തത്സമയ സംപ്രേഷണം (Live telecast(Real time video)) എന്നത് ഭൂതലത്തിലെ ഏതെങ്കിലുമൊരു കേന്ദ്രത്തിൽ സംപ്രേഷണത്തിനു വിധേയമാകുന്ന ദൃശ്യ-ശ്രാവ്യ പരിപാടികളെ അതേ രൂപത്തിൽ, അതിവിദൂര സ്ഥലങ്ങളുൾപ്പെടെയുള്ള ഇതര കേന്ദ്രങ്ങളിൽ, ദൃശ്യ-ശബ്ദ വീചികൾ എത്തിച്ചേരുന്നതിലുള്ള സമയാന്തരം മാത്രം ഉൾക്കൊണ്ട്, സംപ്രേഷണം ചെയ്യുന്ന സമ്പ്രദായവും അതിനുള്ള സംവിധാന ക്രമങ്ങളുമാണ്. തത്സമയ സംപ്രേഷണത്തിനു പ്രയോജനപ്പെടുത്തിവരുന്ന പ്രധാന മാധ്യമങ്ങൾ ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയാണ്. ഈ സമ്പ്രദായം ടെലിവിഷൻ രംഗത്ത് ലൈവ് ടെലികാസ്റ്റ് (live telecast) എന്നും കംപ്യൂട്ടർ മേഖലയിൽ റിയൽ ടൈം വീഡിയോ (Real time vedio) എന്നും അറിയപ്പെടുന്നു. പരിപാടികൾ പുനഃസംപ്രേഷണം ചെയ്യുന്നതിൽ മില്ലിസെക്കൻഡ് (10-3 സെ.) അളവിൽ, നന്നേ നിസ്സാരമായ സമയവിളംബം മാത്രമേ ഉണ്ടാവുന്നുള്ളൂ; തന്മൂലം ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള പ്രേക്ഷകന് പ്രേഷിത വിവരങ്ങൾ തത്സമയംതന്നെ പ്രാപ്തമാകുന്നതിനാൽ തത്സമയ സംപ്രേഷണം എന്ന പ്രയോഗം അന്വർഥമായിത്തീരുന്നു.

ലൈവ് ടെലികാസ്റ്റ്. പരിപാടികളിലെ ശ്രാവ്യ/ദൃശ്യ സിഗ്നലുകളെ അപ്പപ്പോൾത്തന്നെ സമീപസ്ഥമായ ഒരു ഭൂസ്ഥിര വാർത്താ വിനിമയ ഉപഗ്രഹത്തിലേക്ക് അപ്ലിങ്ക് ചെയ്തശേഷം ചാനൽ ഏജൻസികളുടെ കൺട്രോൾറൂം സംവിധാനത്തിലേക്കോ പ്രേക്ഷകന്റെ ടെലിവിഷൻ സെറ്റുകളിലേക്കോ തുടർച്ചയായി ഡൌൺലിങ്കു ചെയ്യുന്നതിലൂടെ ലൈവ് ടെലികാസ്റ്റ് പ്രാവർത്തികമാക്കാൻ സാധിക്കുന്നു. ഈ സമ്പ്രദായത്തെ സാറ്റ്ലൈറ്റ് ന്യൂസ് ഗാതറിങ് (Satellite News Gathering- എസ്എൻജി) എന്നു വിശേഷിപ്പിക്കുന്നു. സിഗ്നലുകളെ മൾട്ടിമീഡിയാ ഫയലുകളാക്കി പരിവർത്തനം ചെയ്ത ശേഷം മൾട്ടിമീഡിയാ മെസ്സേജിങ് സർവീസ് (Multimedia Messaging Service-എംഎംഎസ്) സമ്പ്രദായത്തിലൂടെ ലക്ഷ്യങ്ങളിലെത്തിക്കുന്ന രീതിയും ലൈവ് ടെലികാസ്റ്റിനു പ്രയോജനപ്പെടുത്താറുണ്ട്. ഈ രീതിയെ മൾട്ടിമീഡിയാ മെസ്സേജിങ് സർവീസ് എന്നുതന്നെയാണു സൂചിപ്പിക്കാറുള്ളത്.

ഫാക്ലൻഡ്സ് യുദ്ധത്തിനിടയ്ക്ക് (1982) ആഗോള ന്യൂസ് കാസ്റ്റിങ്ങിനു വഴിയൊരുക്കുവാനാണ് എസ്എൻജി ആദ്യമായി പ്രാവർത്തികമാക്കപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധരംഗങ്ങളിലും അനലോഗ് രീതിയിലുള്ള ഈ ക്രമീകരണം പ്രയോജനപ്പെടുത്തിയിരുന്നു. 1990-കളോടെ ഡിജിറ്റൽ-മോഡുലന സങ്കേതങ്ങൾ അവലംബിച്ച് എസ്എൻജിയുടെ പ്രയോഗക്ഷമത വളരെയേറെ വർധിപ്പിച്ചു; ബഹുവിധമായ ഉപയോഗത്തിനു സൗകര്യമുണ്ടാക്കുകയും ചെയ്തു.

തത്സമയ സംപ്രേഷണത്തിന് ക്ലാസ്സിക്എസ്എൻജി, കോംപാക്റ്റ്എസ്എൻജി തുടങ്ങിയ ആദ്യകാല സമ്പ്രദായങ്ങൾ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും വർത്തമാനകാലത്ത് ഏറ്റവും പ്രചാരത്തിലുള്ളത് വെബ്എസ്എൻജി സംവിധാനമാണ്. വേൾഡ് വൈഡ് വെബ് (www) ശൃംഖല വഴി തത്സമയ സംപ്രേഷണം നിർവഹിക്കുന്ന രീതിയാണ് ഇത്. ദൃശ്യങ്ങളുടെ ചട്ടക്കൂട് (frame) റിയൽപ്ളെയർ, ക്വിക്ടൈം, മീഡിയാപ്ലെയർ തുടങ്ങിയ മൾട്ടിമീഡിയാ സോഫ്റ്റ് വയർ ഫോർമാറ്റുകളിൽ ചിട്ടപ്പെടുത്തുന്നു. സിസ്റ്റത്തിലെ ആന്റെന ക്രമീകരണം, ദിശാ നിയന്ത്രണം, ഉപഗ്രഹ ശൃംഖലയിലേക്കുള്ള ലോഗിൻ പ്രക്രിയ, സിഗ്നൽ അപ്ലിങ്കിങ് തുടങ്ങിയവ സ്വചാലിതമായി പ്രാവർത്തികമാക്കപ്പെടുന്നതിനാൽ സമ്പൂർണവും അനായാസവുമായ പകർത്തലിനു സാധ്യതയേറുന്നു. സെക്കൻഡിൽ 512 കിലോബിറ്റോ അതിൽക്കുറഞ്ഞതോ ആയ ബാൻഡ് വിഡ്ത്തുകളിൽപോലും മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പുവരുത്താനുമാകുന്നു.

റിയൽടൈം വീഡിയോ തിരുത്തുക

പരിപാടികൾ അരങ്ങേറുമ്പോൾതന്നെ പ്രസക്ത ദൃശ്യങ്ങൾ ഏതിനം കംപ്യൂട്ടർ ശൃംഖലയിലും എവിടെയും ഉള്ള പ്രേക്ഷകർക്ക് പ്രാപ്തമാക്കുവാനുള്ള സാങ്കേതിക മികവ് ഇനിയും സാധ്യമായിട്ടില്ല. പ്രേഷണ സ്രോതസ്സിനും ലക്ഷ്യസ്ഥാനത്തിനുമിടയ്ക്കുള്ള ദൂരം, കംപ്യൂട്ടർ ശൃംഖലയിലുണ്ടാകുന്ന ലേറ്റൻസി, ശൃംഖലയുടെ ബാൻഡ് വിഡ്ത് ക്ഷമത, ഡേറ്റാ പ്രവാഹത്തിനിടയിൽ നേരിടുന്ന ഡേറ്റാ പായ്ക്കറ്റ് നഷ്ടം തുടങ്ങിയവ സമയ വിളംബത്തിൽ വർധനവുണ്ടാക്കുന്നു. ലാൻ (LAN) ശൃംഖലകളിലൂടെ ഉപയോക്താക്കൾക്ക് നന്നേ കുറഞ്ഞ സമയവിളംബത്തോടെ പുനഃസംപ്രേഷണം ലഭ്യമാക്കാനാകുന്നു.

കേരളത്തിൽ ആദ്യകാലത്ത് ഓണാഘോഷം, വള്ളംകളി, മകരവിളക്ക്, തൃശൂർ പൂരം തുടങ്ങിയ വിശേഷോത്സവങ്ങൾക്കും ഫുട്ബോൾ മത്സരം, താരനിശ തുടങ്ങിയ പരിപാടികൾക്കുമാണ് തത്സമയ സംപ്രേഷണം ഏർപ്പെടുത്തിയിരുന്നത്. ദൂരദർശൻ ആണ് കേരളത്തിൽ ആദ്യമായി ലൈവ് ടെലികാസ്റ്റ് നടത്തിയത്. ഇപ്പോൾ സ്വകാര് ടെലിവിഷൻ ചാനലുകൾ വാർത്താവതരണം ഉൾപ്പെടെയുള്ള മിക്ക പരിപാടികളിലും തത്സമയ സംപ്രേഷണം മത്സര ബുദ്ധ്യാ കലർത്തി പ്രസാരണം ചെയ്തുവരുന്നു.

അവലംബം തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തത്സമയ_സംപ്രേഷണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തത്സമയ_സംപ്രേഷണം&oldid=2621165" എന്ന താളിൽനിന്ന് ശേഖരിച്ചത്