ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽനിന്നും എ.ടി.എം വഴി പണം പിൻവലിക്കാനും, കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ തുക തങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകാനും മറ്റുമായി ബാങ്കുകൾ നല്കുന്ന പ്ലാസ്റ്റിക്‌ കാർഡുകളാണ്‌ ഡെബിറ്റ് കാർഡുകൾ. എ.ടി.എം കാർഡ്‌ എന്നും അറിയപ്പെടുന്നു. ഇന്റർനെറ്റ് വഴി പണം കൈമാറാനും, സാധനങ്ങൾ വാങ്ങാനും, ഓൺലൈൻ റീച്ചാർജ് ചെയ്യുവാനും എല്ലാം ഡെബിറ്റ് കാർഡ്‌ ഉപയോഗിക്കാം; ഈ സാഹചര്യങ്ങളിൽ ഡെബിറ്റ് കാർഡ്‌ നേരിട്ട് ഉപയോഗിക്കുന്നതിനു പകരം അക്കൗണ്ട്‌ നമ്പറും കാർഡിന്റെ പുറത്തു അച്ചടിച്ചിട്ടുള്ള സംഖ്യയും മറ്റും ആണ് ഉപയോഗിക്കുക. ഡെബിറ്റ് കാർഡ്‌ നൽകുന്നതിനോടൊപ്പം ഒരു നാലക്ക രഹസ്യ നമ്പർ ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ രഹസ്യ നമ്പർ ഉപയോഗിച്ചാണ് ഉപയോക്താക്കൾ പണമിടപാടുകൾ നടത്തുന്നത്. ചില വ്യാപാരികൾ, ഡെബിറ്റ് കാർഡ്‌ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് നിശ്ചിത തുക ക്യാഷ് ബാക്ക് നൽകാറുണ്ട്.

ഭാരതീയ സ്റ്റേറ്റ് ബാങ്ക് വിതരണം ചെയ്ത മാസ്റ്റർകാർഡ്‌ ഡെബിറ്റ് കാർഡ്‌

വീസ ഡെബിറ്റ് കാർഡ്‌, മാസ്റ്റർകാർഡ്‌, മെയ്സ്ട്രോ കാർഡ്‌ എന്നിങ്ങനെയുള്ള കാർഡുകളാണ്‌ പ്രധാനമായും ഇന്ത്യയിലെ ബാങ്കുകൾ നൽകുന്നത്. ഡെബിറ്റ് കാർഡ്‌ ഉപയോഗിച്ചുള്ള വിനിമയം കാർഡ്‌ നൽകുന്ന ബാങ്കുകളുമായി ബന്ധമുള്ളതാണെന്ന് പൊതുവെ പറയാമെങ്കിലും, പ്രധാനമായും വീസ, മാസ്റ്റർകാർഡ്‌ എന്നീ സാമ്പത്തിക സേവനദാധാക്കളുടെ ശൃംഖലയിലൂടെയാണ് ഇവ പ്രവർത്തിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഡെബിറ്റ്_കാർഡ്‌&oldid=3251033" എന്ന താളിൽനിന്ന് ശേഖരിച്ചത്