നാലിലൊന്നു വെള്ളം ചേർത്ത മോരിന് ആയുർവേദത്തിൽ പറയുന്ന ശാസ്ത്രീയ നാമമാണ് തക്രം. തക്രം ലഘുവും കഷായാമ്ല രസങ്ങളോടു കൂടിയതും ദീപനവും കഫവാതത്തെ നശിപ്പിക്കുന്നതുമാണെന്ന് ആയുർവേദം അനുശാസിക്കുന്നു.

അർശസ്, ഗ്രഹണി രോഗം, മൂത്രതടസ്സം, ശോഥം, അരുചി എന്നീ രോഗാവസ്ഥകളിൽ തക്രം നിർദ്ദേശിക്കാറുണ്ട്. വാതകഫ പ്രധാനമായ ശുഷ്കാർശസ്സിനു തക്രം ഉത്തമ ഔഷധമാണെന്ന് ചരകസംഹിതയിൽ പറയുന്നു. തക്രം തനിച്ചോ ഔഷധങ്ങൾ ചേർത്തു സംസ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്. കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്ത് അരച്ചെടുത്ത് മൺകലത്തിനുള്ളിൽ തേച്ചു പിടിപ്പിച്ച് ഉണക്കിയതിനുശേഷം കലത്തിൽ മോരോ തൈരോ ഒഴിച്ച് അടച്ചുവയ്ക്കുക. പിന്നീട് ഉപയോഗിച്ചാൽ അർശസ്സിനു ശമനം ഉണ്ടാകുന്നതാണ്. കൊടുവേലിക്കിഴങ്ങിനു പകരം ചെറുവഴുതനയുടെ കായും ഉപയോഗപ്പെടുത്താറുണ്ട്. ദീപനത്തകരാറുള്ള അർശോരോഗികൾ നിത്യവും തക്രം ഉപയോഗിക്കണമെന്നാണ് ആയുർവേദ നിർദ്ദേശം. ദീർഘകാലമായി അനുഭവിക്കുന്ന അർശോരോഗാവസ്ഥയിൽ തക്രപാന ചികിത്സ നടത്താറുണ്ട്. ആഹാരം പരമാവധി കുറച്ചുകൊണ്ട് തക്രം മാത്രം ഉപയോഗിക്കുകയാണ് ചികിത്സാക്രമം. രോഗിയുടെ സ്ഥിതിയനുസരിച്ച് ആഹാരകാലങ്ങളിൽ തക്രം മാത്രം നല്കിക്കൊണ്ട് ഏഴോ പതിനഞ്ചോ ദിവസം തക്രപാന ചികിത്സ നടത്താറുണ്ട്. ദഹനസ്ഥിതിയനുസരിച്ച് തക്രം ചേർത്തു തയ്യാറാക്കുന്ന താവലരി (നേർത്ത പൊടിയരി) കൊണ്ടുണ്ടാക്കിയ കഞ്ഞി, പൊടിയരിച്ചോറ് എന്നിവയും നല്കാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്രം&oldid=2283161" എന്ന താളിൽനിന്ന് ശേഖരിച്ചത്