തങ്കമ്മ മാലിക്
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
അഭിനേത്രി, സംഗീതജ്ഞ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തക, ഗാന്ധിയൻ, ഹിന്ദി ഭാഷാ പ്രചാരക, സാഹിത്യ പ്രവർത്തക തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തങ്കമ്മ മാലിക് പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ 1917 മെയ് 20-ന് ആണ് ജനിക്കുന്നത്. എം.ടി.വർഗ്ഗീസ് - ഏലിയാമ്മ വർഗ്ഗീസ് എന്നിവർ മാതാപിതാക്കൾ. മഹാത്മാഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് വാർധയിലെത്തിയ തങ്കമ്മ അവിടെ മഹിള വിദ്യാപീഠത്തിൽ വെച്ച് വിദുഷി ഓണേഴ്സ്, സരസ്വതി ബിരുദങ്ങൾ കരസ്ഥമാക്കി. മടങ്ങിയെത്തിയ തങ്കമ്മ ക്വിറ്റിന്ത്യ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചു.[1] പ്രശസ്ത ചിന്തകനും പത്രാധിപരുമായിരുന്ന മാലിക് മുഹമ്മദ് 1930-കളിൽ പ്രസിദ്ധീകരിച്ചിരുന്ന മിത്രം വാരിക സംസ്ഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിൽ തങ്കമ്മ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാന വേദിയിൽ വെച്ച് അവ മാലിക്ക് മുഹമ്മദുമായി പരിചയപ്പെടുകയും ആ ബന്ധം ക്രമേണ പ്രണയമായി വളരുകയും ചെയ്തു. ഈ ബന്ധത്തിനു ശേഷം ഇസ്ലാം സ്വീകരിച്ച് ഹലീമ എന്ന പേർ സ്വീകരിച്ചെങ്കിലും തങ്കമ്മ മാലിക് എന്ന പേരിൽ അവർ തുടർന്നും ചെറുകഥകൾ എഴുതി[അവലംബം ആവശ്യമാണ്].