എണ്ണക്കിണറുകൾ, വാതകക്കിണറുകൾ എന്നിവ കുഴിക്കാൻ ഉപയോഗിക്കുന്ന കറങ്ങുന്ന ഒരു ഉപകരണമാണ് ടർബൊഡ്രിൽ. ഇതിൽ തുളയ്ക്കാനുപയോഗിക്കുന്ന കൂർത്ത ഭാഗത്തെ (bit) തിരിക്കുന്നത് കിണറിനകത്തു തന്നെ സ്ഥിതിചെയ്യുന്ന ഒരു ടർബൈൻ മോട്ടോർ ഉപയോഗിച്ചാണ്. റോട്ടറി ഡ്രില്ലുകളിലെ ബിറ്റ്, ഡ്രിൽ പൈപ്പിന്റെ അറ്റത്തായിട്ടാണ് ഘടിപ്പിക്കാറുള്ളത്; ഈ പൈപ്പിനെ കിണറിനു പുറത്തു സ്ഥിതിചെയ്യുന്ന ഒരു മോട്ടോറുപയോഗിച്ച് കറക്കുന്നു; എന്നാൽ ടർബൊഡ്രിൽ സംവിധാനത്തിൽ കുഴിക്കുന്ന കുഴിയുടെ അടിയിൽ സ്ഥിതി ചെയ്യുന്നതും ചെളി ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ഒരു ടർബൈനാണ് ഡ്രിൽ ബിറ്റിനെ തിരിക്കുന്നത്.

ടർബൊഡ്രില്ലിന്, മുകളിലായുള്ള ത്രസ്റ്റ് ബെയറിങ്, ടർബൈൻ, കീഴ്ഭാഗത്തായുള്ള ബെയറിങ്, ബിറ്റ് എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. ഉപകരണത്തിന്റെ ഏകദേശ നീളം 9 മീ. ആണ്. ഷാഫ്റ്റിനു മാത്രം 6 മീ. നീളം വരും. കിണറിന്റെ പ്രതലത്തു നിന്ന് താഴേക്ക് ഇറങ്ങിപ്പോകുന്ന പൈപ്പാണ് ഡ്രിൽ പൈപ്പ്. ഇതിന്റെ കീഴറ്റത്തെ, ടർബൊഡ്രില്ലുമായി, ഒരു ഡ്രിൽ കോളർ മൂലം ബന്ധിപ്പിച്ചിരിക്കുന്നു.

പ്രവർത്തന രീതി

തിരുത്തുക

ഡ്രിൽ പൈപ്പ്, ത്രസ്റ്റ് ബെയറിങ് എന്നിവയിലൂടെ കിണറിലെ ചെളി പമ്പ് ചെയ്ത് ടർബൈനിലെത്തിക്കുന്നു. അതിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള സ്റ്റാറ്ററുകൾ ചെളിയുടെ ഒഴുക്കിനെ ഷാഫ്റ്റിൽ ഘടിപ്പിച്ചിട്ടുള്ള റോട്ടറുകളിലേക്ക് തിരിച്ചുവിടുന്നു. ഇത് ഷാഫ്റ്റിനേയും തദ്വാര അതിനോട് ഘടിപ്പിച്ചിട്ടുള്ള ബിറ്റിനേയും കറക്കുന്നു. ചെളി പുറത്തുവരുന്നത് കീഴറ്റത്തെ ബെയറിങ്ങിലെ ഷാഫ്റ്റിനുള്ളിലൂടെയും ബിറ്റിലൂടെയുമാണ്. മുറിത്തുണ്ടുകളെ നീക്കം ചെയ്യുക, ബിറ്റിനെ തണുപ്പിക്കുക തുടങ്ങി, ഡ്രില്ലിങ്ങ് ദ്രവം കൊണ്ടു ചെയ്യേണ്ട കർമങ്ങൾ ഇവിടെ ചെളി ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ചെളിപ്പമ്പിന്റെ ക്ഷമതയാണ് ഭ്രമണ വേഗതയ്ക്ക് ഹേതു[1]. ബിറ്റിന്റെ ഭ്രമണ വേഗത മിനിറ്റിൽ ഏകദേശം 500-1,000 (rpm) വരെ വരും.

അടിസ്ഥാനപരമായി രണ്ടു തരം ടർബൊഡ്രില്ലുകൾ ഉപയോഗിക്കപ്പെടുന്നു. ആദ്യത്തെയിനം നൂറുസ്റ്റേജ് (ഒരു റോട്ടറും ഒരു സ്റ്റാറ്ററും ചേർന്നതാണ് ഒരു സ്റ്റേജ്) ഉള്ള ഒരു സ്റ്റാൻഡേഡ് യൂണിറ്റ് ആണ്. ഇത്തരത്തിലുള്ള രണ്ടോ മൂന്നോ യൂണിറ്റുകൾ ചേർന്ന ടാൻഡെം ടർബൊഡ്രിൽ (tandum turbodrill) ആണ് രണ്ടാമത്തെയിനം.

ന്യനതകൾ

തിരുത്തുക
  • ഇവയുടെ ബിറ്റു കൾക്ക് വേഗം തേയ്മാനം സംഭവിക്കുന്നു.
  • കേടായ ബിറ്റുകൾ മാറ്റിയിടാൻ വളരെ കൂടുതൽ സമയം വേണ്ടി വരുന്നു.
  1. Matveichuk, Aleksandr (2011). "The Turbodrill of Engineer Kapelyushnikov". Oil of Russia (Moscow: LUKOIL-Inform) (1-2011).

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർബൊഡ്രിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർബൊഡ്രിൽ&oldid=1699883" എന്ന താളിൽനിന്ന് ശേഖരിച്ചത്