ബട്രാക്കോയിഡിഡെ (Batrachoididae) കുടുംബത്തിൽപ്പെടുന്ന കടൽ മത്സ്യമാണ് ടോഡ് മത്സ്യം. മത്സ്യേതരരീതിയിൽ രൂപപരിണാമം സംഭവിച്ചിട്ടുള്ള ഒരിനമാണിത്. ഉഷ്ണ-മിതോഷ്ണ മേഖലകളിലെ കടലിന്റെ അടിത്തട്ടിലും തീരജല പാറക്കെട്ടുകൾക്കിടയിലും ഇവ കാണപ്പെടുന്നു. മുന്നറ്റം വീതി കൂടി പിന്നറ്റം ഇടുങ്ങിയ ഇവയുടെ പരന്ന ശരീരത്തിന് ഏറെ സവിശേഷതകളുണ്ട്. ദേഹം തടിച്ചുകുറിയതും 40 സെ.മീറ്ററിലധികം നീളമില്ലാത്തതുമായിരിക്കും.

ടോഡ് മത്സ്യം
സോഫ്റ്റ് ടോഡ് മത്സ്യം

ഇരപിടിക്കുന്ന രീതി തിരുത്തുക

വലിപ്പം കൂടിയ വായയ്ക്കകത്തു മൂർച്ച കൂടിയ നിരവധി പല്ലുകളുണ്ട്. മത്സ്യത്തിന് പൊതുവേ ഒളിച്ചിരിക്കുന്ന ശീലമായതിനാൽ ഇരകളെ കാണുമ്പോൾ ഒറ്റയടിക്കു പിടിക്കുവാൻ ഈ പല്ലുകൾ സഹായകരമാണ്.

രൂപവിവരണം തിരുത്തുക

ശരീരത്തിന്റെ ഉപരിഭാഗത്ത് രണ്ടുപൃഷ്ഠ ചിറകുകളും പിന്നറ്റത്തു ഒരു വാൽചിറകുമുണ്ട്. ചിറകുകളിൽ നിറയെ മുള്ളുകൾ കാണപ്പെടുന്നു. താസ്സൊഫ്രൈനിനെ (thassophryninae) ഉപകുടുംബത്തിലെ സ്പീഷീസിൽ പൃഷ്ഠ ചിറകുകളുടെ ആധാരത്തിൽ വിഷഗ്രന്ഥികളുണ്ട്. ഇവ ശത്രുക്കളിൽ നിന്നുള്ള പ്രതിരക്ഷാസംവിധാനമാണ്. മിക്ക മത്സ്യങ്ങളുടെയും ശരീരം കൊഴുത്ത വിസർജിതദ്രാവകത്താൽ ആവൃതമാണ്. ചിലവയിൽ മാത്രം ഇതിന്നടിയിൽ ശൽക്കങ്ങളുണ്ടായിരിക്കും. ജലാശയത്തിന്റെ പശ്ചാത്തലവുമായി ചേരുന്ന മങ്ങിയ നിറമാണ് ഏതാണ്ടു എല്ലാ സ്പീഷീസിനുമുള്ളത്. പോറിച്ച്ത്തീനെ (porichthyinae) ഉപകുടുംബത്തിൽപ്പെടുന്നവയ്ക്ക് ശരീരത്തിൽ നിരവധി പ്രകാശ ഉത്പാദനാവയവങ്ങൾ കാണാം. ഇവയിൽനിന്നു പ്രകാശം പരത്തി മെല്ലെ നീങ്ങുന്ന ടോഡ് മത്സ്യങ്ങൾ ചെറു മുങ്ങിക്കപ്പലുകളുടെ പ്രതീതിയുളവാക്കും.

പ്രത്യേകതകൾ തിരുത്തുക

മണിക്കൂറുകളോളം വെള്ളത്തിനു പുറത്തു ജീവിക്കുവാൻ സാധിക്കുന്നു എന്നതു ഇവയുടെ പ്രത്യേകതയാണ്. തീരദേശത്തെ പാറക്കെട്ടുകൾക്കിടയിൽ വെള്ളം വറ്റിപ്പോകുന്ന അവസ്ഥയെ നേരിടാനാണ് ഈ അനുകൂലനം. ചെറുമത്സ്യങ്ങൾ, പലതരം ക്രസ്റ്റേഷ്യനുകൾ, മൊളസ്ക്കുകൾ എന്നിവയാണ് മുഖ്യ ആഹാരം. ടോഡ് മത്സ്യങ്ങളുടെ മുപ്പതിലേറെ സ്പീഷീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബട്രാക്കോയിഡിനെ, പോറിച്ച്ത്തീനെ, താസ്സൊഫ്രൈനിനെ എന്നീ മൂന്നു ഉപകുടുംബങ്ങളിലായി ഇവയെ വർഗീകരിച്ചിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോഡ് മത്സ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടോഡ്_മത്സ്യം&oldid=2282923" എന്ന താളിൽനിന്ന് ശേഖരിച്ചത്