റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ (വാഹന നിയമങ്ങൾ). കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.

ഒരു ട്രാഫിക് സിഗ്നൽ മാതൃക.
 • ചുമപ്പ് പ്രകാശിക്കുമ്പോൾ വാഹനം നിർത്തുക
 • മഞ്ഞ പ്രകാശിക്കുമ്പോൾ വാഹനം നിർത്താൻ തയ്യാറെടുക്കുക
 • പച്ച പ്രകാശിക്കുമ്പോൾ പുറപ്പെടുക

അടയാളങ്ങൾതിരുത്തുക

സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിനു് അതിൽ ഭാഗഭാക്കുകളായ എല്ലാ ആളുകളും വേഗത്തിലും കൃത്യമായും പരസ്പരം ആശയവിനിമയം നടത്തേണ്ടതു് അത്യന്താപേക്ഷിതമാണു്. ഇതിനു പല മാർഗ്ഗങ്ങളുമുണ്ടു്. ഗതാഗതത്തിനിടയിൽ ശബ്ദം, ദൃശ്യം എന്നീ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് പരസ്പരം സമ്പർക്കം പുലർത്തുന്ന അടയാളങ്ങൾ ട്രാഫിക് നിയമങ്ങളിലെ പ്രധാനപ്പെട്ട ഒരു ഘടകം കൂടിയാണു്.

ദൃശ്യസൂചകങ്ങൾതിരുത്തുക

സ്ഥിരമായോ താൽക്കാലികമായോ സ്ഥാപിച്ചിട്ടുള്ള ഫലകങ്ങൾ, നാടകൾ, പാതയിൽ ചേർത്തിട്ടുള്ള വരകൾ, റിഫ്ലക്ടറുകൾ, വിവിധ നിറങ്ങളിലുള്ള അടയാളവെളിച്ചങ്ങൾ, ഒരു വാഹനത്തിൽ നിന്നും മറ്റു വാഹനങ്ങളിലെ ആളുകളോ പോലീസ് തുടങ്ങിയ ഗതാഗതനിയന്താക്കളോ കാൽനടക്കാരോ അറിയുവാൻ വേണ്ടി കൈകളാലോ അടയാളവിളക്കുകളാലോ പുറപ്പെടുവിക്കുന്ന സൂചകങ്ങൾ ഇവയെല്ലാം ദൃശ്യസൂചകങ്ങളിൽ പെടും.

വിവിധതരത്തിലുള്ള സൂചനാഫലകങ്ങൾ ഉണ്ടു്. ആകൃതി, വലിപ്പം, നിറം തുടങ്ങിയവയിലുള്ള വ്യത്യാസം അനുസരിച്ച് ഒരു സൂചനാഫലത്തിന്റെ അർത്ഥവും വ്യത്യസ്തമാകാം. ഉദാഹരണത്തിനു് സ്ഥലനാമങ്ങളെ കാണിക്കുന്ന ഫലകങ്ങളിൽ നീലനിറത്തിൽ എഴുതിയവ സമീപപ്രദേശങ്ങളേയും പച്ച നിറത്തിലുള്ളവ ദൂരസ്ഥലങ്ങളിലേക്കുള്ള ദിശയേയും കാണിക്കുന്നു. വൃത്താകൃതിയിലുള്ള ചുവന്ന ബോർഡുകൾ കർശനമായ ട്രാഫിൿ നിയമങ്ങൾ സൂചിപ്പിക്കുമ്പോൾ ത്രികോണാകൃതിയിലുള്ള നീല ഫലകങ്ങൾ ആശാസ്യവും അനുവദിക്കപ്പെട്ടതുമായ ഡ്രൈവിങ്ങ് ശീലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാകാം.

ട്രാഫിൿ ലൈറ്റുകൾതിരുത്തുക

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹ്യ സമിതിയുടെ (UN Economic and Social Councel) ആഭിമുഖ്യത്തിൽ 1978-ൽ അംഗീകരിക്കപ്പെട്ടതും 2003-ൽ പുതുക്കിയതുമായ വിയന്നാ കൺവെൻഷൻ ആണു് അന്താരാസ്ത്രതലത്തിൽ ട്രാഫിൿ ലൈറ്റുകളുടെ മാനകങ്ങൾ നിശ്ചയിക്കുന്നതു്.

ഇനം ആകൃതി നിറം സ്ഥാനം അർത്ഥം
മിന്നാതെ തെളിയുന്നതു് Plain   പച്ച സന്ധികൾ യാത്ര തുടരുക
  മഞ്ഞ(ആംബർ) സന്ധികൾ, ലെവെൽ ക്രോസ്സുകൾ, അടയ്ക്കാവുന്ന പാലങ്ങൾ, വിമാനത്താവളം, അഗ്നിശമനകേന്ദ്രം, ബോട്ടുജെട്ടികൾ വേണ്ടിവന്നാൽ നിർത്താൻ തയ്യാറായിരിക്കുക
  ചുവപ്പ് സന്ധികൾ നിർത്തുക
  പച്ചക്കുശേഷവും ചുവപ്പിനുമുമ്പും ഉള്ള മഞ്ഞ സന്ധികൾ ഉടൻ അടയാളം മാറാൻ പോകുന്നു
ഇടത്തോട്ടുള്ള അസ്ത്രചിഹ്നം പച്ച സന്ധികൾ ഇടത്തോട്ടുമാത്രം യാത്ര തുടരാം
വലത്തോട്ടുള്ള അസ്ത്രചിഹ്നം പച്ച സന്ധികൾ വലത്തോട്ടുമാത്രം യാത്ര തുടരാം
മുകളിലേക്കുള്ള അസ്ത്രചിഹ്നം പച്ച സന്ധികൾ നേരേ മുന്നിലേക്കുമാത്രം യാത്ര തുടരാം
താഴോട്ടുള്ള അസ്ത്രചിഹ്നം   പച്ച ലെയിനിനു മുകളിൽ ലെയിനിലൂടെ യാത്ര തുടരാം
ക്രോസ്സ് (×)   ചുവപ്പ് ലെയിനുമുകളിൽ ലെയിനിൽ പ്രവേശിക്കരുതു്
താഴെ ഒരു കോണിലേക്കുള്ള അസ്ത്രചിഹ്നം   മഞ്ഞ/ വെളുപ്പ് ലെയിനിനു മുകളിൽ ലെയിൻ അവസാനിക്കുന്നു, ഈ ദിശയിൽ അടുത്ത ലെയിനിലേക്കു മാറുക
മിന്നിത്തെളിയുന്നതു് Plain   ഇരട്ട ചുവപ്പ് (ഒന്നരാടം) ലെവൽ ക്രോസ്സുകൾ, അടയ്ക്കാവുന്ന പാലങ്ങൾ, വിമാനത്താവളം, അഗ്നിശമനകേന്ദ്രം, ബോട്ടുജെട്ടികൾ Stop
മഞ്ഞ സന്ധികളൊഴിച്ച് എവിടെയും ജാഗ്രതയോടെ യാത്ര തുടരുക
  മഞ്ഞ സന്ധികൾ   മുൻഗണനയുള്ള/  അനുവദിക്കപ്പെട്ട പാത
  മങ്ങിയ വെള്ള സന്ധികൾ യാത്ര തുടരുക

മിന്നിത്തെളിയുന്ന ചുവന്ന ലൈറ്റുകൾ (Red flashing lights) മുകളിൽ എഴുതിയ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണു്. മറ്റെല്ലാ തരം ഉപയോഗങ്ങളും നിയമവിരുദ്ധമാണു്. ലംബമായി സ്ഥാപിച്ചിരിക്കുമ്പോൾ ഏറ്റവും മുകളിലും തിരശ്ചീനമായി സ്ഥാപിച്ചിരിക്കുമ്പോൾ പാതയോടു ചേർന്ന വശത്തുമാണു് ചുവന്ന ലൈറ്റിന്റെ സ്ഥാനം.

ശ്രാവ്യസൂചകങ്ങൾതിരുത്തുക

ഹോണുകൾ, മണികൾ, സൈറണുകൾ, ഉച്ചഭാഷിണികൾ തുടങ്ങിയവയെല്ലാം ശ്രാവ്യസൂചകങ്ങളാണു്.

കാൽനട യാത്രക്കാർ പാലിക്കേണ്ട നിയമങ്ങൾതിരുത്തുക

കാൽനടക്കാർ റോഡുകളിൽക്കൂടി നടക്കുമ്പോൾ അനുവർത്തിക്കേണ്ട‌ നിയമങ്ങൾ ഇവയാണ്:

 1. നടപ്പാത ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക
 2. നടപ്പാത ഇല്ലാത്തിടത്ത് മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക
 3. റോഡിൽ കൂട്ടമായി നടക്കാതിരിക്കുക
 4. രാത്രിയിൽ ടോർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക
 5. റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (എന്നാൽ സീബ്രാ ക്രോസിങ്ങ് വഴി ഓടാൻ പാടില്ല.) സബ് വേയോ ഓവർ ബ്രിഡ്ജോ ഉണ്ടെങ്കിൽ അതുപയോഗിക്കുക. കാൽനടക്കാർക്കായി ഗ്രീൻ ലൈറ്റുണ്ടെങ്കിൽ അത് തെളിയുമ്പോൾ മാത്രം റോഡ് ക്രോസ് ചെയ്യുക,
 6. ഓടുന്ന വാഹനങ്ങളിൽ ഓടിക്കയറാതിരിക്കുക
 7. വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക
 8. റോഡിൽ കൂട്ടം കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിക്കാതിരിക്കുക
 9. റോഡുകൾ കളിസ്ഥലങ്ങളാക്കാതിരിക്കുക
 10. വാഹനത്തിൽ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക.

കാൽനടയാത്രക്കാർ ട്രാഫിക് നിയമങ്ങൾ ശ്രദ്ധിച്ചാൽ വളരെയേറെ അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്.

ഡ്രൈവർമാർ പാലിക്കേണ്ട നിയമങ്ങൾതിരുത്തുക

റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. മോട്ടോർ വാഹനനിയമം (1988) 1989 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഡ്രൈവർമാർ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൈൻ ബോർഡുകൾ മനസ്സിലാക്കിയിട്ടേ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളൂ.

ഡ്രൈവർമാർ അനുവർത്തിക്കേ പ്രധാന ട്രാഫിക് നിയമങ്ങൾ ഇവയാണ്:

 
പിഴ ചുമത്തിയ സ്റ്റിക്കർ
 1. വാഹനം ഓടിക്കുമ്പോൾ കഴിയുന്നത്ര ഇടതുവശം ചേർന്ന് ഓടിക്കണം.
 2. എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാൻ അനുവദിക്കണം.
 3. ഒരേ ദിശയിലോടുന്ന വാഹനങ്ങളിൽ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.
 4. മുന്നിൽ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോൾ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാൻ പാടുള്ളൂ
 5. മറ്റു വാഹനങ്ങൾക്ക് അസൗകര്യമാണെന്നുകണ്ടാൽ ഒരു വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
 6. വളവ്, മൂല, കയറ്റിത്തെ ഉച്ചി എന്നിവയെ സമീപിക്കുമ്പോൾ മറികടക്കരുത്.
 7. നേരെ മുന്നോട്ടു കാണാൻ കഴിയാത്ത അവസരങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല
 8. മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവൂ.
 9. ലെവൽക്രോസിൽ ഓവർടേക്ക് ചെയ്യരുത്
 10. ഇടുങ്ങിയ പാലങ്ങളിൽ ഓവർടേക്ക് ചെയ്യരുത്
 11. ജംഗ്ഷനുകളിൽ ഓവർടേക്ക് ചെയ്യരുത്
 12. സീബ്രാ ക്രോസിങ്ങിൽ ഓവർടേക്ക് ചെയ്യരുത്
 13. തിരക്കേറിയ ജംഗ്ഷനുകളിൽ വേഗത കുറയ്ക്കുക
 14. നാൽക്കവലകളിൽ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
 15. ഒരു വാഹനം തറ്റെ വാഹനത്തെ മറികടക്കുമ്പോഴോ കടന്നുപോകുമ്പോഴോ വാഹനത്തിന്റെ വേഗം കൂട്ടരുത്.
 16. അഗ്നിശമന സേന വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തിൽ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.
 17. വേഗം കുറക്കുക, നിർത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് നിയമപ്രകാരം ആംഗ്യങ്ങൾ കാണിക്കണം. അല്ലെങ്കിൽ അടയാളം കാണിക്കണം.
 18. വാഹനം നിരത്തിൽ നിർത്തിയിടുന്നത് നിരത്തുപയോഗിക്കുന്ന മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.
 19. നിരത്തിലുള്ള ഗതാഗത അടയാളങ്ങളിലെ സൂചന അനുസരിക്കണം.
 20. നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽമാത്രമേ പെട്ടെന്ന് ബ്രേക്കിടാൻ പാടുള്ളൂ.
 21. കയറ്റംകയറുന്ന വാഹനങ്ങൾക്ക് പരിഗണന കൊടുക്കണം.
 22. വാഹനം പിന്നോട്ട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
 23. അനാവശ്യമായി ഹോണടിക്കരുത്.
 24. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവർടേക്ക് ചെയ്യുക
 25. അതീവ ശ്രദ്ധയോടെ മാത്രം സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുക
 26. മദ്യപിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കാതിരിക്കുക
 27. ഇരുചക്രവാഹ നങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുക
 28. മറ്റൊരു റോഡിലേക്കു കടക്കുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക
 29. അറ്റകുറ്റപ്പണികൾ, ജാഥകൾ എന്നിവ നടത്തുന്ന നിരത്തുകളിൽ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
 30. റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാൻ പാടുള്ളൂ
 31. റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാൻ പാടുള്ളൂ
 32. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കഴിവതും സീറ്റ്ബെൽറ്റ് ധരിക്കണം
 33. നിശ്ചിത പാർക്കിങ്ങ് ഏരിയാകളിൽ മാത്രം വാഹനങ്ങൾ ഒതുക്കി നിർത്തുക.
 
പാർക്കിങ്ങ് നിരോധിത മേഖലയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിഴ ചുമത്തി സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു

റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിൽ ട്രാഫിക് പൊലീസുകാരുടെ സേവനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. അവരുടെ ഹാൻഡ് സിഗ്നലുകൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഡ്രൈവർമാർ ബാധ്യസ്ഥരാണ്. ഇവ കൂടാതെ ഡ്രൈവർമാർ സ്വയം കാണിക്കേ സിഗ്നലുകളും ഏറെ പ്രധാനപ്പെട്ടവയാണ്.

വലതുകൈ ഡ്രൈവിങ്ങ്തിരുത്തുക

ഭാരതത്തിലെ ഗതാഗതനിയമങ്ങളനുസരിച്ച് വാഹനങ്ങൾ ഓടിക്കേണ്ടതു് അഭിമുഖമായി വരുന്ന വാഹനങ്ങളുമായി ഒത്തുനോക്കുമ്പോൾ പാതയുടെ ഇടതുവശം ചേർന്നു്, അതായതു് വാഹനമോടിക്കുന്ന ആളുടെ ഇടതുകൈയുടെ വശം ചേർന്നാണു്. എതിരേ വരുന്ന വാഹനം കടന്നുപോകേണ്ടതു് ഡ്രൈവറുടെ വലതുകൈ വശത്തുകൂടിയാണു്. വലതുകൈ ഡ്രൈവിങ്ങ് - Right hand driving എന്നാണു് ഇതറിയപ്പെടുന്നതു്. ബ്രിട്ടീഷ് നിയമങ്ങൾക്കു സമാനമാണിതു്. നേരേ മറിച്ച്, അമേരിക്ക, മദ്ധ്യപൗരസ്ത്യ രാഷ്ട്രങ്ങൾ തുടങ്ങിയ നാടുകളിൽ ഇടതുകൈ ഡ്രൈവിങ്ങ് ആണു് നിലവിലുള്ളതു്.

വലതുകൈ ഡ്രൈവിങ്ങ് സമ്പ്രദായത്തിൽ, ഇടുങ്ങിയ പാതകളിൽ കാൽനടക്കാർ നടക്കേണ്ടതു് അവരുടെ വലതുകൈ വശം ചേർന്നാണു്. പിന്നിൽ നിന്നുവരുന്ന വാഹനങ്ങൾ താരതമ്യേന റോഡിന്റെ ഇടത്തുഭാഗത്തുകൂടെയാവും പോവുക എന്നതും മുന്നിൽനിന്നു് (എതിരേ) വരുന്ന വാഹനങ്ങൾ എളുപ്പം കാണാം എന്നതുമാണു് ഈ ശീലത്തിൽ അടങ്ങിയിരിക്കുന്ന സൗകര്യവും സുരക്ഷയും.

വഴിയുടെ അവകാശംതിരുത്തുക

 
ഇന്ത്യയിൽ ഒരു റൗണ്ട് എബൗട്ടിൽ വഴിയുടെ അവകാശം വലത്തുനിന്നും സമീപിക്കുന്ന വാഹനത്തിനാണു്
 
എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഒരു റൗണ്ട് എബൗട്ടിൽ വഴിയുടെ അവകാശം ഇടത്തുനിന്നും സമീപിക്കുന്ന വാഹനത്തിനാണു്.

രണ്ടു ദിശയിൽനിന്നുള്ള വാഹനങ്ങൾ ഒരേ ബിന്ദുവിൽ ഒത്തുചേരുമ്പോൾ അവയിൽ ഒന്നിനു് സ്വതേ മുൻഗണന ലഭിക്കുന്നതിനുള്ള കീഴ്വഴക്കമാണു് വഴിയുടെ അവകാശം (Right of way) എന്നറിയപ്പെടുന്നതു്. ഉദാഹരണത്തിനു്, ഇന്ത്യൻ സമ്പ്രദായത്തിൽ ഒരു റൗണ്ട് എബൗട്ടിൽ, വലത്തുനിന്നുമുള്ള വാഹനങ്ങൾക്കാണു് എപ്പോഴും മുൻഗണന. അഥവാ ഒരു വാഹനം വലതുവശത്തുനിന്നും സമീപിക്കുന്നുണ്ടെങ്കിൽ (അതെത്ര ചെറുതോ വലുതോആയാലും) ആ വാഹനം കടന്നുപോയതിനുശേഷം മാത്രമേ ഇടതുവശത്തുള്ള വാഹനത്തിനു് റൗണ്ട് എബൗട്ടിൽ പ്രവേശിക്കാനോ യാത്ര തുടരാനോ അവകാശമുള്ളൂ.

എന്നാൽ സമമായ വീതികളുള്ള പാതകൾ സന്ധിക്കുന്ന ഒരു കവലയിൽ, പ്രത്യേകമായി സിഗ്നലുകൾ ഇല്ലെങ്കിൽ, ഒരു മട്ടത്തിൽ ഒത്തുചേരുന്ന രണ്ട് വാഹനങ്ങളിൽ, വഴിയുടെ അവകാശം ഇടതുവശനത്തിനാണു്. അതു പോലെത്തന്നെ, നേരെ പോകുന്ന ഒരു പാതയിൽനിന്നും വലത്തോട്ടു തിരിയേണ്ട വാഹനത്തിനേക്കാൾ വഴിയുടെ അവകാശം എതിരേനിന്നു വരുന്ന വാഹനത്ലാണ് ്.


ഇതും കാണുകതിരുത്തുക

ഭാരതത്തിലെ_ഗതാഗതചിഹ്നങ്ങൾ


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി 9ആം ക്ലാസ് വിദ്യാർത്ഥികൾക്കായി 2002ൽ പുറത്തിറക്കിയ നിയമ പാഠാവലി.

"https://ml.wikipedia.org/w/index.php?title=ട്രാഫിക്_നിയമങ്ങൾ&oldid=3461913" എന്ന താളിൽനിന്ന് ശേഖരിച്ചത്