കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അല്ലെങ്കിൽ പിതായ. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ആണ് ഇവയിൽ പ്രധാനം. പടർന്നുകയറിവളരുന്ന ഈ ചെടികളുടെ സ്വദേശങ്ങൾ മെക്സിക്കോയും മദ്ധ്യ-ദക്ഷിണ അമേരിക്കകളും ആണ്. ഇപ്പോൾ ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ഇവ പല പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നു.

ഡ്രാഗൺ പഴം മുഴുവനായും നടുവേ മുറിച്ചും

ഇനങ്ങൾതിരുത്തുക

 
ചുവന്ന കോസ്റ്ററിക്കൻ ഡ്രാഗൺ പഴം മുറിച്ചത്

മധുരപ്പിതായ മുഖ്യമായും മൂന്നിനങ്ങളിൽ പെടുന്നു.

 
മഞ്ഞപ്പിതായ

ഇലകൾ എഴുന്നു നിൽക്കുന്നതും വർണ്ണപ്പൊലിമയുള്ളതും തോൽ പോലെ വഴക്കമുള്ളതുമായ പുറംചട്ട എല്ലാ ഇനങ്ങൾക്കുമുണ്ട്. പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോൾ അവയുടെ വലിപ്പം ഒരു കിലോഗ്രാം വരെയും ആകാം.[1]

ഉപയോഗംതിരുത്തുക

 
തായ്വാനിൽ വിൽപ്പനക്കു വച്ചിരിക്കുന്ന ഡ്രാഗൺ പഴങ്ങൾ

തൊലിയുടെ വർണ്ണപ്പൊലിമയുമായി ചേർന്നു പോകാത്ത സൗമ്യരുചിയാണ് ഡ്രാഗൺ പഴത്തിനുള്ളത്.[2]പഴം തിന്നാൻ ഉള്ളിലുള്ള മാംസളഭാഗം കാണാനാകും വിധം അതിനെ നടുവേ വെട്ടിമുറിക്കുകയാണു ചെയ്യാറ്.[1] കറുത്ത തരിതരിപ്പുള്ള വിത്തുകൾ അടങ്ങുന്ന ഉൾഭാഗം കിവിപ്പഴത്തെ അനുസ്മരിപ്പിച്ചേക്കാം.[1] മാംസളഭാഗം പച്ചക്കു തിന്നാം. ഇളം മധുരമുള്ളതും കലോറി കുറഞ്ഞതുമാണത്.[1] വിത്തുകളും, അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗത്തിനൊപ്പം തിന്നാം. വിത്തുകളിൽ ധാരാളം കൊഴുപ്പ് (lipids) ഉണ്ട്.[3] എങ്കിലും ചവച്ചരച്ചാൽ മാത്രമേ അവ ദഹിക്കുകയുള്ളൂ. പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂക്കളും ഭക്ഷണയോഗ്യമാണ്. അവ തിളപ്പിച്ച് പാനീയം ഉണ്ടാക്കുകയും ചെയ്യാം. തൊലി ഭക്ഷണയോഗ്യമല്ല. കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ തൊലിയിൽ കീടനാശിനികൾ കലർന്നിരിക്കാനും മതി.

ചുവന്ന ഡ്രാഗൺ പഴത്തിന്റെ അധികോപയോഗം മലമൂത്രങ്ങൾക്ക് ചുവുപ്പു നിറം വരുത്തിയേക്കാമെങ്കിലും ഇതിൽ അപകടമൊന്നുമില്ല.[4]

കൃഷിതിരുത്തുക

 
പിതായ ചെടിയുടെ തൈ

വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ച ശേഷം വേണം മുളപ്പിക്കാൻ. നന്നായി പാകമായ പഴങ്ങളിൽ നിന്നുവേണം വിത്തുകൾ ശേഖരിക്കാൻ. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളക്കും. കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല. വളർച്ചക്കിടെ ചെടികളിൽ, പടർന്നുകയറാനുള്ള ബാഹ്യമൂലങ്ങൾ വികസിക്കുന്നു. അവയുടെ സഹായത്തോടെ, കണ്ടെത്താനാകുന്ന താങ്ങുകളിൽ പടർന്നു കയറുന്ന ചെടികൾ, 10 പൗണ്ടോളം തൂക്കമാകുമ്പോൾ പുഷ്പിക്കുന്നു.

പ്രമാണം:Than Long Green Gragon.JPG
പടർന്നുകയറി വളരുന്ന ഡ്രാഗൺ പഴത്തിന്റെ ചെടി

രാത്രിയിലാണ് പൂക്കൾ വിടരുന്നത്. പ്രഭാതമാകുമ്പോൾ അവ വാടാൻ തുടങ്ങും. വവ്വാൽ, നിശാശലഭം തുടങ്ങിയ നിശാജന്തുക്കൾ വഴിയാണ് പരാഗണം. സ്വയം പരാഗണം ഫലപ്രദമല്ലെന്നത് ഇതിന്റെ കൃഷിയിൽ ഒരു പരാധീനതയാണ്. സാഹചര്യങ്ങൾ അനുസരിച്ച്, വർഷത്തിൽ മൂന്നു മുതൽ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. മറ്റു കള്ളിച്ചെടികളുടെ കാര്യത്തിൽ എന്ന പോലെ, ചെടിത്തണ്ടു മുറിച്ചു നട്ടും ഇതു വളർത്താം. ഇങ്ങനെ വളർത്തുന്നതാണ് എളുപ്പം. 40 ഡഗ്രി സെന്റീഗ്രേഡു വരെയുള്ള ചൂട് ഈ ചെടിക്കു താങ്ങാനാവും. അതിശൈത്യത്തെ ഇതിനു അതിജീവിക്കാനാവില്ല. [5][6][7]

അതിവർഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗൺ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. പൂവിട്ട് 30-50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടിൽ 5-6 വരെ വിളവെടുപ്പുകൾ സാധ്യമാണ്. വിയറ്റ്നാമിലെ ചില കൃഷിയിടങ്ങളിൽ നിന്ന് വർഷം തോറും ഹെക്ടേർ ഒന്നിന് 30 ടൺ പഴങ്ങൾ വരെ ലഭിക്കുന്നു.[8]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 GG (2006)
  2. http://www.totallywicked-eliquid.com/forum/flavour-discussions/what-does-dragon-fruit-taste-like/
  3. Ariffin, Abdul Azis (2008). "Essential fatty acids of pitaya (dragon fruit) seed oil". Food Chemistry. 114 (2): 561–564. doi:10.1016/j.foodchem.2008.09.108. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. MMR (2008)
  5. http://www.tradewindsfruit.com/dragon_fruit.htm
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-12.
  7. http://www.forestmulch.com/dragon-3.htm
  8. Jacobs, Dimitri (1999): Pitaya (Hylocereus undatus), a Potential New Crop for Australia. Australian New Crops Newsletter 11: 16.3
"https://ml.wikipedia.org/w/index.php?title=ഡ്രാഗൺ_പഴം&oldid=3867207" എന്ന താളിൽനിന്ന് ശേഖരിച്ചത്