ചൈനയിൽ പാമീർ മലനിരയ്ക്കും ലോപ്‌നോർ പീഠഭൂമിക്കും ഇടയിലുള്ള ഡൺഹുവാങ് പട്ടണത്തിനടുത്തുള്ള മൊഗാവോ ഗുഹകളിൽ സൂക്ഷിക്കപ്പെട്ടിരുന്ന പുരാതനലിഖിതങ്ങളുടെ ബൃഹദ്‌സഞ്ചയമാണ് ഡൺഹുവാങ് ലിഖിതശേഖരം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ടുകിട്ടിയ ഈ രചനാശേഖരത്തിൽ മതപരവും മതേതരവുമായവ ഉൾപ്പെടുന്നു. ക്രി.വ. 2 മുതൽ 11 വരെ നൂറ്റാണ്ടുകളിലേതായി ഇവ കണക്കാക്കപ്പെടുന്നു. അവയിൽ ഏറിയകൂറും ചൈനീസ് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ ചിലതൊക്കെ തിബറ്റൻ, പാലി, സോഗ്‌ഡിയൻ തുടങ്ങിയ ഭാഷകളിലും, ഈ ലിഖിതങ്ങൾ വഴി മാത്രം അറിവായ ഖോട്ടാനീസ് പോലുള്ള മൃതഭാഷകളിലും ആണ്.

മൊഗാവോ ഗുഹയിൽ ഒരു പാശ്ചാത്യപണ്ഡിതൻ ലിഖിതങ്ങൾക്കൊപ്പം

വിഷയവൈവിദ്ധ്യം തിരുത്തുക

മരുഭൂമിയിൽ പുതുവിശ്വാസികളെ തേടിയുള്ള പ്രേഷിതമതങ്ങളുടെ പരക്കംപാച്ചിൽ പ്രതിഫലിച്ചുകാണുന്ന ഈ ശേഖരത്തിലെ ലിഖിതങ്ങളിൽ വലിയൊരുഭാഗം മതപരമാണ്. ഭൂരിഭാഗവും ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണെങ്കിലും, താവോ മതം, നെസ്തോറിയൻ ക്രിസ്തീയത, യഹൂദമതം മനിക്കേയധർമ്മം തുടങ്ങിയവയെ സംബന്ധിച്ച രചനകളും ഇവയിൽ പെടുന്നു. മതപരമായ വിഷയങ്ങൾക്കു പുറമേ ചരിത്രം, ഗണിതശാസ്ത്രം, നാടോടിഗാനങ്ങൾ, നൃത്തം എന്നിവയും ഈ ലിഖിതങ്ങളിൽ വിഷയമാകുന്നു. കൂടാതെ യുദ്ധം മൂലം വഴിയിൽ പെട്ടുപോയ സോഗ്‌ഡിയൻ വ്യാപാരികളുടെ കത്തുകളും കടപ്പത്രങ്ങളും കാലാവസ്ഥാനിരീക്ഷങ്ങളും വ്യവഹാരരേഖകളും വൈദ്യശാസ്ത്രവിധികളും കഥകളും കവിതകളും ഇവയിൽ പെടുന്നു. [1]

കണ്ടെത്തൽ തിരുത്തുക

 
ഡൺഹുവാങ് ലിഖിതങ്ങളിൽ ഏറെയും ചൈനീസ് ഭാഷയിലാണ്: 5-ആം നൂറ്റാണ്ടിലെ ഈ ചൈനീസ് ഡൺഹുവാങ് ലിഖിതത്തിന്റെ വിഷയം, "ജ്ഞാനത്തിന്റെ വലിയ മേന്മ" ആണ്

പതിനൊന്നാം നൂറ്റാണ്ടിലെങ്ങോ സൈനികാക്രമണങ്ങൾ ഭയന്ന പ്രാദേശികർ, ഗുഹകൾ അടച്ചു പലായനം ചെയ്തതോടെ ഈ രചനകൾ നൂറ്റാണ്ടുകളോളം വിസ്മൃതിയിലായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവ ആദ്യം കണ്ടെത്തിയ വാൻ യുവാൻലൂ എന്ന താവോമത സന്യാസി അവയിൽ കുറേ, പാശ്ചാത്യഗവേഷകർക്കു വിറ്റു. ചിലതൊക്കെ റഷ്യാക്കാരും ജപ്പാനികളുമായ പര്യവേഷകരുടെ കൈവശവും എത്തി. കൗണ്ട് ലോസി എന്ന ഹങ്കറിക്കാരൻ പുരാവസ്തു വിദഗ്ദ്ധനിൽ നിന്ന് പട്ടുപാതയിലെ (Silk Route) പുരാവസ്തുസാദ്ധ്യതകളെപ്പറ്റി കേട്ടറിഞ്ഞ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ പുരാവസ്തുവിജ്ഞാനി ഓറൽ സ്റ്റീൻ, 1907-ൽ ഇവിടേക്കു യാത്രചെയ്തു. പട്ടുപാതയിൽ ഹുവാൻ സാങ്ങിന്റെ വഴി പിന്തുടർന്നെത്തിയ സ്റ്റീൻ, രണ്ടു മുതൽ 11 വരെ നൂറ്റാണ്ടുകൾക്കിടയിലെ ഒരു സഹസ്രാബ്ദക്കാലത്തെ മുപ്പതിനായിരത്തോളം ലിഖിതങ്ങൾ സ്വയം കണ്ടെടുത്തു.[1]

'ഡൺഹുവാങ്ങോളജി' തിരുത്തുക

 
8-9 നൂറ്റാണ്ടുകളിലെങ്ങോ എബ്രായഭാഷയിൽ എഴുതപ്പെട്ട ഈ ഡൺഹുവാങ് ലിഖിതം യഹൂദരുടെ പശ്ചാത്താപഗീതമാണ്.

എഴുത്തുസാമിഗ്രികളുടെ ക്ഷാമം മൂലം ഡൺഹുവാങ് ലിഖിതങ്ങളിൽ പലതും എഴുതപ്പെട്ടിരുന്നത് നേരത്തേ ഉപയോഗിച്ചിരുന്ന കടലാസിന്റെ മറുവശത്തായിരുന്നു. ഈ തിരിച്ചറിവ്, ലിഖിതങ്ങളുടെ പിൻപുറങ്ങളിലെ എഴുത്തിന്റെ വിശകലനത്തിലേക്കു നയിച്ചു. "ഡൺഹുവാങ്ങോളജി"(Dunhuangology) എന്ന വിജ്ഞാനശാഖയുടെ പിറവിക്കു തന്നെ അതു വഴിയൊരുക്കി. അതിൽ നിന്നു കിട്ടിയ വിവരങ്ങൾ ആയിരത്തിലേറെ വർഷം മുൻപ് ആ പ്രദേശത്ത് നിലവിലിരുന്ന ജീവിതരീതിയുടേയും സാമൂഹ്യാവസ്ഥയുടേയും ചിത്രം വെളിപ്പെടുത്തി.[1]

ഡൺഹുവാങ് ലിഖിതങ്ങളിൽ പാശ്ചാത്യപര്യവേഷകരുടെ കൈവശമെത്താതെ അവശേഷിച്ചവ, ചൈനീസ് ഭഷാപ്രേമിയും പണ്ഡിതനുമായ ലുവോ ഷെന്യുവിന്റെ ശ്രമഫലമായി ചൈനയിൽ പരിരക്ഷിക്കപ്പെട്ടു. പാശ്ചാത്യപര്യവേഷകരുടെ കൈവശമെത്തിയ ലിഖിതങ്ങൾ ചൈനയിൽ തന്നെയും ബ്രിട്ടണിലും ഫ്രാൻസിലുമുള്ള സ്ഥാപങ്ങളിൽ ചിതറിക്കിടക്കുന്നു. രാഷ്ട്രാന്തര ഡൺഹുവാങ് പദ്ധതിയുടെ മേൽനോട്ടത്തിൽ അവയുടെ ഡിജറ്റലീകരണം പുരോഗതിയിലാണ്.[2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ, ആനന്ദ്, പ്രസാധനം, ഡി.സി. ബുക്ക്സ് (പുറങ്ങൾ 53-56)
  2. The International Dunhuang Project: The Silk Road Online [1] Archived 2008-05-08 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഡൺഹുവാങ്_ലിഖിതശേഖരം&oldid=3988574" എന്ന താളിൽനിന്ന് ശേഖരിച്ചത്