തക്കുമ സ്കൂൾ
ജപ്പാനിലെ ബുദ്ധമതചിത്രകലയിൽ പ്രാവീണ്യമുളള ചിത്രകാരന്മാരുടെ ഒരു പ്രസ്ഥാനമാണ് തക്കുമ സ്കൂൾ. 12-ാം ശതകം മുതൽ 14-ാം ശതകം വരെ ഇതിന്റെ പ്രാഭവകാലമായിരുന്നു. തക്കുമ തമെറ്റോ (12-ാം ശതകം) ആണ് ഇതിന്റെ സ്ഥാപകൻ എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ തക്കുമ ഷോഗയുടെ കാലത്താണ് ഈ പ്രസ്ഥാനം കൂടുതൽ പ്രശസ്തമായത്. 12-ാം ശ.-ത്തിന്റെ അന്ത്യത്തിലും ക്യോട്ടോയിലെ കോഷ്ൻജി, ജിൻഗോജി എന്നീ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രസ്ഥാനം സജീവമായി പ്രവർത്തിക്കുന്നു. ഷോഗയെത്തുടർന്ന് തക്കുമ തമേഹിസ, തക്കുമ ഷുംഗ, തക്കുമ റ്യോഗ തുടങ്ങിയ വിഖ്യാത ചിത്രകാരന്മാർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 14-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ തക്കുമ ഈഗയുടെ തലമുറയ്ക്കുശേഷം ഈ പ്രസ്ഥാനം ഏതാണ്ട് നിശ്ചലമായി. ചൈനയിലെ സുംഗവംശത്തിന്റെ കലാപാരമ്പര്യത്തിന്റെ ചുവടുപിടിച്ച് തക്കുമപ്രസ്ഥാനക്കാർ എണ്ണമറ്റ രചനകളാണ് നിർവഹിച്ചിട്ടുള്ളത്. ഇവരുടെ രചനകളിൽ പേരുവയ്ക്കുന്ന പതിവില്ലായിരുന്നതിനാൽ വ്യക്തിപരമായ സംഭാവനകൾ വിലയിരുത്തുക അസാധ്യമായിരിക്കുന്നു. ജാപ്പനീസ് ചിത്രകലയിലെ നവറിയലിസത്തിന്റെ ഏറ്റവും ശക്തരായ പ്രയോക്തക്കളാണ് ഇവരെന്നു പറയാം. ബുദ്ധിസ്റ്റ് ചിത്രകലയെ അലങ്കാരാത്മകതയിലേക്കു നയിച്ച കോസെ സ്കൂൾ ഇവരുടെ എതിർ വിഭാഗം എന്ന നിലയിലാണ് വേരൂന്നിയത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തക്കുമ സ്കൂൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |