ഡിജിറ്റൽ കൺട്രോൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഭൗതിക സംവിധാനത്തിലെ വിവിധ പ്രക്രിയകളെ ഡിജിറ്റൽ കംപ്യൂട്ടർ ഉപയോഗിച്ച് നിയന്ത്രിക്കുന്ന രീതിയാണ് ഡിജിറ്റൽ കൺട്രോൾ(Digital control) . പ്രക്രിയകളും കംപ്യൂട്ടറും പരസ്പരം വിവരങ്ങൾ കൈമാറുന്നത് ഉപകരണത്തിലെ പ്രോസസ് ഇന്റർഫേസിലൂടെയാണ്.
ഭൗതിക പ്രവർത്തനങ്ങളെ അനലോഗ്, ഡിജിറ്റൽ എന്നു രണ്ടായി വർഗീകരിക്കാം.
അനലോഗ് പ്രക്രിയയുടെ നിർഗമത്തിനു നിശ്ചിത പരിധിക്കുള്ളിൽ ഏതു മൂല്യവും സ്വീകരിക്കാനാവും; സമയബദ്ധമായും ഇവിടെ നിർഗമത്തിനു മാറ്റം സംഭവിക്കാം. ഇത്തരം നിർഗമ സിഗ്നലുകളെ ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്തശേഷമാണ് ഡിജിറ്റൽ കൺട്രോൾ സംവിധാനത്തിലെത്തിക്കുന്നത്. ഒരു ഉപകരണത്തിലെ താപനില, സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത മുതലായവ അനലോഗ് ക്രിയകൾക്കുള്ള ഉദാഹരണങ്ങളാണ്.
രണ്ട് അവസ്ഥകൾ മാത്രം സ്വീകരിക്കാവുന്ന ക്രിയകളെയാണ് ഡിജിറ്റൽ പ്രക്രിയകൾ എന്നു സൂചിപ്പിക്കുന്നത്. വൈദ്യുത ബൾബിന്റെ ഓൺ/ഓഫ് അവസ്ഥ, പൈപ്പ്ലൈൻ സംവിധാനത്തിൽ ഒരു വാൽവ് തുറന്നിരിക്കുക/അടഞ്ഞിരിക്കുക മുതലായവ ഇത്തരം പ്രവൃത്തികൾക്കുള്ള ഉദാഹരണങ്ങളാണ്. ഇവയുടെ നിർഗമ അവസ്ഥകളെ ഡിജിറ്റൽ കൺവെർട്ടറുകൾ വഴി ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്തശേഷം കൺട്രോൾ സംവിധാനത്തിലെ കംപ്യൂട്ടറിൽ എത്തിക്കുന്നു.
തൽസമയ ഗണനം നടത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ ഡിജിറ്റൽ കൺട്രോളറിനു ശരിയായ പ്രവർത്തനം കാഴ്ച വയ്ക്കാനാകൂ. കാരണം, കൺട്രോളർ നിയന്ത്രിക്കുന്ന ഭൌതിക പ്രക്രിയകളിൽ സമയബദ്ധമായി വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരം, കൺട്രോളറിലെ കംപ്യൂട്ടർ സംവിധാനത്തിനും, തൽസമയത്തു തന്നെ ലഭിക്കേണ്ടതുണ്ട്.
ഇത്തരം സംവിധാനങ്ങളുള്ള കംപ്യൂട്ടറുകളിലെ പ്രോഗ്രാമുകൾ പൊതുവേ അസംബ്ലി, ഹൈ-ലെവെൽ കംപ്യൂട്ടർ ഭാഷകളിൽ തയ്യാറാക്കപ്പെട്ടവയായിരിക്കും. കംപ്യൂട്ടറിലെ നിവേശ രജിസ്റ്ററുകളിലെ ഡേറ്റയെ നേരിട്ടു കൈകാര്യം ചെയ്യാനും ഇതിലെ പ്രോഗ്രാമുകൾക്ക് ശേഷിയുണ്ടായിരിക്കും. മിക്കപ്പോഴും 'സ്ട്രക്ചേഡ് മോഡ്യൂളിങ്' സംവിധാനത്തിലാവും കംപ്യൂട്ടർ പ്രവർത്തിക്കുക. ചെയ്തു തീർക്കേണ്ട പ്രധാന ജോലികളെ അനവധി ചെറിയ ജോലികളായി വിഭജിച്ച് ഓരോന്നിനേയും സമയബദ്ധമായി ഒരു നിശ്ചിത ക്രമത്തിൽ ചെയ്തു തീർക്കുന്നു. ഇതിന് പ്രയോജനപ്പെടുത്താവുന്നവയാണ് സ്വചാലിത നിയന്ത്രണ അൽഗോരിഥങ്ങൾ. ഫീഡ്ബാക്, ഫീഡ്ഫോർവേഡ് എന്നു രണ്ടു രീതികളിൽ ഇവ ലഭിക്കാറുണ്ട്. ഇവ കൂടാതെ വളരെ സൂക്ഷ്മമായ നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വ്യത്യസ്ത സാങ്കേതിക സംവിധാനങ്ങളും ഡിജിറ്റൽ കൺട്രോളിൽ ഉപയോഗിക്കാറുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിജിറ്റൽ കൺട്രോൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |