ബൾഗേറിയൻ വിദ്യഭ്യാസ പരിഷ്‌കർത്താവും സ്ത്രീകളുടെ വോട്ട് അവകാശത്തിനു വേണ്ടി പോരാടിയ സാമൂഹിക പ്രവർത്തകയുമായിരുന്നു ഡിമിട്രാന ഇവാനോവ English: Dimitrana Ivanova (Bulgarian: Димитрана Иванова). 1926 മുതൽ 1944 വരെ ബൾഗേറിയൻ വിമൻസ് യൂനിയൻ അധ്യക്ഷയായി സേവനം അനുഷ്ടിച്ചു.

ഡിമിട്രാന ഇവാനോവ

ജീവിത രേഖ

തിരുത്തുക

1881ൽ ബൾഗേറിയയിലെ റുസെയിൽ ഒരു വ്യാപാരിയുടെ മകളായി ജനിച്ചു. ബൾഗേറിയയിലെ പ്രാദേശിക ഗേൾസ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടി. 1896 മുതൽ സോഫിയ സർവ്വകലാശാലയിൽ വനിതകൾക്ക് പ്രഭാഷണങ്ങൾ കേൾക്കാൻ പോകാൻ മാത്രമെ അനുവാദം ഉണ്ടായിരുന്നുള്ളു. 1901 വരെ ഇവിടെ പെൺകുട്ടികൾക്ക് റെഗുലർ വിദ്യാർഥികളായി പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനാൽ സർവ്വകലാശാല പ്രവേശനത്തിന് ആവശ്യമായ സെക്കണ്ടറി ഗ്രേഡുകളിൽ ഏഴിൽ ആറു മാത്രമാണ് പെൺകുട്ടികൾക്ക് ഹൈ സ്‌കൂളുകളിൽ നൽകിയിരുന്നത്. അതിനാൽ സോഫിയ സർവ്വകലാശാലയിൽ നിയമ പഠനം നടത്തണമെന്ന ഇവാനോവയുടെ ആഗ്രഹം സഫലമായില്ല. പക്ഷേ, ജർമ്മനിയിലെ സുറിച്ച് സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ പഠനം നടത്തി. 1900-ൽ ബൾഗേറിയയിൽ തിരിച്ചെത്തിയ അവർ അധ്യാപികയായി സേവനം അനുഷ്ടിച്ചു. ആ സമയത്ത് പ്രായോഗികമായി സ്ത്രീകൾക്ക് അനുവദനീയമായിരുന്ന ഏക തൊഴിലായിരുന്നു അധ്യാപനം. 1904 വരെ വിവാഹിതരായ സ്ത്രീകൾക്ക് അധ്യാപക ജോലിക്ക് നിരോധനമുണ്ടായിരുന്നു. 1914-ൽ ഇവാനോവ അധ്യാപകനായ ഡോൻഞ്ചു ഇവാനോവിനെ വിവാഹം ചെയ്തു. ഔദ്യോഗിക ജീവിതം അപ്പോഴും തുടർന്നു. 1921-ൽ സോഫിയ സർവ്വകലാശാലയിൽ നിയമ പഠനത്തിന് അപേക്ഷിച്ചു. 1927ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് നിയമ പഠനത്തിൽ ബിരുദം നേടി.

സ്ത്രീകളുടെ വോട്ടവകാശം

തിരുത്തുക

1926ൽ ജൂലിയ മലിനോവയുടെ പിൻഗാമിയായി രാജ്യത്തെ പ്രമുഖ വനിതാ കൂട്ടായ്മയായ ബൾഗേറിയൻ വിമൻസ് യൂനിയന്റെ അധ്യക്ഷയായി. 1935 മുതൽ 1940 വരെ ഇന്റർനാഷണൽ അലയൻസ് ഓഫ് വിമൻ എന്ന സംഘടനയുടെ ബോർഡ് അംഗമായി. ഇവാനോവ വിമൻസ് യൂനിയൻ അധ്യക്ഷയായ സമയത്ത് പ്രധാനമായും രണ്ടു വിഷയങ്ങൾ രാജ്യത്ത് ഏറെ ചർച്ചയായി. നിയമ രംഗത്ത് സ്ത്രീകൾക്ക് ജോലിചെയ്യാനുള്ള അനുമതിയും സ്ത്രീകളുടെ വോട്ടവകാശവും. ഇവരുടെ പോരാട്ടത്തിന്റെ ഫലമായി 1937ൽ ബൾഗേറിയയൻ സ്ത്രീകൾക്ക് ഉപാധികളോടെ വോട്ടവകാശം ലഭിച്ചു. വിധവകളും വിവാഹമോചിതരും വിവാഹിതരുമായ സ്ത്രീകൾ ഒഴികെയുള്ളവർക്ക് വോട്ടവകാശം ലഭിച്ചു. 1944-ൽ ബൾഗേറിയയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവിൽ വന്നതിന് ശേഷം എല്ലാ പൗര ഇടത്തരം സംഘടനകളേയും നിരോധിച്ചു. ഇവനോവ അറസ്റ്റ് ചെയ്യപ്പെട്ടു. 1945- ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവരുമായി ബന്ധപ്പെട്ട ഒരാളുടെ ഇടപെടലിലൂടെ അവർ മോചിതയായി.

"https://ml.wikipedia.org/w/index.php?title=ഡിമിട്രാന_ഇവാനോവ&oldid=3203091" എന്ന താളിൽനിന്ന് ശേഖരിച്ചത്