സിറാക്യൂസിലെ (ഗ്രീസ്) ഡയണീഷസ് രാജാവിന്റെ കൊട്ടാര സദസ്സിലെ അംഗമാണ് ഡമോക്ലീസ്. രാജാവ് സർവദാ ഐശ്വര്യത്തിലും സമ്പത്തിലും അധികാരത്തിലും മുഴുകി സുഖ ജീവിതം നയിക്കുകയാണെന്ന് ഡമോക്ലീസ് ഒരിക്കൽ വിമർശന രൂപത്തിൽ അഭിപ്രായപ്പെട്ടു. തന്നെ അനുമോദിക്കുകയും വിമർശിക്കുകയും ചെയ്ത ഡമോക്ലീസിനെ, ഒരു രാജാവിന്റെ യഥാർഥ അവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തി കൊടുക്കണമെന്ന് ഡയണീഷസ് തീരുമാനിച്ചു. ഒരിക്കൽ വിഭവ സമൃദ്ധമായ രാജകീയ വിരുന്നിന് രാജാവ് ഡമോക്ലീസിനെ ക്ഷണിച്ചു. വിരുന്ന് കഴിഞ്ഞ് സന്തുഷ്ടനായിത്തീർന്ന ഡമോക്ലീസിനെ തന്റെ രാജസിംഹാസനത്തിൽ കുറച്ചു സമയം ഉപവിഷ്ടനാകുവാൻ രാജാവ് നിർദ്ദേശിച്ചു. ഇതനുസരിച്ച് ഡമോക്ലീസ് രാജാവിന്റെ സിംഹാസനത്തിൽ കയറി ഇരുന്നു. ഇരുന്നതിനു ശേഷം മുകളിലേക്കു നോക്കിയപ്പോൾ ഒരു തലനാരിഴയിൽ തൂക്കിയിട്ടിരിക്കുന്ന വാൾ ഇദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു. ഏതു നിമിഷവും തലനാരിഴ പൊട്ടി ആ വാൾ തന്റെ ശിരസ്സിൽ പതിക്കാമെന്ന സാഹചര്യമോർത്ത് ഡമോക്ലീസ് അത്യധികം അസ്വസ്ഥനായിത്തീർന്നു.

ഡമോക്ലീസിന്റെ ഖഡ്ഗം

ഗുണപാഠം

തിരുത്തുക

നേർത്ത ഒരു മുടിയിൽ കെട്ടി തൂക്കിയിട്ടിരിക്കുന്ന വാളിന്റെ ചുവട്ടിലിരിക്കുന്നതു പോലെ ഭീതി ജനകമാണ് ഒരു മഹാരാജാവിന്റെ ഓരോ നിമിഷവും കടന്നു പോകുന്നതെന്ന് തന്റെ സദസ്യനെ ബോധ്യപ്പെടുത്തുവാൻ ഈ തന്ത്രം സഹായകമായി. അതിനു ശേഷം രാജാവ് ഡമോക്ലീസിനെ പോകാൻ അനുവദിച്ചു. ഉന്നത സ്ഥാനങ്ങളും സൗഭാഗ്യങ്ങളും ക്ഷണ ഭംഗുരമാണെന്നും എക്കാലവും അവ ദുഃഖദായകമാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു. തികച്ചും ആകസ്മികമായി കടന്നു വരാവുന്ന വിപത്തിനെ സൂചിപ്പിക്കുന്ന പ്രതീകമായും ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ശൈലി തന്നെ ഡമോക്ലീസിന്റെ ഖഡ്ഗം എന്ന പേരിൽ വിശ്വ സാഹിത്യത്തിൽ പ്രചാരം നേടിയിട്ടുണ്ട്. സിസറൊയുടെ തസ്ക്കുലാനി ദിസ്പുത്താത്തി യോനെസ് (Tusculanae disputations-Discussions at Tusculum)[1] എന്ന ലത്തീൻ കൃതിയിൽ ഈ ഐതിഹ്യത്തിന്റെ പൂർണ രൂപം കാണാവുന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡമോക്ളീസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡമോക്ലീസ്&oldid=4086738" എന്ന താളിൽനിന്ന് ശേഖരിച്ചത്