ഡുംഡുഭം
മഹാഭാരതത്തിലും കഥാസരിത്‌സാഗരത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വിശേഷസർപ്പമാണ് ഡുംഡുഭം. ഡുംഡുഭം എന്ന പദത്തിന്റെ സാധാരണ അർഥം നീർക്കോലി എന്നാണ്. സഹസ്രപാദമഹർഷി ഖഗമമഹർഷിയുടെ ശാപംമൂലം ഡുംഡുഭം എന്ന സർപ്പമായിത്തീർന്നു എന്നാണ് ഐതിഹ്യം. ഖഗമ മഹർഷി ഹോമം ചെയ്തുകൊണ്ടിരുന്നപ്പോൾ സഹസ്രപാദൻ പുല്ല് കൊണ്ടുണ്ടാക്കിയ ഒരു സർപ്പത്തെ നേരമ്പോക്കിനായി ഖഗമന്റെ പുറത്തേയ്ക്കെറിഞ്ഞു. ഭയന്നുപോയ ഖഗമൻ മോഹാലസ്യപ്പെടുകയും, ഉണർന്നപ്പോൾ സഹസ്രപാദനെ സർപ്പരൂപം ധരിക്കട്ടെയെന്ന് ശപിക്കുകയും ചെയ്തു. സഹസ്രപാദൻ ശാപമോക്ഷത്തിനായി അപേക്ഷിച്ചപ്പോൾ രുരു മഹർഷിയെക്കണ്ടാൽ ശാപമോക്ഷം ലഭിക്കുമെന്ന് അറിയിച്ചു. ഡുംഡുഭം പീന്നീട് രുരു മഹർഷിയെ സന്ദർശിക്കുകയും അദ്ദേഹത്തിന് ധർമോപദേശം നൽകിയശേഷം ശാപമുക്തനായിത്തീരുകയും ചെയ്തു എന്നാണ് മഹാഭാരതം ആദിപർവത്തിൽ പരാമർശിച്ചു കാണുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡുംഡുഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |