ഡിഫ്യൂസർ
ഒരു ദ്രവ അഥവാ വാതക പ്രവാഹ(fluid stream)ത്തിന്റെ വേഗം (velocity)കുറയ്ക്കുന്നതിനും മർദം കൂട്ടുന്നതിനുമുളള വാഹിക (duct). ഒരു നോസ്സിലിൽ സംഭവിക്കുന്നതിനു വിപരീതമായുളള പ്രവർത്തനമാണ് ഡിഫ്യൂസറിൽ നടക്കുന്നത്. സംപീഡകം (compressor), വിൻഡ് ടണൽ, വിമാന എൻജിൻ, റാംജെറ്റ് എൻജിൻ എന്നിവയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഡിഫ്യൂസർ. വിമാനത്തിന്റെ എൻജിനിനുള്ളിൽ പ്രവേശിക്കുന്ന അന്തരീക്ഷവായുവിന്റെ ആപേക്ഷിക വേഗം വിമാനത്തിന്റെ വേഗത്തിനു തുല്യമായിരിക്കും. എൻജിനിന്റെ ദഹന അറ(combustion chamber)യിൽ പ്രവേശിക്കുമ്പോൾ ഈ വായുവിന്റെ വേഗം വളരെ കുറഞ്ഞും മർദം കൂടിയുമിരിക്കണം. ഡിഫ്യൂസർ ഈ കർത്തവ്യം ഭാഗികമായി നിർവഹിക്കുന്നു. റാംജെറ്റ് എൻജിനിൽ ഡിഫ്യൂസർ ഇതു പൂർണമായും നിർവഹിക്കുന്നു.
പ്രവാഹവേഗത്തിന്റെ തോതനുസരിച്ച് രണ്ടു വിധത്തിലുളള ഡിഫ്യൂസറുകൾ രൂപകല്പന ചെയ്യാറുണ്ട്. അവധ്വനിക (subsonic) ഡിഫ്യൂസറും അധിധ്വനിക (supersonic)ഡിഫ്യൂസറും ആണിവ. ശബ്ദത്തിന്റെ വേഗത്തിൽ നിന്നും കുറഞ്ഞ വേഗത്തിൽ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിന് അവധ്വനിക ഡിഫ്യൂസർ മതിയാകും. ഇതിന് വളരെ ലളിതമായ ഘടനയാണുള്ളത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ പ്രവാഹദിശയിൽ വാഹികയുടെ ഛേദതലവിസ്തീർണം കൂടിവരുന്ന ഒരു അപസാരി വാഹിക (diverging duct) ആണിത്.
അധിധ്വനിക ഡിഫ്യൂസർ ശബ്ദവേഗത്തേക്കാൾ കൂടിയ വേഗത്തിൽ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിനുപയോഗിക്കുന്നു. ഇതിന്റെ ഘടന അവധ്വനിക ഡിഫ്യൂസറിന്റെ വിപരീതരീതിയിലാണ്. ഇത് ഒരു അഭിസാരി വാഹിക (convergent duct) ആണ് എന്ന് ലളിതമായി പറയാം. എന്നാൽ അധിധ്വനിക പ്രവാഹത്തെ വളരെ താഴ്ന്ന വേഗത്തിലാക്കുന്നതിനുപയോഗിക്കേ ഡിഫ്യൂസറിന്റെ രൂപകല്പന (design) സങ്കീർണമാണ്. സൂപ്പർസോണിക വിമാനത്തിൽ ഇത്തരം ഡിഫ്യൂസറുകളാണ് ഉപയോഗിക്കുന്നത്.
സെൻട്രിഫ്യൂഗൽ കംപ്രസർ, ഫാൻ, ബ്ലോവർ എന്നിവയിൽ ഇംപലറിൽനിന്നു വരുന്ന പ്രവാഹത്തിന്റെ ഗതികോർജം (kinetic energy) ഡിഫ്യൂസർ സ്ഥാനീയോർജം (potential energy) ആക്കി മാറ്റുകയും അതുവഴി മർദവർധന അധികമായി ലഭ്യമാക്കുകയും ചെയ്യുന്നു.
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിഫ്യൂസർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |