മലിന പദാർഥങ്ങളിൽ ലയിച്ചു ചേർന്നതോ അഴുക്കടിഞ്ഞതോ ആയ ദൂഷിത ജലത്തെ ആരോഗ്യ ശുചിത്വ പരിപാലന വ്യവസ്ഥ കളെ ബാധിക്കാത്ത അകലങ്ങളിലേക്ക് ഒഴുക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങളെ പൊതുവായി സൂചിപ്പിക്കുന്ന സംജ്ഞ. അഴുക്കു വെള്ളത്തിന്റെ സ്രോതസ്സുകൾ വൈയവസായികം, സാമൂഹിക സുരക്ഷാപരം, ഗാർഹികം തുടങ്ങിയ വിവിധ മേഖലകളിലേതാവാം. വർത്തമാന കാലത്ത്, ഡ്രെയിനേജ് സംവിധാനത്തിലെ നിർഗമ മാധ്യമങ്ങൾ ഏറിയപങ്കും ഭൂഗർഭത്തിലാണ് വിന്യസിക്കപ്പെടുന്നത്. മലിനജലം ശേഖരിച്ചു ശുദ്ധീകരിച്ച് പുനരുപയോഗത്തിനു യോഗ്യമാക്കുവാനുള്ള സാങ്കേതിക സംവിധാനങ്ങളും ഡ്രെയിനേജ് വ്യവസ്ഥയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഭൂവിജ്ഞാനത്തിൽ 'ഡ്രെയിനേജ്' എന്ന പദം വ്യഞ്ജിപ്പി ക്കുന്നത് ഭൂപ്രതലത്തിലൂടെയും ഭൂഗർഭീയമായും പ്രവഹിക്കുന്ന മൊത്തം ജലസഞ്ചയത്തെയാണ്.

ചരിത്രംതിരുത്തുക

പഴയ കാലത്ത് മലിനജല നിർമാർജ്ജനത്തിന് പ്രത്യേക ക്രമീകരണങ്ങളൊന്നുമില്ലായിരുന്നു. വിസർജ്യ പദാർഥങ്ങളെ ഭൂമികുഴിച്ചു നിക്ഷേപിക്കുകയാണ് അന്നു ചെയ്തിരുന്നത്. ബാബിലോണിയയിലാണ് ഡ്രെയിനേജ് സംവിധാനം ആദ്യമായി (ബി.സി. 1700) നിലവിൽ വന്നതെന്നു കരുതപ്പെടുന്നു. കളിമണ്ണു കൊണ്ടു തയ്യാറാക്കിയ കുഴലുകളിലൂടെ മലിനജലത്തെ സമീപത്തുള്ള തോടുകളിലോ നദികളിലോ എത്തിച്ചിരുന്നു. കുഴലുകൾ പൊട്ടി അഴുക്കുവെള്ളം പരക്കുന്നത് ഒഴിവാക്കുവാൻ കുഴലുകളെ ടാർ പൂശി ഭദ്രമാക്കിയിരുന്നു. കുളിമുറി, കക്കൂസ് തുടങ്ങിയവയിൽ രൂപപ്പെടുന്ന അഴുക്കുവെള്ളത്തെയാണ് ഇമ്മാതിരി ഒഴുക്കി മാറ്റിയിരുന്നത്. പത്തൊമ്പതാം ശതകത്തിൽ വ്യവസായ പുരോഗതിയെ തുടർന്ന് പരമ്പരാഗത ഡ്രെയിനേജ് സംവിധാനങ്ങൾ അപര്യാപ്തമായി ഭവിച്ചു. ഇതിനെത്തുടർന്ന് ലണ്ടൻ, പാരിസ് തുടങ്ങിയയിടങ്ങളിൽ ഡ്രെയിനേജ് ആവശ്യങ്ങൾക്കായി ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടു. ഏതെങ്കിലും നൈസർഗിക ജലധാരയെക്കൂടി ഉൾക്കൊള്ളുന്ന രീതിയിൽ ഇഷ്ടികകൊണ്ടു നിർമ്മിക്കപ്പെട്ട തുരങ്കങ്ങളാണ് ആദ്യം ഉണ്ടായത്; മലിന ജലത്തെ സുഗമമായി ഒഴുക്കിമാറ്റുന്നതിന് ജലധാരകൾ സഹായകങ്ങളായി. പില്ക്കാലത്ത്, കുഴലുകളും പ്രത്യേകമായി നിർമ്മിക്കപ്പെട്ട കനാലുകളും വഴി, മലിനജലത്തെ ഏറ്റവും അടുത്തുള്ള ജലധാരകളിലേക്കും വൻ നദികളിലേക്കും ഒഴുക്കിക്കളയുന്ന സമ്പ്രദായം വ്യാപകമായിത്തീർന്നു. വിഷമയവും രാസികവുമായ വ്യവസായ മാലിന്യങ്ങൾ വൻതോതിൽ കലരുന്നത്, നദീജലത്തിന്റെ കാർഷിക, സാമൂഹിക ഉപയോഗത്തിനും, നദിയുടെ നൈസർഗികമായ നിലനില്പിനു തന്നെയും വളരെയധികം ഹാനികരമാണെന്നു തെളിഞ്ഞതോടെ, വ്യവസായശാലകളിൽ രൂപപ്പെടുന്ന മലിനജലത്തെ ഒഴുക്കിക്കളയുന്നതിനുപകരം മാലിന്യ നിർമാർജ്ജനം ചെയ്യുന്നതിനും, കഴിവുള്ളിടത്തോളം പുനരുപയോഗപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങൾ ആസൂത്രിതമായി. ജനപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ആവാസകേന്ദ്രങ്ങൾക്കുള്ള ഡ്രെയിനേജ് സൗകര്യങ്ങൾ മെച്ചപ്പെടുത്തി സാങ്കേതികമായി വിപുലീകരിക്കേണ്ടി വന്നു. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയോടെ വ്യത്യസ്ത ആവശ്യങ്ങൾക്കിണങ്ങുന്ന വിവിധ ഇനം ഡ്രെയിനേജ് സംവിധാനങ്ങൾ സജ്ജീകരിക്കപ്പെട്ടു.

ജലസ്രോതസ്സ്, ജലത്തിന്റെ അളവ് എന്നിവയെ അവലംബിച്ച് മലിന ജലത്തിന്റെ ഘടനയിൽ വ്യത്യാസം സംഭവിക്കുന്നു. കലർന്നു ചേർന്നിട്ടുള്ള ജൈവ മാലിന്യങ്ങളെ രാസിക ജൈവപ്രക്രിയകളിലൂടെ നിഷ്ക്രിയമാക്കുവാൻ പോന്ന ഓക്സിജന്റെ അളവ് (BOD-Biochemical Oxygen Demand), വിലയിത മാലിന്യങ്ങളുടെ തോത്, അമ്ള-ക്ഷാര സവിശേഷത, ഉൾക്കൊണ്ടിട്ടുള്ള സൂക്ഷ്മ ജീവികളുടെ സ്വഭാവം, തോത് മുതലായവ മലിന ജല ഘടനയെ സ്വാധീനിക്കുന്നു. ഡ്രെയിനേജ് സംവിധാനത്തിലൂടെ ഒഴുകിയെത്തുന്ന മലിന ജലത്തിന്റെ BOD ക്ക് ആനുപാതികമായി നദീജലത്തിലെ ഓക്സിജന് അവശോഷണം സംഭവിക്കുന്നു. മലിനജലം ഉൾക്കൊണ്ടു കാണുന്ന മിക്ക സൂക്ഷ്മജീവികളും മനുഷ്യരിൽ വിവിധ രോഗങ്ങൾക്കു വഴിയൊരുക്കുന്നു.

മലിന ജലത്തിലടങ്ങിയിട്ടുള്ള നൈട്രജൻ, ഫോസ്ഫറസ് യൗഗികങ്ങൾ, പായൽ പോലുള്ള ക്ഷുദ്ര സസ്യങ്ങളുടെ വളർച്ചയ്ക്ക് കാരണമാകാറുണ്ട്. ഡ്രെയിനേജ് ജലത്തെ അവയുടെ സ്രോതസ്സിൽ നിന്ന് കുഴലുകളിലൂടെയാണ് സംഭരണ ടാങ്കിൽ എത്തിക്കുന്നത്. കുഴലുകളെ അനുയോജ്യമായ ചരിവുമാനത്തിൽ ക്രമീകരിച്ച് ഗുരുത്വാകർഷണ പ്രഭാവത്തിലൂടെ മലിന ജലത്തെ ടാങ്കിലേക്ക് ഒഴുക്കി എത്തിക്കുന്ന രീതിയാണ് സാർവത്രികമായുള്ളത്. കുഴലുകൾ ഘടിപ്പിക്കുവാൻ പറ്റാത്തയിടങ്ങളിൽ മലിന ജലത്തെ പമ്പു ചെയ്ത് ടാങ്കിലേക്ക് എത്തിക്കുന്നു.

മലിനജലം കുറേ സമയം കെട്ടിക്കിടക്കുമ്പോൾ അവസാദങ്ങൾ ഏറിയകൂറും ടാങ്കിൽ അടിഞ്ഞു കൂടുന്നു. അവസാദങ്ങളുടെ മുകളിലെ സാമാന്യം തെളിഞ്ഞ വെള്ളത്തെ, മറ്റൊരു ടാങ്കിലേക്ക് ഒഴുക്കിവിട്ട് അനുയോജ്യമായ സംവിധാനത്തിലൂടെ അവശേഷിച്ച അടിവുകളേയും നീക്കം ചെയ്യുന്നു. ക്ളോറിൻ കലർത്തൽ തുടങ്ങിയ പ്രത്യേക രാസിക പ്രക്രിയകൾ വഴി ജലത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാം. പരന്ന, കൃത്രിമ തടാകങ്ങളിൽ ശേഖരിച്ച ഡ്രെയിനേജ് ജലത്തിലൂടെ, യാന്ത്രിക രീതിയിൽ വായു കടത്തി വിടുന്നതിലൂടെ സൂക്ഷ്മജീവികളെ ഒരളവ് നശിപ്പിക്കാനാകും. ജലത്തിൽ സൂര്യ താപം ഏല്ക്കുന്നതോടെ ആൽഗെ തുടങ്ങിയ ക്ഷുദ്ര സസ്യങ്ങൾ നിർമാർജ്ജനം ചെയ്യപ്പെടുന്നു.

അവലംബംതിരുത്തുക

അധിക വായനക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്രെയിനേജ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡ്രെയിനേജ്&oldid=2283143" എന്ന താളിൽനിന്ന് ശേഖരിച്ചത്