ഒരു സാങ്കൽപിക ഭൂഖണ്ഡം ആയിരുന്നു ടെറ ആസ്ത്രാലിസ്. ദക്ഷിണ ഭാഗത്തെ ദേശം എന്നാണ് ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം. പതിനഞ്ചു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള ഭൂപടങ്ങളിൽ ടെറ ആസ്ത്രാലിസ് രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ അടയാളപ്പെടുത്തിയത് സർവേകളെ അടിസ്ഥാനമാക്കി ആയിരുന്നില്ല. ഉത്തരാർദ്ധഗോളത്തിലെ കരഭാഗത്തിന് അനുസരിച്ച് ദക്ഷിണാർദ്ധഗോളത്തിലും വിസ്തൃതമായ കരഭാഗം ഉണ്ടായിരിക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടെറ ആസ്ത്രാലിസ് ഭൂപടങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. [1]

ദക്ഷിണാർദ്ധഗോളത്തിൽ ടെറ ആസ്ത്രാലിസ് രേഖപ്പെടുത്തിയ ഭൂപടം . 1587.

1800കളിൽ ബ്രിട്ടീഷ് നാവികനായിരുന്ന മാത്യൂ ഫ്ലിൻഡേർസ് ആസ്ത്രേലിയ വൻകരയ്ക്ക് ആസ്ത്രേലിയ എന്ന പേര് നൽകിയത് ടെറ ആസ്ത്രാലിസ് എന്ന വാക്കിൽ നിന്നു തന്നെ ആയിരുന്നു.[2] ഇനി ആസ്ത്രേല്യക്ക് തെക്കായി വലിയ ഭൂപ്രദേശങ്ങൾ കണ്ടെത്തുവാനുള്ള സാധ്യത ഇല്ല എന്നായിരുന്നു ഫ്ലിൻഡേർസ്ന്റെ നിഗമനം. ഫ്ലിൻഡേർസ് 1814 ൽ പുറത്തിറക്കിയ A Voyage to Terra Australis എന്ന പുസ്തകത്തിനും വർഷങ്ങൾ കഴിഞ്ഞാണ് അന്റാർട്ടിക്ക കണ്ടെത്തുന്നത്.

  1. John Noble Wilford: The Mapmakers, the Story of the Great Pioneers in Cartography from Antiquity to Space Age, p. 139, Vintage Books, Random House 1982, ISBN 0-394-75303-8
  2. Matthew Flinders, A voyage to Terra Australis (Introduction). Retrieved 25 January 2013.
"https://ml.wikipedia.org/w/index.php?title=ടെറ_ആസ്ത്രാലിസ്&oldid=3944773" എന്ന താളിൽനിന്ന് ശേഖരിച്ചത്