ട്രൈക്ക്രോയിസം
പ്രകാശപരമായി അസമദിശീയ (anisotorpic) സുതാര്യ ക്രിസ്റ്റലുകളിൽക്കൂടി ധവളപ്രകാശം കടന്നുപോകുമ്പോൾ ആഗിരണം ചെയ്യപ്പെട്ടു വ്യത്യസ്ത നിറങ്ങളായി കാണപ്പെടുന്ന പ്രതിഭാസമാണു് ട്രൈക്ക്രോയിസം[1]. ഈ സ്വഭാവവിശേഷം പ്രകടമാക്കുന്ന ക്രിസ്റ്റലുകളെ ട്രൈക്ക്രോയികു് ക്രിസ്റ്റലുകൾ എന്നു പറയുന്നു.
- ഉദാ. കോർഡിയെറൈറ്റ് (cordierite). ഇത്തരം ക്രിസ്റ്റലുകളുടെ ക്യൂബിന്റെ മൂന്നു ജോടി വശങ്ങളിൽക്കൂടിയും വ്യത്യസ്ത നിറങ്ങളിലാണ് പ്രകാശം സഞ്ചരിക്കുന്നതു്.
രണ്ടു പ്രാകാശിക അക്ഷങ്ങളുള്ള ദ്വി-അക്ഷീയ (bizxial) [[പരൽ (രസതന്ത്രം)|പരലുകളിലാണ് ട്രൈക്ക്രോയിസം കാണപ്പെടുന്നതു്. ഇത്തരം പരലുകൾക്കു മൂന്നു മുഖ്യ അപവർത്തനാങ്കങ്ങൾ ഉണ്ടായിരിക്കും. പ്രകാശത്തിന്റെ ധ്രുവണത്തിന്റെ (polarization) ദിശ അനുസരിച്ചു് ഓരോ നിറവും ആഗിരണം ചെയ്യപ്പെടുകയോ മന്ദനം ചെയ്യപ്പെടുകയോ ചെയ്യുന്നു. പ്രകാശത്തിന്റെ കമ്പനം, അപവർത്തനാങ്കമനുസരിച്ചു് X ദിശയിലാണെങ്കിൽ പ്രകാശം മഞ്ഞ നിറത്തിലും Y ദിശയിലാണെങ്കിൽ തീവ്ര വയലറ്റു നിറത്തിലും Z ദിശയിലാണെങ്കിൽ വെള്ള നിറത്തിലും കാണപ്പെടും.
ക്രിസ്റ്റൽ അക്ഷങ്ങളുടെ അഭിവിന്യാസം (orientation) അനുസരിച്ചു് അതിൽക്കൂടി കടന്നുവരുന്ന പ്രകാശത്തിന്റെ നിറം മാറ്റിയെടുക്കാം. അതിനു തക്ക രീതിയിൽ ക്രിസ്റ്റലുകൾ മുറിച്ചെടുക്കാനും ഇന്നു കഴിയുന്നുണ്ടു്. ഈ കാരണത്താൽ ട്രൈക്ക്രോയിസം എന്ന പ്രയോഗമോ പകരമായി ഉപയോഗിച്ചുവന്ന പ്ലിയോക്രോയിസം (pleochroism) എന്ന പദമോ ഇന്നു പ്രചാരത്തിലില്ല. ഇവയ്ക്കു പകരം രേഖീയ(linear) ട്രൈക്ക്രോയിസം, വൃത്തീയ(circular) ട്രൈക്ക്രോയിസം എന്നിങ്ങനെ വിവേചിച്ചു് പ്രയോഗിക്കുകയാണു പതിവു്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രൈക്ക്രോയിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |