ജപ്പാൻകാരനായ ഇന്തോളജിസ്റ്റായിരുന്നു തകാകുസു ജൂഞ്ജിരോ. 1866-ൽ ജനിച്ചു. സംസ്കൃതം, പാലി, ചൈനീസ് എന്നീ ഭാഷകളിലും ബൌദ്ധദർശനത്തിലും മറ്റു ഭാരതീയ ദർശനങ്ങളിലും നിഷ്ണാതനായിരുന്നു. ഭാരതത്തിലേ യും മലയയിലേയും ബുദ്ധമതാചാരങ്ങളെ സംബന്ധിച്ച് ഇത്സിങ് തുടങ്ങിയ പൂർവികർ നടത്തിയ പഠനം തകാകുസുവിന്റെ ഗവേഷണത്തിനു പ്രചോദകമായിത്തീർന്നു. ബുദ്ധമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ വിശകലനം ചെയ്ത് തയ്യാറാക്കിയ ഗ്രന്ഥമാണ് ദി എസ്സൻഷ്യൽസ് ഒഫ് ബുദ്ധിസ്റ്റ് ഫിലൊസഫി. ബുദ്ധഘോഷന്റെ സമന്തപാസാദികയുടെ പ്രസാധനവും വിവർത്തനവും ശ്രദ്ധേയമാണ്. എ പാലി ക്രെസ്റ്റോമെദി വിത് ചൈനീസ് ഇക്വിലന്റ്സ് (അ ജമഹശ ഇവൃലീഠാമവ്യേ ഠംശവേ ഇവശിലലെ ഋഠൂഠൗശ്മഹലി) എന്ന കൃതി പാലി, ചൈനീസ് ഭാഷകളിലെ ബൌദ്ധ ധർമഗ്രന്ഥങ്ങളിൽ തകാകുസുവിനുണ്ടായിരുന്ന പാണ്ഡിത്യം വെളിപ്പെടുത്തുന്നു. ടോക്യോയിലെ ഇംപീരിയൽ സർവകലാശാലയിൽ 1901-ൽ സംസ്കൃതപഠനവിഭാഗം സ്ഥാപിതമായത് ഇദ്ദേഹത്തിന്റെ ഉത്സാഹത്താലായിരുന്നു.

ഉപനിഷത്തുകളിലേയും ഭഗവദ്ഗീതയിലേയും തത്ത്വദർശന ത്തിന്റെ പഠനത്തിൽ ദത്തശ്രദ്ധനായിരുന്ന തകാകുസു, തായ് കെൻ കിമുര, ഹാകുജു ഉയി എന്നിവരുടെ സഹകരണത്തോടെ 126 ഉപനിഷത്തുകൾ ജാപ്പനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു (1922-24). കെ.വാതാനാബെയുടെ സഹകരണത്തോടെ ചൈനീസ് ത്രിപിടകം ഓരോ വാല്യത്തിനും 1000 പേജു വീതമുള്ള 55 വാല്യമായി പ്രസാധനം ചെയ്തതാണ് (1924-29) ശ്രദ്ധേയമായ മറ്റൊരു സംരംഭം. ഇതിന്റെ അനുബന്ധമായി പിൽക്കാലത്ത് മുപ്പതു വാല്യവും ചിത്രങ്ങളുടെ ശേഖരമായി 12 വാല്യവും കാറ്റലോഗും ഇൻഡെക്സും ഉൾപ്പെടുന്ന 3 വാല്യവും (ആകെ 100 വാല്യം) പ്രസിദ്ധീകൃതമായി. ഈ ബൃഹദ്ഗ്രന്ഥം തയ്ഷൊ ത്രിപിടകം എന്ന പേരിലറിയപ്പെടുന്നു. എം. നാഗായ്യുടെ സഹകരണത്തോടെ പാലിഭാഷയിലുള്ള ത്രിപിടകത്തിന് ജാപ്പനീസിൽ രചിച്ച വിവർത്തനം എഴുപതു വാല്യമായി പ്രസിദ്ധീകരിക്കപ്പെട്ടു (1935-40). ഇദ്ദേഹം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ ജപ്പാനിലും ചൈനയിലും ബുദ്ധധർമത്തിന്റേയും ഭാരതീയ ദർശനങ്ങളുടേയും പഠന ഗവേഷണങ്ങൾക്കു പ്രചോദനം നല്കി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തകാകുസു ജൂഞ്ജിരൊ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തകാകുസു_ജൂഞ്ജിരൊ&oldid=2991506" എന്ന താളിൽനിന്ന് ശേഖരിച്ചത്