ഡയോപ്റ്റർ
കാച(lens)ത്തിന്റെ ശക്തി(power)യുടെ അളവ്. ഒരു കാചത്തിന്റെ ഫോക്കൽ ദൂരം(focal length) മീറ്ററിൽ കണക്കാക്കി ആ സംഖ്യകൊണ്ട് ഒന്നിനെ ഹരിച്ചാൽ കിട്ടുന്ന അളവാണ് ആ കാചത്തിന്റെ ശക്തി അഥവാ ഡയോപ്റ്റ്രിക് പവർ. അതായത് 1 മീ. (100 സെ.മീ.)ഫോക്കൽ ദൂരമുള്ള കാചത്തിന്റെ ശക്തിയാണ് ഒരു ഡയോപ്റ്റർ (Dioptre). 50 സെ.മീ., 20 സെ.മീ. ഫോക്കൽ ദൂരങ്ങളുള്ള കാചങ്ങളുടെ ശക്തി യഥാക്രമം 2 ഡയോപ്റ്ററും 5 ഡയോപ്റ്ററും ആണ്.
കാചത്തിലൂടെ കടന്നുപോകുന്ന സമാന്തര രശ്മികൾ കേന്ദ്രീകരിക്കുന്ന ബിന്ദുവിനെയാണ് ഫോക്കസ് എന്നു പറയുന്നത്. കാചത്തിന്റെ മധ്യത്തിൽ നിന്ന് ഫോക്കസ്സിലേക്കുള്ള അകലമാണ് ഫോക്കൽ ദൂരം. ഫോക്കൽ ദൂരത്തെ നേരിട്ട് അടിസ്ഥാനമാക്കിയും കാചശക്തി പറയാം. എന്നാൽ ഒന്നിൽക്കൂടുതൽ കാചങ്ങൾ സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോൾ (combination of lenses) കിട്ടുന്ന ഫോക്കൽ ദൂരം, അവയുടെ ഫോക്കൽ ദൂരങ്ങൾ നേരിട്ട് കൂട്ടിയാൽ കിട്ടുന്നതല്ല. ഉദാ. 10 സെ.മീ. വീതം ഫോക്കൽ ദൂരമുള്ള രണ്ടു കാചങ്ങൾ ചേർത്തുപയോഗിക്കുമ്പോൾ സംയോജിത ഫോക്കൽ ദൂരമായി കിട്ടുന്നത് 5 സെ.മീ. ആണ്. 20 സെ.മീ.-ഉം 10 സെ.മീ. -ഉം ഫോക്കൽ ദൂരങ്ങളുള്ളവയുടെ സംയുക്തത്തിൽ സംയോജിത ഫോക്കൽ ദൂരം 7 സെ. മീ. നടുത്താണ്. അതായത് സംയോജിത കാചങ്ങളുടെ ഫോക്കൽ ദൂരം കണക്കാക്കാൻ അവയുടെ ഫോക്കൽ ദൂരങ്ങളുടെ വ്യുൽക്രമസംഖ്യകൾ (ഒന്നിനെ ഫോക്കൽ ദൂരം കൊണ്ട് ഹരിച്ച സംഖ്യകൾ) കണ്ടുപിടിച്ച് അവ തമ്മിൽ കൂട്ടിയ തുക കണക്കാക്കി വീണ്ടും അതിന്റെ വ്യുൽക്രമം കണ്ടാൽ മതിയാകും.
കണ്ണടയ്ക്കുള്ള കാചങ്ങൾ പരിശോധിക്കുമ്പോൾ വിവിധ ഫോക്കൽദൂരങ്ങളുള്ള പല കാചങ്ങൾ ചേർത്തുപയോഗിച്ചു നോക്കേണ്ടിവരും. ഇവിടെ, കണക്കുകൂട്ടലിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി കാചങ്ങളെ തരം തിരിക്കുന്നത് (grading) ഫോക്കൽ ദൂരത്തെ നേരിട്ട് ആധാരമാക്കിയല്ല, അവയുടെ വ്യുൽക്രമം ഡയോപ്റ്ററിൽ എടുത്തിട്ടാണ്. ഇവിടെ കാചങ്ങളുടെ ശക്തി ധനാത്മകമോ ഋണാത്മകമോ ആകാം. മിക്കവാറും കണ്ണടകൾക്ക് 0.5 മുതൽ 5 ഡയോപ്റ്റർ വരെ ആയിരിക്കും ശക്തിയുണ്ടായിരിക്കുക. പ്രായം കൂടുമ്പോൾ വെള്ളെഴുത്ത് കൊണ്ടുണ്ടാകുന്ന കാഴ്ചക്കുറവ് പരിഹരിക്കാനുപയോഗിക്കുന്ന കണ്ണടകളുടെ ശക്തി 45 വയസ്സിൽ +1 ഡയോപ്റ്ററിൽ തുടങ്ങി 60 വയസ്സാകുമ്പോഴേക്ക് +2.5 ഡയോപ്റ്ററിൽ എത്തുകയാണ് പതിവ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയോപ്റ്റർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |