ഒരു പ്രാചീന ചർമവാദ്യമാണ് ടോം-ടോം. സിലിണ്ടർ ആകൃതിയിലുള്ള തടികൊണ്ടു നിർമിച്ചതും ഒരു വശം മാത്രം തുകൽ കൊണ്ട് പൊതിഞ്ഞതുമായ വാദ്യമാണ് ഇതിന്റെ ആദിമ രൂപം. അതിൽ കൈകൊണ്ട് കൊട്ടിയാണ് നാദം പുറപ്പെടുവിക്കുക. പൊതുവെ ഉച്ചസ്ഥായിയിലുള്ള സ്വരമാണ് ഇതിൽ നിന്ന് പുറപ്പെടുന്നത്. അമരിന്ത്യൻ വംശജരുടെയിടയിലും കിഴക്കൻ രാജ്യങ്ങളിലെ ഗോത്രമേഖലയിലും ഇത് ആദിമകാലത്തുതന്നെ നിലനിന്നിരുന്നു. ഇത് ഒരു വാദ്യത്തിന്റെയെന്നതിലേറെ ഇത്തരം വാദ്യങ്ങളുടെ പൊതുനാമധേയമാണ്. രണ്ടുവശവും തുകൽ പൊതിഞ്ഞ തരം ടോം-ടോമും നിലവിലുണ്ട്. അതിൽ ഇരുവശങ്ങളെയും ചരടുകൾ കൊണ്ട് ബന്ധിച്ചിരിക്കും. ചരടുകൾക്കിടയിൽ ലോഹ വളയങ്ങളുമുണ്ടാകും. വളയങ്ങളുടെ സ്ഥാനം മാറ്റി ശ്രുതിവ്യത്യാസം വരുത്തുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. ഇത്തരം വാദ്യങ്ങളിൽ കൈകൊണ്ടു കൊട്ടുന്നതുപോലെ തന്നെ തടികൊണ്ടും കൊട്ടാറുണ്ട്. ഇതിന്റെ പരിഷ്കൃതരൂപമായ ഇരട്ട വാദ്യവും ടോം-ടോം എന്നു തന്നെ അറിയപ്പെടുന്നു. ഇവ ആധുനിക പാശ്ചാത്യ നൃത്തത്തിലും അപൂർവം ഓർക്കെസ്ട്രകളിലും വിശേഷനാദം സൃഷ്ടിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു.

Tom-toms mounted on a bass drum
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോം-ടോം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം തിരുത്തുക

1. ^ Oxford English Dictionary, 1st Edition, Oxford: OUP, 1928

"https://ml.wikipedia.org/w/index.php?title=ടോം-ടോം&oldid=1695798" എന്ന താളിൽനിന്ന് ശേഖരിച്ചത്