തനന ബലം
ഒരു തന്തു(String)വിനെ വലിച്ചുമുറിക്കുമ്പോൾ ആ തന്തു അതിനെ വലിച്ചു മുറുക്കുന്ന വസ്തുക്കളിൻമേൽ പ്രയോഗിക്കുന്ന പ്രതിബലമാണ‌് (Reaction) തനനബലം അഥവാ വലിവുബലം (Tension, ടെൻഷൻ) എന്നറിയപ്പെടുന്നത്. തനനബലത്തിന്റെ ദിശ എല്ലായ്പ്പോഴും തന്തുവിന് സമാന്തരവും തന്തുവിന്റെ അതേ ദിശയിലുമായിരിക്കും.
ഒരു തന്തുവിലോ ചങ്ങലയിലോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ഏകമാന (One dimensional) വസ്തുവിലോ നീളമുളള ഒരു ദണ്ഡിലോ അനുഭവപ്പെടുന്ന ബലപ്രതിബല ജോഡി ആയും തനനബലത്തെ വിവക്ഷിക്കാം.
അറ്റോമിക തലത്തിൽ, ആറ്റങ്ങളും തന്മാത്രകളും പരസ്പരം വലിഞ്ഞുമാറി സ്ഥിതികോർജ്ജം നേടുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന പുനസ്ഥാപനബലം (Restoring force) ആണ് തനനബലം. വലിച്ചുമുറുക്കപ്പെടുന്ന ദണ്ഡോ തന്തുവോ തിരികെ അതിന്റെ വിശ്രാന്ത നീളം (relaxed length) കൈവരിക്കുന്നതിനായി അവ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുക്കളിൻമേൽ വലിക്കുന്നു.
ഒരു പ്രസരിതബലം (transmitted force) അഥവാ ഒരു ബലപ്രതിബല ജോഡി അഥവാ പുനസ്ഥാപനബലം എന്നീ അർത്ഥങ്ങളിൽ തനനബലം, ബലം (Force) പോലെ തന്നെ ന്യൂട്ടനിൽ ആണ് അളക്കപ്പെടുന്നത്. വലിച്ചുമുറുക്കപ്പെടുന്ന തന്തുവിന്റെ ഇരു അഗ്രങ്ങളിലും തനനബലം മൂലം അനുഭവപ്പെടുന്ന ബലങ്ങളെ നിഷ്ക്രിയബലം (Passive forces) എന്നും അറിയപ്പെടുന്നു. തന്തുക്കൾ മുഖാന്തിരം താങ്ങിനിർത്തപ്പെട്ട വസ്തുക്കൾക്കും വ്യൂഹങ്ങൾക്കും രണ്ടു സാധ്യതകളുണ്ട‌്: ഒന്നുകിൽ ത്വരണം പൂജ്യവും അതുകൊണ്ട് വ്യൂഹം സന്തുലനത്തിലുമാകാം അല്ലെങ്കിൽ ഒരു ത്വരണം ഉണ്ടായിരിക്കുകയും തദ്വാരാ വ്യൂഹത്തിൽ ഒരു സഞ്ചിതബലം (net force) ഉണ്ടായിരിക്കുകയും ചെയ്യാം.[1]
.
- ↑ Physics for Scientists and Engineers with Modern Physics, Section 5.7. Seventh Edition, Brooks/Cole Cengage Learning, 2008.