ട്രോജൻ വനിതകൾ
ട്രോജൻ വനിതകൾ (പുരാതന ഗ്രീക്ക് ഭാഷയിൽ Τρῳάδες, Τρῳάδες, ആധുനിക ഗ്രീക്കിൽ Trōiades/Troades) യൂറിപ്പിഡിസ് എഴുതിയ ദുരന്തനാടകങ്ങളിൽ ഒന്നാണ്[1], [2],[3] . ട്രോയ് നഗരത്തെ ഗ്രീക്കുപട കത്തിച്ചു ചാമ്പലാക്കിയശേഷം വിധവകളും അശരണരുമായ ട്രോജൻ വനിതകൾക്ക് എന്തു സംഭവിച്ചിരിക്കാമെന്ന് യൂറിപ്പിഡിസ് വിഭാവനം ചെയ്യുന്നു. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് , നിസ്സഹായരും നിർദ്ദോഷികളുമായ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടി വരുന്ന യാതനകളെക്കുറിച്ച് യൂറിപ്പിഡിസ് തന്റെ കഥാപാത്രങ്ങളിലൂടെ വിവരിക്കുന്നു.
ചരിത്ര പശ്ചാത്തലം
തിരുത്തുകബിസി. 415-ൽ ആണത്രെ ആദ്യമായി ഈ നാടകം അരങ്ങേറിയത്[4]. ഏഥൻസിനും സ്പാർട്ടക്കുമിടയിൽ പതിറ്റാണ്ടുകളായി പെലോപനീഷ്യൻ യുദ്ധം എന്ന് ചരിത്രത്തിലറിയപ്പെടുന്ന സംഘർഷം മൂർധന്യത്തിലെത്തിയ കാലം. ബിസി 416-ൽ ഏഥൻസ് പട മെലോസ് ദ്വിപ് ആക്രമിച്ചു കീഴ്പെടുത്തി, അവിടത്തെ പുരുഷവർഗത്തെ ഒന്നടങ്കം കശാപ്പുചെയ്തു, സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി. ഏഥൻസിന്റെ മനുഷ്യത്വമില്ലാത്ത പ്രവർത്തിയോടുള്ള പ്രതിഷേധമെന്ന നിലക്കാവണം യൂറിപ്പിഡിസ് ഈ നാടകമെഴുതി അരങ്ങേറിയതെന്ന് പില്ക്കാലത്ത് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.[5], [6]
കഥാപാത്രങ്ങൾ
തിരുത്തുക- പൊസൈഡൺ- സമുദ്രദേവൻ
- അഥീന- ബുദ്ധിയുടേയും ശക്തിയുടേയും ദേവത
- ഹെകൂബ- ട്രോയ് രാജാവ് പ്രിയാമിന്റെ വിധവ
- ടാൽതിബയസ്- ഗ്രീക്ക് ദൂതൻ
- കസ്സാൻഡ്ര- ഹെകൂബയുടെ പുത്രി
- ആൻഡ്രോമകി-ഹെക്റ്ററുടെ വിധവ
- മെനിലോസ്- സ്പാർട്ടയിലെ രാജാവ്
- ഹെലൻ- മെനിലോസിന്റെ പത്നി
- യുദ്ധത്തടവുകാരായ മറ്റു ട്രോജൻ വനിതകൾ
കഥാസംഗ്രഹം
തിരുത്തുകട്രോയ് നഗരത്തിന്റെ തകർച്ച പൊസൈഡോണിനെ വ്യാകുലനാക്കുന്നു,നഗരകവാടത്തിനു മുന്നിലായി വീണുകിടക്കുന്ന ഹെകൂബയോട് അദ്ദേഹത്തിനു സഹതാപം തോന്നുന്നു. [7]. അഥീന വീണ്ടും പ്രതികാരാഗ്നിയിൽ തിളക്കുകയാണ്. ഇത്തവണ ഗ്രീക്കുകാരോടാണ് അഥീനക്കു വിദ്വേഷം. തന്റെ ദേവാലയത്തിൽ അഭയം തേടിയെത്തിയ തന്റെ ഭക്ത കസ്സാൻഡ്രയെ ഗ്രീക്കു പട ബലംപ്രയോഗിച്ച് പുറത്തേക്കു വലിച്ചിഴച്ചതും ദേഹോപദ്രവം ചെയ്തും അഥീനക്കു അൽപ്പംപോലും സഹിക്കാനാവുന്നില്ല[8]. ഇരുവരും ചേർന്ന് ഗ്രീക്കുകാരോട് പ്രതികാരം ചെയ്യാൻ ഒരുമ്പെടുന്നു.[9]
രംഗത്ത് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ട്രോജൻ സ്ത്രീകൾ സ്വന്തം വിധിയും കാത്തിരിക്കയാണ്[10]. ടാൽതിബയസ് പ്രവേശിച്ച് ആരുടെ ദാസ്യപ്പണിയാണ് അവർക്ക് വിധിച്ചിട്ടുള്ളതെന്ന് അറിയിക്കുന്നു[11]. കസാൻഡ്രയെ ആഗമെംനണിന്റെ സവിധത്തിൽ എത്തിക്കാനും ടാൽബതിബ യസിന് നിർദ്ദേശമുണ്ട്[12]. കസാൻഡ്ര കൈകളിൽ തീപ്പന്തവുമായി,ഭ്രാന്തിയെപ്പോലെ കൂടാരത്തിനകത്ത് ഓടി നടക്കുകയാണ്. ആഗമെമ്നണുമായുള്ള തന്റെ വിവാഹം മുൻകൂട്ടി ആഘോഷിക്കയാണ് കസാൻഡ്ര. ആ വിവാഹം ആഗമെമ്നണിന്റെ മരണത്തിലേ കലാശിക്കൂ എന്നും അങ്ങനെ ഗ്രീക്കുകാരോട് താൻ പകപോക്കുമെന്നും അവൾ പ്രവചിക്കുന്നു. ഇതൊന്നും കേട്ടില്ലെന്നു നടിച്ചു കൊണ്ട് ടാൽതിബയസ് കസാൻഡ്രയെ ആഗമെമ്നണിന്റെ കപ്പലിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നു.[13].ഹെകൂബയും മറ്റു സ്ത്രീകളും പൊയ്പോയ തങ്ങളുടെ നല്ല ദിനങ്ങളേയോർത്തു വിലപിക്കുന്നു.[14] കൈക്കുഞ്ഞ് അസ്റ്റൈനാക്സുമായി രംഗപ്രവേശം ചെയ്യുന്ന അൻഡ്രോമകി കൂടുതൽ ദുഃഖവിവരങ്ങൾ ഹെകൂബയുമായി പങ്കിടുന്നു. ഹെകൂബയുടെ പുത്രി പോളിച്ചീന അക്കിലിസിന്റെ കുഴിമാടത്തിൽ ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു[15]. ഹെക്റ്ററെ ക്രൂരമായി വധിച്ച അക്കിലിസിന്റെ പുത്രൻ, പ്രിയാമിന്റെ ഘാതകൻ നിയോടോളമസിന്റെ ദാസ്യപ്പണിയാണ് ആൻഡ്രോമകിക്കു പറഞ്ഞിട്ടുള്ളത്[16]. ഇതിലും ഭേദം മരണമാണെന്നു കേഴുന്ന ആൻഡ്രോമകിയെ ഹെകൂബ സമാശ്വസിപ്പിക്കുന്നു. അവളുടെ സന്താനം ഒരുവേള ട്രോയുടെ പൊയ്പോയ പ്രതാപം വീണ്ടെുക്കുമെന്ന്[17]. അസ്റ്റൈനാക്സിനെ കൊല്ലാനുള്ള കല്പനയുമായി ടാൽതിബയസ് വീണ്ടും പ്രവേശിക്കുന്നു.അസ്റ്റൈനാക്സിനെ ട്രോയ് നഗരപ്രാകാരത്തിനു മുകളിൽ നിന്ന് താഴേക്കെറിഞ്ഞു കൊല്ലാനാണ് ഗ്രീക്കുസൈന്യധിപൻ തീരുമാനിച്ചിരിക്കുന്നത്[18]. ആൻഡ്രോമകിയുടേയും ഹെകൂബയുടേയും ഹൃദയം തകരുന്നു[19].
തുടർന്ന് രംഗത്തെത്തുന്ന മെനിലോസ്, പാരിസിനോട് പ്രതികാരം ചെയ്യുകമാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഹെലനെ തിരികെ ഭാര്യയായി സ്വീകരിക്കാൻ തനിക്കൊട്ടും താത്പര്യമില്ലെങ്കിലും സ്പാർട്ടയിൽ വധശിക്ഷ ഹെലനെ കാത്തിരിക്കുന്നുണ്ടെന്നും പറയുന്നു[20]. ഭർത്താവിനെ ഉപേക്ഷിച്ച് ഓടിപ്പോന്നതിന് താൻ സ്വയം ഉത്തരവാദിയല്ലെന്നും എല്ലാം അഫ്രോഡൈറ്റിയുടെ കരുനീക്കങ്ങളാണെന്നും ഹെകൂബ പാരിസിനെ ജീവിക്കാൻ അനുവദിച്ചതുതന്നെ തെറ്റാണെന്നും, അഫ്രോഡൈറ്റിയുടെ മാന്ത്രികശക്തി നിർവീര്യമായശേഷം താൻ മെനിലോസിന്റെ സമീപത്തണയാൻ ശ്രമിച്ചുവെന്നുമൊക്കെ ഹെലൻ വാദിക്കുന്നു[21]. സന്ദർഭോചിതമായി തന്ത്രമുപയോഗിക്കുന്ന ഹെലനെ ഹെകൂബ പരിഹസിക്കുന്നു. മെനിലോസിന് താക്കീതു നല്കുന്നു- സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ കൊലക്കു കൂട്ടുനിന്നവളാണ് ഹെലൻ , ഭാവിയിലും ഇതാവർത്തിച്ചെന്നു വരും. [22]. മെനിലോസ് ഹെലനേയും കൊണ്ടുള്ള മടക്കയാത്രക്ക് ഒരുക്കം കൂട്ടുന്നു.
ടാൽതിബയസ് അസ്റ്റൈനിക്സിന്റെ ജഡവുമായെത്തുന്നു[23], ആൻഡ്രോമകിയുടെ കപ്പൽ പുറപ്പെട്ടു കഴിഞ്ഞരുന്നു. അതിനാൽ ഹെകൂബക്ക് പേരക്കുഞ്ഞിന്റെ അന്ത്യകർമങ്ങൾ ചെയ്യേണ്ടി വരുന്നു. കുഞ്ഞിന്റെ ശൈശവകേളികൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഹെകൂബ വിലപിക്കുന്നു[24]. ആർഭാടപൂർവമായ ശവദാഹച്ചടങ്ങുകൾ ജീവിച്ചിരിക്കുന്നവരുടെ ദുരഭിമാനമാണെന്നും മരിച്ചവർക്ക് ഇതൊന്നും ആവശ്യമില്ലെന്നും ഹെകൂബ പ്രസ്താവിക്കുന്നു. ഗ്രീക്കു പട ട്രോയ് നഗരത്തിനു തീവെക്കുന്നു. കത്തിപ്പടരുന്ന തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ ഹെകൂബ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം വിഫലമാകുന്നു[25].ഒഡീസ്സസിന്റെ ദാസ്യപ്പണിചെയ്യാനാണ് ഹെകൂബയുടെ വിധിയെന്ന് ടാൽതിബയസ് അറിയിക്കുന്നു[26]. ജനിച്ച മണ്ണിനോട് കണ്ണീരോടെ യാത്ര പറഞ്ഞ് മറ്റു ട്രോജൻ സ്ത്രീകളോടൊപ്പം ഹെകൂബയും പുറപ്പെടാൻ തയ്യാറായി നില്ക്കുന്ന ഗ്രീക്കു കപ്പലിലേക്ക് നയിക്കപ്പെടുന്നു[27].
പഠനങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ട്രോജൻ വനിതകൾ". Archived from the original on 2012-08-20. Retrieved 2017-03-06.
- ↑ EuripidesTranslated by Gilbert Murray (2009). The Trojan Women. The Floating Press. ISBN 9781775415985.
{{cite book}}
: horizontal tab character in|author=
at position 23 (help) - ↑ Murray, Gilbert (1915). The Trojan Women of Euripides. Oxford University Press.Trojan Women of Euripides
- ↑ Murray, പുറം. 10.
- ↑ "Euripides' Trojan Women by Marianne McDonald" (PDF). Archived from the original (PDF) on 2018-01-28. Retrieved 2017-03-06.
- ↑ Murray, പുറം. 6.
- ↑ Murray, പുറം. 11-13.
- ↑ Murray, പുറം. 14-15.
- ↑ Murray, പുറം. 16.
- ↑ Murray, പുറം. 18-22.
- ↑ Murray, പുറം. 23.
- ↑ Murray, പുറം. 24.
- ↑ Murray, പുറം. 28-34.
- ↑ Murray, പുറം. 34-38.
- ↑ Murray, പുറം. 42.
- ↑ Murray, പുറം. 44.
- ↑ Murray, പുറം. 45-6.
- ↑ Murray, പുറം. 47-48.
- ↑ Murray, പുറം. 48-50.
- ↑ Murray, പുറം. 54.
- ↑ Murray, പുറം. 55-58.
- ↑ Murray, പുറം. 59-62.
- ↑ Murray, പുറം. 66-67.
- ↑ Murray, പുറം. 67-73.
- ↑ Murray, പുറം. 74.
- ↑ Murray, പുറം. 75.
- ↑ Murray, പുറം. 79.