മലയാളചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളാണ് തങ്കം വാസുദേവൻ നായർ. നാടകനടി, ഗായിക എന്നീ നിലകളിലും ശ്രദ്ധേയയായ തങ്കം പ്രസിദ്ധ നടിയായ ആറന്മുള പൊന്നമ്മയുടെ ഇളയ സഹോദരിയാണ്.

ജീവിതരേഖ

തിരുത്തുക

1921-ൽ ആറന്മുളയിൽ മേലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും ഏറ്റവും ഇളയപുത്രിയായി തങ്കം ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സംഗീതാദ്ധ്യാപികയാകുന്നതിനുവേണ്ടി സംഗീതം അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ ആറന്മുള സഹോദരിമാർ എന്ന പേരിൽ പൊന്നമ്മയും തങ്കവും കച്ചേരി നടത്തിയിരുന്നു. അക്കാലത്ത് ശാസ്ത്രീയസംഗീതജ്ഞനായ വൈക്കം വാസുദേവൻ നായർ വീട്ടിനടുത്തുള്ള ഒരു സംഗീത പാഠശാലയിൽ അദ്ധ്യാപകനായി വന്നു. അദ്ദേഹം ആറന്മുള സഹോദരിമാരുടേയും സംഗീതാധ്യാപകനായി. ആ അടുപ്പം, തങ്കവും വാസുദേവൻ നായരും തമ്മിലുള്ള വിവാഹത്തിനു കളമൊരുക്കി. തങ്കത്തിന്റെ 17-ആം വയസ്സിൽ വിവാഹം നടന്നു. വിവാഹശേഷം ഒരു വർഷക്കാലത്തിനകം തങ്കം കലാരംഗത്തേക്കു കടന്നു വന്നു. എൻ.പി ചെല്ലപ്പൻ നായർ രചിച്ച പ്രേമ വൈചിത്യം അഥവാ ശശിധരൻ ബി.എ. എന്ന നാടകത്തിന്റെ റിഹേഴ്സൽ നടന്നു കൊണ്ടിരുന്ന കാലമായിരുന്നു അത്. കലാസമിതിയുടെ ഉടമ തങ്കത്തിന്റെ ബന്ധുവായ ജയറാം ഗോപാലപിള്ളയും നായകൻ വാസുദേവൻ നായരുമായിരുന്നു. അക്കാലത്ത് നാടകരംഗത്തേക്കു നടികൾ വളരെ വിരളമായേ കടന്നുവന്നിരുന്നുള്ളു. പ്രസ്തുത നാടകത്തിൽ അഭിനയിച്ചിരുന്ന നടികളിൽ പലർക്കും അഭിനയശേഷി കുറവായിരുന്നതിനാൽ ഭർത്താവിന്റെ നിർദ്ദേശാനുസരണം തങ്കം അഭിനയരംഗത്തേക്കു പ്രവേശിക്കുകയായിരുന്നു. എന്നാൽ തങ്കം അഭിനയിക്കുന്നതിൽ മറ്റ് ബന്ധുക്കൾ വളരെയധികം എതിർപ്പു പ്രകടിപ്പിച്ചിരുന്നു. നാടകത്തിന്റെ ആദ്യ പകുതിയിൽ തങ്കവും തുടർന്നുള്ള രംഗത്ത് മറ്റൊരു നടിയുമാണ് അഭിനയിച്ചിരുന്നത്. നാടകത്തിൽ നിന്നും കുറച്ചുകാലം അവർ വിട്ടുനിന്നപ്പോൾ പകരം ആറന്മുള പൊന്നമ്മയും വൈക്കം വാസുദേവൻ നായരും നായികാനായകന്മാരായി അഭിനയിച്ചെങ്കിലും, തങ്കം-വാസുദേവൻ നായർ ജോഡിയായി അഭിനയിക്കുന്നതിനോടാണ് പ്രേക്ഷകർ കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നത്. തുടർന്ന് രാജഭക്തി, ദേശബന്ധു എന്നീ നാടകങ്ങൾ അവതരിപ്പിച്ചെങ്കിലും വിജയിച്ചില്ല. പൊട്ടക്കാനത്തു വേലുപിള്ളയുടെ ഉടമസ്ഥതയിലുള്ള ഓച്ചിറ പരബ്രഹ്മോദയ നാട്യസഭയുടെ യാചകി എന്ന നാടകം രംഗത്തവതരിപ്പിച്ചു. അക്കാലത്ത് പൗരാണികമായതും ധീരസാഹസികത നിറഞ്ഞതുമായ നാടകങ്ങളാണ് മിക്ക നാടക സമിതികളും അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതിനു വിരാമമിട്ടുകൊണ്ടാണ് സാമൂഹിക പ്രശ്നങ്ങൾക്കു പ്രാധാന്യം നല്കുന്ന യാചകി കടന്നുവന്നത്. അത് മലയാള നാടക ചരിത്രത്തിൽ ചിരസ്മരണീയമായി നിലകൊള്ളുന്നു. 12 വർഷക്കാലം യാചകി കേരളത്തിലും മുംബൈ, മദിരാശി എന്നിവിടങ്ങളിലും ജൈത്രയാത്ര നടത്തി. മാസത്തിൽ എല്ലാ ദിവസവും അരങ്ങേറിയ നാടകമാണ് യാചകി. നായിക-നായകന്മാർക്ക് അക്കാലത്ത് നല്കിയതിൽ വച്ചേറ്റവും കൂടിയ പ്രതിഫലമാണ് ഈ നാടകത്തിൽ അഭിനയിച്ച തങ്കത്തിനും വാസുദേവൻ നായർക്കും ലഭിച്ചത്; ദിവസം 750 രൂപ പ്രതിഫലം.

1951-ൽ വൈക്കം വാസുദേവൻ നായരും അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും ചേർന്ന് കേരള കേസരി എന്ന മലയാളചിത്രം നിർമിച്ചു. തങ്കവും വാസുദേവൻ നായരുമാണ് അതിലും നായികാനായകന്മാരായി അഭിനയിച്ചത്. അതിനുശേഷം അഭിനയത്തോട് വിട പറഞ്ഞുകൊണ്ട് തുടർന്നുള്ള കാലം ശാസ്ത്രീയസംഗീതത്തിൽ ഉപരിപഠനത്തിനായി മാറ്റിവച്ചു. വൈക്കം ക്ഷേത്രാഷ്ടമി ദിനത്തിൽ തങ്കം വാസുദേവൻ നായരും പുത്രിയും കൂടി സംഗീതക്കച്ചേരി നടത്താറുണ്ട്. 1990-ൽ വാസുദേവൻ നായർ അന്തരിച്ചു. ഇപ്പോൾ തൃപ്പുണിത്തുറയിൽ മകൾ ലൈലാ രവീന്ദ്രനോടൊപ്പം താമസിച്ചു വരുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വാസുദേവ(ൻ) നായ(ർ) (1921 - ) തങ്കം വാസുദേവൻ നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തങ്കം_വാസുദേവൻ_നായർ&oldid=2331683" എന്ന താളിൽനിന്ന് ശേഖരിച്ചത്