നെല്ലിനു ദോഷകരമാകുന്ന കീടങ്ങളെ (ഓലചുരുട്ടിപ്പുഴു,തണ്ടുതുരപ്പൻ) എന്നിവയ്ക്കെതിരെയുള്ള ജൈവീക കീട നിയന്ത്രണ ഉപാധിയാണ്‌ ട്രൈക്കോ കാർഡ്.[1] ഇതിനായി ഉപയോഗിക്കുന്നത് ട്രൈക്കോഗ്രമ്മ എന്ന വെട്ടാളൻ വർഗ്ഗത്തില്പ്പെട്ട പ്രാണിയെയാണ്‌. ഈ പ്രാണിയുടെ 18000 മുതൽ 20000 വരെ മുട്ടകൾ ഒരു കാർഡിൽ അടക്കം ചെയ്തിരിക്കുന്നു. ഈ കാർഡുകൾ ചെറുതുണ്ടുകളാക്കി ചെടികളുടെ ഇലകളിൽ പതിച്ചോ ഇലക്കുമ്പിളിൽ കുത്തി കൊമ്പുകളിൽ നാട്ടിയോ കീടശല്യമുള്ള പാടങ്ങളിൽ വയ്ക്കാവുന്നതാണ്‌. രണ്ട് കാർഡുകൾ വരെ ഒരേക്കർ കൃഷിസ്ഥലത്ത് ഉപയോഗിക്കാവുന്നതാണ്‌. ഈ മുട്ടകൾ വിരിഞ്ഞിറങ്ങി തണ്ടുതുരപ്പന്റേയും (ട്രൈക്കോഗ്രമ്മ ജപ്പോണിക്കം), ഓലചുരുട്ടിപ്പുഴുവിന്റേയും (ട്രൈക്കോഗ്രമ്മ ചിലോണിസ്) മുട്ടക്കൂട്ടങ്ങളെ തിരഞ്ഞുപിടിച്ച് അവയിൽ മുട്ടയിടുന്നു. ഇങ്ങനെയിടുന്ന മുട്ടകൾ വിരിഞ്ഞിറങ്ങുന്നവ ശത്രുപ്രാണികളുടെ മുട്ടക്കൂട്ടങ്ങളുടെ ഉൾഭാഗം തിന്നുവളരുകയും അവയുടെ ജീവിതചക്രം പൂർത്തിയാവുകയും ചെയ്യുന്നു. [2]

ട്രൈക്കോ കാർഡ്

ഉപയോഗരീതി തിരുത്തുക

പത്തായി മുറിയ്ക്കാവുന്ന ട്രൈക്കോ കാർഡുകൾ 5 സെന്റിന് ഒരു കഷ്ണം എന്ന നിരക്കിൽ (ട്രൈക്കോബിറ്റ്) വയലുകളിൽ സ്ഥാപിക്കാം. ഒരു കമ്പിന്റെ അറ്റത്ത് ഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് കപ്പിനുള്ളിൽ ട്രൈക്കോബിറ്റ് കോർത്ത് ഇടുക (ഇതിനു ബദലായി തെങ്ങിന്റെ ഓല ഒരോന്നായി ചീന്തിയെടുത്ത് അതിന്റെ അറ്റത്ത് ഘടിപ്പിച്ച് ഉപയോഗിക്കുന്ന രീതിയുമുണ്ട്.) ഇവ നെൽപരപ്പിന്റെ അതേ നിരപ്പിൽ പാടത്ത് നാട്ടുക. 5 - 6 ദിവസം കൂടുമ്പോൾ ബിറ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കേണ്ടതാണ്. ഞാറ് പറിച്ച് നട്ട് 30 ദിവസം പ്രായമാകുന്നത് മുതൽ കതിരുകൾ മൂത്ത് തുടങ്ങുന്നത് വരെയുള്ള കാലയളവിൽ ഇവ മറ്റി മാറ്റി സ്ഥാപിക്കേണ്ടതാണ്. തണ്ടുതുരപ്പന്റെയോ ഓലചുരുട്ടിപുഴുവിന്റേയോ ശലഭങ്ങളുടെ സാന്നിധ്യം ഉറപ്പായിട്ടുള്ള പാടശേഖരങ്ങളിൽ മാത്രമേ കാർഡുകൾ ഉപയോഗിക്കാവൂ. ആതിഥേയ കീടത്തിന്റെ അഭാവത്തിൽ മിത്രകീടങ്ങള് നശിച്ച് പോകും എന്നതിനാലാണ് ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത്. രാസകീടനശിനിയോ കുമിൾനാശിനിയോ ഉപയോഗിക്കേണ്ടി വരുന്ന അവസരത്തിൽ രണ്ടാഴ്ച ഇടവേള നല്കേണ്ടതാണ്. ഒരു ട്രൈക്കോ കാർഡിന് ഏകദേശം 30 രൂപയാണ് വില.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-13. Retrieved 2010-08-08.
  2. ഡോ. ശിവപ്രസാദിന്റെ ലേഖനം. കർഷകശ്രി മാസിക. സെപ്റ്റംബർ 2004. പുറം 30
"https://ml.wikipedia.org/w/index.php?title=ട്രൈക്കോ_കാർഡ്&oldid=3804829" എന്ന താളിൽനിന്ന് ശേഖരിച്ചത്