ഡിസ്‌ലെക്സിയ

(ഡിസ് ലെക്സിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ പെരുമാറ്റത്തിന് പൊതുവേ പറയുന്ന പേരാണ് ഡിസ്‌ലെക്സിയ (Dyslexia- വായിക്കുവാനും എഴുതുവാനും ഉള്ള ശേഷിക്കുറവ്)[1]

ഡിസ്‌ലെക്സിയ
സ്പെഷ്യാലിറ്റിനാഡീമനഃശാസ്ത്രം, പീഡിയാട്രിക്സ് Edit this on Wikidata

ഡിസ്‌ലെക്സിയ എന്ന ഗ്രീക്കുപദത്തിന്, വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്, എന്നാണർഥം. മറ്റു ബുദ്ധിമുട്ടുകളെ സൂചിപ്പിക്കാനും ഈ പദം പ്രയോഗിച്ചുവരുന്നു. മസ്തിഷ്ക പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകളാണ് ഡിസ്‌ലെക്സിയയ്ക്ക് കാരണമാകുന്നത്. ഇതിനെ പഠനശേഷിക്കുറവ് അല്ലെങ്കിൽ പഠനവൈകല്യം എന്ന് പൊതുവേ പറയാം. ഇത് ബുദ്ധിമാന്ദ്യമല്ല. സാധാരണ ബുദ്ധിശക്തിയുള്ള കുട്ടികൾക്ക് , എഴുത്ത്, വായന, ഗണിതം, എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളെയാണ് പഠനവൈകല്യം എന്ന് പൊതുവേ വിളിക്കുന്നത്‌. ശരാശരിയിലോ അതിലും കവിഞ്ഞ അളവിലോ ബുദ്ധി ഉണ്ടായിട്ടും അതിനു അനുസ്യൂതമായി പെരുമാറാൻ (behaviour) കഴിയാത്ത അവസ്ഥയാണ് ഡിസ്‌ലെക്സിയ. കാഴ്ച, കേഴ്വി, ഞരമ്പ്‌ രോഗം എന്നിവ അല്ലെങ്കിൽ പഠിപ്പിച്ചതിലെ പോരായ്മ എന്നിവയാൽ ഉണ്ടാകുന്ന വായിക്കുവാനുള്ള ബുദ്ധിമുട്ട് ഡിസ്‌ലെക്സിയ അല്ല. ഡിസ്‌ലെക്സിയ ബാധിച്ച കുട്ടികൾക്ക് ബുദ്ധിശക്തിക്ക് കുറവ് ഉണ്ടാകാറില്ല. പഠനം നിർവഹിക്കുവാൻ മസ്തിഷ്കത്തിലെ വ്യത്യസ്ത കോശങ്ങളുടെ സംയോജിത പ്രവർത്തനം ആവശ്യമാണ്.[2][3] ഈ സംയോജിത പ്രവർത്തനത്തിനു തകരാറുകൾ സംഭവിക്കുമ്പോഴാണ് ഡിസ്ലെക്സിയ ഉണ്ടാകുന്നത്. വായന, എഴുത്ത്, അക്ഷരവിന്യാസം, കണക്കുകൂട്ടൽ തുടങ്ങിയ കഴിവുകൾ സ്വായത്തമാക്കുവാൻ തന്മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ലക്ഷണങ്ങൾ

തിരുത്തുക

ബൌദ്ധിക (cognitive ) പ്രവർത്തനത്തിനു തകരാറുകൾ സംഭവിക്കുമ്പോഴാണ് ഡിസ്‌ലെക്സിയ ഉണ്ടാകുന്നത്. വായന, എഴുത്ത്, അക്ഷരവിന്യാസം, കണക്കുകൂട്ടൽ തുടങ്ങിയ കഴിവുകൾ സ്വായത്തമാക്കുവാൻ തന്മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചിത്രരചനയും സംഗീതവും പോലെ അമൂർത്തമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതു മസ്തിഷ്കത്തിന്റെ വലത്തേ അർധഗോളമാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അർധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേൾക്കുകയും വഴിയുള്ള ഉൾക്കൊള്ളലും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇവിടെത്തന്നെ. വലത്തേ അർധഗോളത്തിലും ഒരു ചെറിയ 'ഭാഷാ കേന്ദ്രം' ഉണ്ട്. ദൃശ്യവും ശ്രാവ്യവുമായ സന്ദേശങ്ങൾ വിവിധ ഭാഗങ്ങളിലായി അപഗ്രഥിച്ചു തിരിച്ചറിയുകയാണ് ഭാഷ ഉപയോഗിക്കുമ്പോൾ മസ്തിഷ്കം ചെയ്യുന്നത്. ഡിസ്‌ലെക്സിക് മസ്തിഷ്കങ്ങൾ 'ഭാഷാകേന്ദ്ര'ങ്ങളുടെ കാര്യത്തിൽ ആന്തരഘടനയിൽ വ്യത്യസ്തമാണ്. ഇതുമൂലം സന്ദേശങ്ങൾ വേണ്ടവിധം അപഗ്രഥിക്കാനും പ്രതികരിക്കാനും അവർക്കു കഴിയാതെവരുന്നു. ഇതു പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

കാരണങ്ങൾ

തിരുത്തുക

ഗർഭാവസ്ഥയിലോ, പ്രസവത്തിനോടനുബന്ധിച്ചോ തലച്ചോറിനു സംഭവിക്കുന്ന ആഘാതങ്ങൾ, അസാധാരണ രാസവ്യതിയാനങ്ങൾ എന്നിവയൊക്കെ ഡിസ്‌ലെക്സിയയ്ക്ക് കാരണമായേക്കാം..അപകടവും രോഗവും വഴി തലച്ചോറിൽ ഉണ്ടാകുന്ന ക്ഷതങ്ങൾമൂലവും, ഗർഭകാലത്തും പ്രസവസമയത്തും പ്രസവത്തിനു തൊട്ടുപിമ്പെയുമുള്ള വൈറൽ അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവ നിമിത്തവും ഡിസ്‌ലെക്സിയ ഉണ്ടാകാവുന്നതാണ്. ഡിസ്‌ലെക്സിയ രോഗിയുടെ മസ്തിഷ്കകോശങ്ങളുടെ ക്രമീകരണവും പ്രവർത്തനവും മറ്റു വ്യക്തികളുടേതിൽ നിന്നും വ്യത്യസ്തമാണ്. ഇത് ജനിതകപരമോ പരിസ്ഥിതിപരമോ ആയ കാരണങ്ങൾകൊണ്ട് ഉണ്ടാകാം. 85 ശ. മാ. ഡിസ്‌ലെക്സിയ രോഗികളുടേയും അടുത്തബന്ധുക്കൾക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആൺകുട്ടികളിലാണ് ഈ വൈകല്യം കൂടുതലായി കാണപ്പെടുന്നത്. ഈ വൈകല്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 3:1 ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അപകടവും രോഗവും വഴി തലച്ചോറിൽ ഉണ്ടാകുന്ന ക്ഷതങ്ങൾമൂലവും, ഗർഭകാലത്തും പ്രസവസമയത്തും പ്രസവത്തിനു തൊട്ടുപിമ്പെയുമുള്ള വൈറൽ അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവ നിമിത്തവും ഡിസ്ലെക്സിയ ഉണ്ടാകാവുന്നതാണ്.

ചിത്രരചനയും സംഗീതവും പോലെ അമൂർത്തമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതു മസ്തിഷ്കത്തിന്റെ വലത്തേ അർധഗോളമാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അർധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേൾക്കുകയും വഴിയുള്ള ഉൾക്കൊള്ളലും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇവിടെത്തന്നെ. വലത്തേ അർധഗോളത്തിലും ഒരു ചെറിയ 'ഭാഷാ കേന്ദ്രം' ഉണ്ട്. ദൃശ്യവും ശ്രാവ്യവുമായ സന്ദേശങ്ങൾ വിവിധ ഭാഗങ്ങളിലായി അപഗ്രഥിച്ചു തിരിച്ചറിയുകയാണ് ഭാഷ ഉപയോഗിക്കുമ്പോൾ മസ്തിഷ്കം ചെയ്യുന്നത്. ഡിസ്ലെക്സിക് മസ്തിഷ്കങ്ങൾ 'ഭാഷാകേന്ദ്ര'ങ്ങളുടെ കാര്യത്തിൽ ആന്തരഘടനയിൽ വ്യത്യസ്തമാണ്. ഇതുമൂലം സന്ദേശങ്ങൾ വേണ്ടവിധം അപഗ്രഥിക്കാനും പ്രതികരിക്കാനും അവർക്കു കഴിയാതെവരുന്നു. ഇതു പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

ഡിസ്‌ലെക്സിയ - തരംതിരിക്കൽ

തിരുത്തുക

വായനയിലെ പ്രശ്നങ്ങൾ (Dyslexia),എഴുത്തിലെ പ്രശ്നങ്ങൾ (Dysgraphia ), ഗണിതത്തിലെ പ്രശ്നങ്ങൾ (Dyscalculia) എന്നിങ്ങനെ യാണ് തരംതിരിച്ചിട്ടുള്ളത്.

ഡിസ്‌ലെക്സിയ

തിരുത്തുക

വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിൽ ഡിസ്‌ലെക്സിയ പ്രത്യക്ഷപ്പെടാം.

ഡിസ്ഗ്രാഫിയ

തിരുത്തുക

കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക (മിറർ റൈറ്റിംഗ് ), വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, ലതയ്ക്ക് പകരം തല എന്നെഴുതുക , ചിഹ്നങ്ങൾ എവിടെയാണ് ഉപയോഗിക്കേണ്ടതെന്നു തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പല രീതിയിൽ ഡിസ്ഗ്രാഫിയക്കാരിൽ പ്രകടമാകാം.

ഡിസ്കാല്കുലിയ

തിരുത്തുക

കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക, എന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസ്സിലാകില്ല. കൂട്ടുക, കുറയ്ക്കുക എന്ന് പറയുമ്പോൾ എന്താണ് നിർദ്ദേശിച്ചതെന്നു കുട്ടിയുടെ മനസ്സിന് പിടിച്ചെടുക്കാൻ സാധിക്കില്ല.

കണ്ടെത്തൽ

തിരുത്തുക

ഡിസ് ലെക്സിയ നേരത്തെ കണ്ടെത്തി കുട്ടിക്ക് ആവശ്യമായ സഹായം നൽകിയില്ലെങ്കിൽ ഇത് പെരുമാറ്റ വൈകല്യങ്ങൾക്കും കാരണമാവും. പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെടുകയും സ്കൂൾ ഒരു തടവറയായി കുട്ടിക്ക് തോന്നുകയും ചെയ്യും. ഡിസ്ലെക്സിയ ബാധിച്ച കുട്ടികൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനാൽ അവർ വീട്ടിലും സ്കൂളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ടെലിവിഷനോടുള്ള അടിമത്തം ഈ കുട്ടികൾക്ക് ഒരു രക്ഷാമാർഗ്ഗമാണ്. പരാജയത്തിന്റെ തീവ്രത കുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരിൽ സാധാരണമാണ്. കാലക്രമേണ ഇവർ മുൻകോപികളും പ്രക്ഷോഭകാരികളുമായി മാറുന്നു. ആത്മനിന്ദ കുറയ്ക്കാനുള്ള മാർഗ്ഗമായിട്ടാണ് ഇവർ ഇത്തരം പ്രവർത്തനങ്ങളെ കാണുന്നത്.

അധ്യാപകരാണ് സാധാരണയായി ഡിസ്ലെക്സിയ കണ്ടെത്തുന്നത്. കുട്ടികളുടെ കഴിവുകൾ താരതമ്യം ചെയ്യുവാനും, പഠനശേഷി വിലയിരുത്തുവാനും മറ്റുള്ളവരെക്കാൾ കൂടുതൽ അവസരം അവർക്കു ലഭിക്കുന്നതാവാം ഇതിന് കാരണം.

മനഃശാസ്ത്രജ്ഞൻ, ശിശുരോഗവിദഗ്ദ്ധൻ, മനോരോഗചികിത്സകൻ, അധ്യാപകൻ, സാമൂഹ്യപ്രവർത്തകൻ, സ്പീച്ച് തെറാപിസ്റ്റ് എന്നിവരുൾപ്പെടുന്ന സംഘമാണ് ഡിസ്ലെക്സിയ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തുന്നത്. ഇവർ കുട്ടികളുടെ ശാരീരിക മാനസികശേഷി, കാഴ്ചശക്തി, കേൾവിശക്തി, ഐ.ക്യൂ., വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, മറ്റു കഴിവുകൾ എന്നിവ പരിശോധിക്കുന്നു. വായിക്കാനും അക്ഷരവിന്യാസം മനസ്സിലാക്കാനും കണക്കുക്കൂട്ടാനുമുള്ള കുട്ടികളുടെ കഴിവുകൾ അളന്നും നിരീക്ഷണം നടത്തിയും ദീർഘസംഭാഷണത്തിനു വിധേയമാക്കിയും തെറ്റുകളുടെ അപഗ്രഥനം നടത്തിയുമാണ് ഡിസ്ലെക്സിയയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നത്.

പ്രത്യേക ശ്രദ്ധ

തിരുത്തുക

ഡിസ്ലെക്സിക്ക് കുട്ടികൾക്ക് പ്രത്യേക പരിഗണനകൾ നൽകാൻ സ്കൂളുകൾ തയ്യാറാകണം. ഒന്നിൽക്കൂടുതൽ ഭാഷ പഠിക്കുന്നതിൽനിന്ന് ഇവരെ ഒഴിവാക്കുക, എഴുത്തു പരീക്ഷയിൽ കേട്ടെഴുത്തുകാരെ ഉപയോഗിക്കാൻ ഇവരെ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കാവുന്നതാണ്. കർണാടകയിലും മഹാരാഷ്ട്രയിലും ഈ സമ്പ്രദായം നിലവിൽവന്നു കഴിഞ്ഞിട്ടുണ്ട്.

കുട്ടികളിൽ ആത്മവിശ്വാസവും മതിപ്പും വർധിപ്പിക്കുവാൻ അധ്യാപകരും രക്ഷാകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്ക് സ്നേഹവും പ്രത്യേകപരിഗണനയും നൽകുകയും അവരുടെ കഴിവുകൾ കണ്ടെത്തി അതു വികസിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യുകയുമാണ് ഡിസ്ലെക്സിയ പരിഹരിക്കാനുള്ള മാർഗം. ആൽബർട്ട് ഐൻസ്റ്റീൻ, ലിയൊനാർഡോ ഡാവിഞ്ചി, തോമസ് ആൽവാ എഡിസൻ, വിൻസ്റ്റൻ ചർച്ചിൽ എന്നീ മഹാന്മാരെല്ലാം ഡിസ് ലെക്സിയയെ വിജയകരമായി നേരിട്ടവരാണ്.

ഹൈദരാബാദ്, സിക്കന്ദരാബാദ്, ബാംഗ്ലൂർ, മൈസൂർ, ചെന്നൈ, ന്യൂഡൽഹി, മുംബൈ തുടങ്ങിയ പല സ്ഥലങ്ങളിലും ഡിസ്ലെക്സിക്കുകളുടെ സഹായത്തിനായി പ്രത്യേക സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ കൊച്ചിയിലും തൃശൂരുമാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്.

അധിക വായനയ്ക്ക്

തിരുത്തുക
  1. "Dyslexia Information Page". National Institute of Neurological Disorders and Stroke. 2010-05-12. Archived from the original on 2016-07-27. Retrieved 2010-07-05.
  2. Grigorenko EL (2001). "Developmental dyslexia: DISLEXIA! an update on genes, brains, and environments". JDYSLEXIA THE SWEET Child Psychol Psychiatry. 42 (1): 91–125. doi:10.1111/1469-7610.00704. PMID 11205626. {{cite journal}}: Unknown parameter |month= ignored (help)
  3. Schulte-Körne G, Warnke A, Remschmidt H (2006). "[Genetics of dyslexia]". Z Kinder Jugendpsychiatr Psychother (in ജർമ്മൻ). 34 (6): 435–44. doi:10.1024/1422-4917.34.6.435. PMID 17094062. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)

പുറം കണ്ണികൾ

തിരുത്തുക
Organizations
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിസ്‌ലെക്സിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിസ്‌ലെക്സിയ&oldid=3786832" എന്ന താളിൽനിന്ന് ശേഖരിച്ചത്