പ്രത്യേകമായ തിരിച്ചറിയൽ നടപടികളിലൂടെ സാക്ഷ്യപ്പെടുത്തിയശേഷം ചെയ്യുന്ന വോട്ട്.

1961-ലെ ഇന്ത്യൻ തെരഞ്ഞെടുപ്പു ചട്ടങ്ങളിൽ 42(A) 1 മുതൽ 5 വരെ ഉപ വകുപ്പുകളിൽ 'ടെൻഡേർഡ് വോട്ട്' എന്താണെന്നും എങ്ങനെ രേഖപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വോട്ടർ, വോട്ടുചെയ്യുവാൻ എത്തുമ്പോൾ തന്റെ വോട്ട് നേരത്തേ രേഖപ്പെടുത്തി എന്നറിഞ്ഞാൽ പ്രസ്തുത വ്യക്തിക്ക് വോട്ടു ചെയ്യുവാൻ ബാലറ്റുപേപ്പർ ആവശ്യപ്പെടാവുന്നതാണ്. ഈ വോട്ടറെ തിരിച്ചറിയുന്നതിനാവശ്യമായ പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങൾക്ക് അയാൾ തൃപ്തികരമായ മറുപടി നൽകുന്നുവെങ്കിൽ, ഫോറം (17) പ്രകാരമുള്ള ബാലറ്റുപേപ്പർ (സാക്ഷ്യപ്പെടുത്തിയ ബാലറ്റുപേപ്പർ) നൽകാവുന്നതാണ്. പ്രസ്തുത പോളിങ് സ്റ്റേഷനിലേക്കു നൽകിയിട്ടുള്ള ബാലറ്റുപേപ്പറുകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബാലറ്റുപേപ്പർ സ്വീകരിച്ചശേഷം അയാൾ ഫോറം (15)ൽ ഒപ്പ് രേഖപ്പെടുത്തണം. അതിനുശേഷം ബാലറ്റുപേപ്പറിൽ ആർക്കാണോ വോട്ടു ചെയ്യുവാൻ ആഗ്രഹിക്കുന്നത് ആ സ്ഥാനാർഥിക്ക് വോട്ടുചെയ്യാം. അത് നിർവഹിക്കുവാൻ കഴിയാത്തവിധം ശാരീരികാസ്വാസ്ഥ്യം അയാൾക്കുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫീസർ ഈ വോട്ടറുടെ ആഗ്രഹപ്രകാരമുള്ള വോട്ട് ബാലറ്റുപേപ്പറിൽ രേഖപ്പെടുത്തണം. വോട്ടിന്റെ രഹസ്യസ്വഭാവം സബ്റൂൾ-3-ൽ പറയുന്ന പ്രകാരം സൂക്ഷിക്കുകയും വേണം. ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്ന ബാലറ്റുപേപ്പർ വോട്ടുകൾ പ്രത്യേക കവറിലാണ് സൂക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പുഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേസ് ഉണ്ടാവുകയും പരാജയപ്പെട്ട സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ ടെൻഡേർഡ് വോട്ട് പരിഗണിക്കപ്പെടുകയുള്ളൂ.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെൻഡേർഡ് വോട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെൻഡേർഡ്_വോട്ട്&oldid=1355515" എന്ന താളിൽനിന്ന് ശേഖരിച്ചത്