ഡേറ്റാ വെയർഹൗസ്

(ഡേറ്റാ വെയർഹൌസിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡിസിഷൻ സപ്പോർട്ട് സിസ്റ്റത്തിന്റെ (ഡിഎസ്എസ്) പ്രവർത്തനത്തിനാവശ്യമായ ഡേറ്റ ലഭ്യമാക്കുന്ന ഡാറ്റാബേസ് സംവിധാനമാണ് ഡേറ്റാ വെയർഹൗസ്. ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (ഐഎംഎസ്), ഡിഎസ്എസ് എന്നിവ പ്രയോഗക്ഷമമായതിനെത്തുടർന്ന് സിസ്റ്റം മാനേജർക്ക് നിഗമനങ്ങളിൽ എത്തിച്ചേരുവാൻ സഹായകമായ ഡേറ്റ, ഡേറ്റാബേസ് വഴി ലഭ്യമാക്കേണ്ടിവന്നു. ഡേറ്റാബേസിൽ നിവേശിതമാകുന്ന പ്രാഥമിക ഡേറ്റയെ (primary data) വിശകലന വിശ്ളേഷണങ്ങൾക്കു വിധേയമാക്കി സംഗ്രഹിക്കുമ്പോഴാണ് അവ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ സഹായകമാകുന്നത്. ഇപ്രകാരമുള്ള ഡേറ്റാ വിശകലനം, സംഗ്രഹണം തുടങ്ങിയവ നിർവഹിക്കുന്നതിനു പ്രാപ്തങ്ങളായ ഡേറ്റാബേസുകളാണ് ഡേറ്റാ വെയർഹൌസുകൾ.


ഡേറ്റാ വെയർഹൌസിന്റെ പ്രധാനപ്പെട്ട മൂന്ന് ധർമങ്ങൾ ഡേറ്റാ ക്ളീനിങ്, ലോഡിങ്, റിഫ്രഷിങ് എന്നിവയാണ്. വെയർഹൗസിൽ സഞ്ചിതമാകുന്ന ഡേറ്റ, വിവിധ സ്രോതസ്സുകളിൽ നിന്നെത്തി, വ്യത്യസ്ത രീതിയിൽ ക്രമീകരിക്കപ്പെട്ടവയാവാം. ഇവയെ ഒരു നിശ്ചിത ഫോർമാറ്റിലാക്കി ക്രോഡീകരിക്കുന്ന പ്രക്രിയയാണ് ക്ളീനിങ്. ഇതിനു വിധേയമായ ഡേറ്റയെ, ആവശ്യാനുസരണം കൈകാര്യം ചെയ്യാവുന്ന വിധത്തിൽ വെയർഹൗസിൽ വിന്യസിപ്പിക്കുന്നതാണ് വെയർഹൗസ് ലോഡിങ്. ഈ പ്രവർത്തനം ഒരു റിലേഷണൽ ഡേറ്റാബേസിനെ അടിസ്ഥാനമാക്കി നടത്തുമ്പോൾ പരമാവധി ഡേറ്റാ സ്കേലബിലിറ്റി (data scalability) ലഭിക്കും. തന്നിമിത്തം ഡേറ്റാ വെയർഹൗസിന്റെ ബാക്ക്എൻഡ് (backend) ഒരു റിലേഷണൽ ഡേറ്റാബേസ് ആയിരിക്കേണ്ടതാണ്. ക്ളീനിങ്, ലോഡിങ് എന്നിവയ്ക്കു ശേഷം ക്രമീകരിച്ച ഡേറ്റയ്ക്ക്, കാലഭേദാനുസൃതമായ ഭേദഗതികൾ ഉൾക്കൊള്ളാനും കഴിയണം. ഉദാഹരണത്തിന് ആദ്യ സ്രോതസ്സിലെ പ്രാഥമിക ഡേറ്റയിൽ മാറ്റങ്ങൾ വന്നിരിക്കാം. കൂടുതൽ വിശ്വാസ്യവും യഥാതഥവുമായ ഡേറ്റ ലഭ്യമാക്കുന്ന പുതിയൊരു സ്രോതസ്സ് കണ്ടെത്താനായെന്നും വരാം. ഈ വിധത്തിൽ ഉണ്ടാകുന്ന ഭേദഗതികൾ ഡേറ്റാ വെയർ‌ഹൗസിൽ യഥാവിധി നിവേശിപ്പിക്കുന്ന പ്രക്രിയയാണ് ഡേറ്റാ റിഫ്രെഷിങ്. ഏതുവിധത്തിലാണ് റിഫ്രഷിങ് നടത്തേണ്ടതെന്നത് ഡേറ്റയുടെ സ്വഭാവത്തേയും ഉൾക്കൊള്ളേണ്ട ഭേദഗതികളേയും ആശ്രയിച്ചിരിക്കും. ഇതിലെ സവിശേഷതയാണ് ഡേറ്റാ വെയർഹൗസ് പ്രോസസിങ്ങിൽ നിന്ന് വേറിട്ട് ഓപ്പറേഷൻ ഡേറ്റയേയും അതിന്റെ പ്രോസസിങ്ങിനേയും ക്രമീകരിക്കുന്ന രീതി. വെയർഹൌസ് ഉപയോഗിക്കുന്ന നടപടിക്രമങ്ങൾ, സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള പരാമർശം, ഉപയോക്താക്കളുടെ സേർച്ചിങ് രീതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെയർഹൗസിൽ സൂക്ഷിക്കപ്പെടുന്നുണ്ടാകും. ഉപയോക്താവ് സ്ഥിരമായിട്ട് ഒരേ രീതിയിലാണ് നിവേശിത ഡേറ്റ ഉപയോഗപ്പെടുത്തുന്നത് എന്ന് ഡിഎസ്എസ്സിന് വിലയിരുത്താനായാൽ, പ്രസ്തുത ഉപയോക്താവ് സിസ്റ്റത്തിൽ വരുമ്പോഴെല്ലാം അയാളുടെ സേർച്ചിങ് രീതിക്കനുയോജ്യമായ ഡേറ്റ എളുപ്പത്തിൽ നല്കാനുള്ള സൗകര്യം സിസ്റ്റം തന്നെ സ്വമേധയാ സ്വീകരിക്കുകയാണു പതിവ്.


ഡേറ്റാ റെപ്ളിക്കേഷനും (പുനഃക്രമീകരണം) സിങ്കറണനത്തി നും (synchronization) വെയർഹൗസിൽ ക്രമീകരണങ്ങളുണ്ടായിരിക്കും. വെയർഹൌസിലെ ഡേറ്റ പുതുക്കപ്പെടുന്നതോടൊപ്പം വെയർഹൗസിങ്ങിന്റെ വിദൂരസ്ഥ ശാഖകളിലും പ്രസ്തുത മാറ്റം പ്രതിഫലിക്കപ്പെടണം. ഇതിനുള്ള സംവിധാനമാണ് ഡേറ്റാ റെപ്ളിക്കേഷൻ. ഈ മാറ്റം പ്രതിഫലിക്കുന്നതിലുള്ള കാലവിളംബം ഒഴിവാക്കുക സിങ്കറണനത്തിലൂടെയാണ്. മാനേജ്മെന്റിന് തീരുമാനങ്ങൾ എടുക്കാൻ പലപ്പോഴും വെയർഹൗസിലുള്ളതു കൂടാതെ വേറെ ഡേറ്റ പ്രയോജനപ്പെടുത്തേണ്ടി വരാം: ഇതിനുള്ള സംവിധാനവും വെയർഹൗസിൽ ഉണ്ടാകണം. എങ്കിലേ ഡിഎസ്എസ്സിന് ഡേറ്റാ വെയർഹൗസിനെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡേറ്റാ_വെയർഹൌസിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡേറ്റാ_വെയർഹൗസ്&oldid=2283099" എന്ന താളിൽനിന്ന് ശേഖരിച്ചത്