റോമൻ ചക്രവർത്തിയായ ട്രാജന്റെ മഹനീയ കൃത്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു സ്മാരക സ്തൂപമാണ് ട്രാജൻ സ്തൂപം. ഇറ്റലിയിലെ റോമിൽ സ്ഥിതി ചെയ്യുന്നു. ട്രാജൻ ഫോറത്തിൽ സ്ഥാപിതമായ ഇതിന്റെ ഒരറയിൽ ട്രാജന്റെ ചിതാഭസ്മവും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. സമചതുരത്തിലുള്ളതാണ് ഇതിന്റെ അടിത്തറ. അതിനു മുകളിൽ ഉയരം കൂടും തോറും വ്യാസംകുറഞ്ഞു കുറഞ്ഞു വരുന്ന തരത്തിലാണ് സ്തൂപത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഏറ്റവും മുകളിൽ ഒരു പീഠത്തിലുറപ്പിച്ച ഗരുഡന്റെ രൂപമുണ്ടായിരുന്നു. ട്രാജന്റെ മരണശേഷം ഗരുഡനു പകരം അദ്ദേഹത്തിന്റെ പ്രതിമയും, പില്ക്കാലത്ത് തൽസ്ഥാനത്ത് സെന്റ്പീറ്ററുടെ പ്രതിമയും പീഠത്തിൽ മാറ്റി സ്ഥാപിച്ചു.

ട്രാജൻ സ്തൂപം

സ്തൂപത്തിലെ കൊത്തുപണികൾ

തിരുത്തുക

സ്തൂപത്തിന്റെ പുറം ഭിത്തിയിൽ അതിനെ വലയം ചെയ്ത് മുകളിലേക്കു പോകുന്ന തരത്തിൽ ദൃശ്യങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പൊങ്ങി നിൽക്കുന്ന റിലീഫ് മാതൃകയിലുള്ള ഇതിലെ കൊത്തുപണികളിലൂടെ ട്രാജൻ നടത്തിയ രണ്ട് ഡാഷിയൻ യുദ്ധവിവരണങ്ങൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ നേട്ടങ്ങൾ, അന്നത്തെ സാമൂഹിക പ്രാധാന്യമുള്ള സംഭവങ്ങൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. യുദ്ധവിശേഷങ്ങൾ സൂചിപ്പിക്കുന്ന സംഭവ പരമ്പരകളും ഭിത്തിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാഷിയൻ യുദ്ധകാലത്ത് യുദ്ധോപകരണങ്ങൾ, ആഹാരപദാർഥങ്ങൾ എന്നിവ കൊണ്ടുപോകാനായി പടയാളികൾക്കു വേണ്ടി ട്രാജൻ നിർമിച്ച ട്രാജൻ പാലത്തെക്കുറിച്ചുള്ള ചരിത്ര സൂചനയും ഈ സ്തൂപത്തിൽ ചേർത്തിട്ടുണ്ട്. കൽത്തൂണുകൾ ഉറപ്പിച്ച് അവയ്ക്കു മുകളിലൂടെ സ്പാനുകൾ ഘടിപ്പിച്ച് നിർമിച്ച പ്രസ്തുത പാലത്തിന് ഏകദേശം ഒരു കിലോമീറ്റർ നീളം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അക്കാലത്ത് സ്പാനുകൾ പ്രയോജനപ്പെടുത്തി പണിത ആദ്യത്തെ പാലവും ഇതു തന്നെയായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. പില്ക്കാലത്ത് ഈ പാലത്തെ ശത്രു സംഘങ്ങൾ തകർത്തു കളഞ്ഞെങ്കിലും അതിലെ ഒന്നു രണ്ടു കൽത്തൂണുകൾ ഇന്നും നിലനിൽക്കുന്നുണ്ട്.

ട്രാജന്റെ സൈന്യത്തിലെ ചികിത്സാ രീതിയെ സൂചിപ്പിക്കുന്ന കൊത്തുപണികളാണ് സ്തൂപത്തിലെ മറ്റൊരു പ്രധാന വിഷയം. യവനകാല പ്രാഭവത്തിനു മുമ്പ് റോമൻ സൈന്യത്തിൽ ചികിത്സാവിഭാഗം എന്നൊന്നില്ലായിരുന്നു. സേനാധിപൻമാർക്ക് സ്വന്തം രീതിയിൽ സ്വകാര്യ ഭിഷഗ്വരന്മാരുണ്ടായിരുന്നെങ്കിലും അവർ സാധാരണ പോരാളികളെ ചികിത്സിച്ചിരുന്നില്ല. പരിക്കേറ്റ പടയാളികളുടെ പ്രഥമശുശ്രൂഷയും മറ്റും നടത്തിയിരുന്നത് സഹപ്രവർത്തകർ തന്നെയായിരുന്നു. ഇതിനായി അവർക്ക് പ്രത്യേകം ചികിത്സാഭ്യാസം നൽകിയിരുന്നില്ല. മറിച്ച്, ശുശ്രൂഷാ രീതികൾ അറിയാവുന്ന പടയാളികളെ ഉൾപ്പെടുത്തി ചികിത്സാ സംഘങ്ങൾ രൂപീകരിച്ചിരുന്നു. മാരകമായി മുറിവേറ്റവരേയും രോഗികളേയും ഇവർ ആശുപത്രികളിൽ എത്തിച്ചിരുന്നു. മറ്റു പടയാളികൾക്കൊപ്പം, അവരുടെ രീതിയിൽ വസ്ത്രധാരണം ചെയ്ത്, പരിക്കേറ്റവരേയും മറ്റും ശുശ്രൂഷിക്കുന്ന ചികിത്സകരുടെ ചിത്രങ്ങൾ സ്തൂപത്തിലെ റിലീഫ് കൊത്തുപണികൾ വ്യക്തമാക്കുന്നുണ്ട്.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രാജൻ സ്തൂപം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്രാജൻ_സ്തൂപം&oldid=4022790" എന്ന താളിൽനിന്ന് ശേഖരിച്ചത്