അപമാർജകങ്ങൾ

(ഡിറ്റർജന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജലത്തിന്റെ ധാവനശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദാർഥങ്ങൾ അപമാർജകങ്ങൾ (Detergents)[1] എന്നു പറയുന്നു. അലക്കുമണ്ണ് (fullers earth)[2] മുതലായ ചില പ്രാകൃതികവസ്തുക്കൾക്കും അപമാർജകത്വഗുണം ഉണ്ടെങ്കിലും ഈ പദംകൊണ്ടു സാമാന്യമായി വിവക്ഷിക്കുന്നത് കൃത്രിമനിർമിതങ്ങളായ അപമാർജകങ്ങളെയാണ്.

അപമാർജകങ്ങൾ

വസ്ത്രങ്ങളിലെ അഴുക്കകറ്റാൻ

തിരുത്തുക

വസ്ത്രങ്ങളിലും മറ്റും അഴുക്കു പറ്റിപ്പിടിക്കുന്നത് അവയിൻമേലുള്ള മെഴുക്കു (എണ്ണ) കാരണത്താലാണ്. ആകയാൽ ഒരു അപമാർജകം ആർദ്രീകാരകം, എമൾസീകാരകം എന്നിങ്ങനെ രണ്ടു നിലകളിൽ പ്രവർത്തിക്കുന്നു. സാധാരണയായി ഒരു അപമാർജകത്തിൽ ഒരു 'പോളാർ' ഗ്രൂപ്പും ഒരു 'നോൺ പോളാർ' ഗ്രൂപ്പും ഉണ്ടായിരിക്കും. ഇവയിൽ ആദ്യത്തേതിനു ജലത്തോടും രണ്ടാമത്തേതിനു മെഴുക്കിനോടും ബന്ധുതയുണ്ട്. പരസ്പരബന്ധുതയുള്ള ഗ്രൂപ്പുകൾ അന്യോന്യം ആകർഷിക്കപ്പെടുന്നതുമൂലം മെഴുക്കിന്റെ അംശം ചെറിയ ചെറിയ കണങ്ങളായി വിഭജിക്കപ്പെട്ട് ജലവുമായി കലർന്ന് എമൾഷൻ ഉണ്ടാകുന്നു. ഈ എമൾഷനപ്രക്രിയ പുരോഗമിക്കുന്നതോടുകൂടി മെഴുക്കും ഒപ്പം അഴുക്കും ഇളകിമാറുകയും വസ്ത്രാദികൾ വൃത്തിയാക്കപ്പെടുകയും ചെയ്യും.

നിർമ്മാണവസ്തുക്കൾ

തിരുത്തുക
 
ബോറക്സ് അടങ്ങിയ അപമാർജകങ്ങൾ

1954-വരെ വിപണിയിൽ ലഭ്യമായിരുന്ന മനുഷ്യനിർമിതമായ അപമാർജകം പ്രധാനമായും സോപ്പ് ആയിരുന്നു. അതിന്റെ അപമാർജ്ജനശേഷിയെ അതിശയിക്കുന്ന പദാർഥങ്ങൾ വിരളമാണ്. സോപ്പുനിർമ്മാണത്തിനു സസ്യജന്യമോ മാംസജന്യമോ ആയ എണ്ണയും കൊഴുപ്പുമാണ് ഉപയോഗിക്കുന്നത്. ഇവ ഭക്ഷ്യവസ്തുക്കളായും ഉപയോഗിക്കാവുന്നതുകൊണ്ട് സംശ്ലിഷ്ടാപമാർജകങ്ങൾ (synthetic detergents)[3] ഉണ്ടാക്കുന്നതിന് വേറെ പ്രാരംഭപദാർഥങ്ങൾ കണ്ടുപിടിക്കേണ്ടതായി വന്നു. ക്രാക്കിങ് (cracking) പ്ലാന്റുകളിൽനിന്നു കിട്ടുന്ന വാതകങ്ങളും ഒലിഫീനുകളും ആണ് തൻമൂലം ഇന്ന് അപമാർജകനിർമിതിയിൽ ഉപയോഗിക്കപ്പെടുന്ന ആരംഭവസ്തുക്കൾ.

അപമാർജ്ജനപ്രവർത്തനത്തിനു നിദാനമായ ഗ്രൂപ്പിന്റെ സ്വഭാവമനുസരിച്ച് അപമാർജകങ്ങളെ അനയോണിക്, കാറ്റയോണിക്, നോൺ അയോണിക്, ആംഫോളിറ്റിക് എന്നിങ്ങനെ നാലായിത്തിരിക്കാം. വെളിച്ചെണ്ണയിൽനിന്ന് ഉണ്ടാക്കാവുന്ന ലൌറിൽ ആൽക്കഹോളിന്റെ[4] (Lauryl alcohol) സോഡിയം സൾഫേറ്റ് ലവണം

(C12 H25 O. SO2. ONa) അനയോണികാപമാർജകത്തിന് ദൃഷ്ടാന്തമാണ്. ഇതിൽ ഹൈഡ്രോകാർബൺ റാഡിക്കൽ സൽഫോണിക് അമ്ല ഗ്രൂപ്പിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് വെളുത്ത ഒരു പൊടിയാണ്. സ്റ്റിയറിൽ ട്രൈമെഥിൽ അമോണിയം ബ്രോമൈഡ് [C8 H37. (CH3)3 N.Br] ഒരു കാറ്റയോണികാപമാർജകമാണ്. ഇതിൽ ഹൈഡ്രൊകാർബൺ റാഡിക്കൽ ഒരു ബേസിക-ഗ്രൂപ്പിനോട് ബന്ധപ്പെട്ടിരിക്കുന്നു. നോൺ-അയോണികാപമാർജകങ്ങളാണ് പോളി എഥിലീൻ ഗ്ലൈക്കോളുകൾ. ഈ വകുപ്പിൽപ്പെട്ടവ വിദ്യുത്-വിശ്ലേഷണത്തിനു വിധേയമാവുകയില്ല. അനയോണികഗ്രൂപ്പും കാറ്റയോണികഗ്രൂപ്പും അടങ്ങിയവയാണ് ആംഫോളിറ്റികാപമാർജകങ്ങൾ. ഇതിന്റെ ചില പ്രവർത്തനങ്ങൾ അമിനൊ അമ്ലത്തിന്റേതിനു തുല്യമായിരിക്കും.

തുണികൾ, ചായങ്ങൾ‍, ലോഹം, തോല്]]‍, കടലാസ്, ഭക്ഷ്യസാധനങ്ങൾ, ഔഷധം എന്നിവയുടെ നിർമ്മാണ വ്യവസായങ്ങളിൽ അപമാർജകങ്ങളെ വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-06. Retrieved 2011-09-27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-05. Retrieved 2011-09-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-28. Retrieved 2011-09-27.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-01. Retrieved 2011-09-27.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപമാർജകങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപമാർജകങ്ങൾ&oldid=3961083" എന്ന താളിൽനിന്ന് ശേഖരിച്ചത്