി കുമാരനാശാൻ ചിന്താവിഷ്ടയായ സീതയിൽ-

എന്നു തമസയെ വർണിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തമസാനദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തമസാനദി&oldid=2983573" എന്ന താളിൽനിന്ന് ശേഖരിച്ചത്