ടെന്നസി വില്യംസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന തോമസ് ലാനിയർ വില്യംസ് മൂന്നാമൻ (ജീവിതകാലം: മാർച്ച് 26, 1911 - ഫെബ്രുവരി 25, 1983) ഒരു അമേരിക്കൻ നാടകകൃത്തും തിരക്കഥാകൃത്തുമാണ്. സമകാലികരായ യൂജിൻ ഒ നീൽ, ആർതർ മില്ലർ എന്നിവർക്കൊപ്പം, ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ നാടകത്തിലെ മൂന്ന് പ്രമുഖ നാടകകൃത്തുക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. [1]

ടെന്നസി വില്യംസ്
ജനനം(1911-03-26)മാർച്ച് 26, 1911
മിസിസിപ്പി, യു എസ് എ
മരണംഫെബ്രുവരി 25, 1983(1983-02-25) (പ്രായം 71)
ന്യൂ യോർക്ക്, യു എസ് എ
ഒപ്പ്

ഏറെക്കാലത്തെ ശ്രമകരമായ എഴുത്തു ജീവിതത്തിന് ശേഷം, മുപ്പത്തിമൂന്നാം വയസ്സിൽ ദി ഗ്ലാസ് മെനാജെറി (1944) എന്ന നാടകത്തിലൂടെ അദ്ദേഹം പ്രശസ്തിയാർജിച്ചു. തന്റെ അസന്തുഷ്ടമായ കുടുംബ പശ്ചാത്തലത്തെ പ്രതിഫലിപ്പിച്ച ഈ നാടകത്തിൽ അദ്ദേഹം പ്ലാസ്റ്റിക് തീയറ്റർ എന്ന നാടകരീതി അവതരിപ്പിച്ചു.

എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ (1947), ക്യാറ്റ് ഓൺ എ ഹോട്ട് ടിൻ റൂഫ് (1955), സ്വീറ്റ് ബേർഡ് ഓഫ് യൂത്ത് (1959), ദി നൈറ്റ് ഓഫ് ദി ഇഗ്വാന (1961) എന്നിവയുൾപ്പെടെയുള്ള വിജയങ്ങളുടെ ഒരു പരമ്പരയിൽ ആദ്യത്തേതായിരുന്നു ഈ നാടകം. തന്റെ പിന്നീടുള്ള സൃഷ്ടികളിലൂടെ, വില്യംസ് ഒരു പുതിയ ശൈലിക്ക് ശ്രമിച്ചുവെങ്കിലും അത് പ്രേക്ഷകരെ വ്യാപകമായി ആകർഷിച്ചില്ല. യൂജിൻ ഒനീലിന്റെ ലോംഗ് ഡേസ് ജേർണി ഇൻ ടു നൈറ്റ്, ആർതർ മില്ലറുടെ ഡെത്ത് ഓഫ് എ സെയിൽസ്മാൻ എന്നീ നാടകങ്ങൾക്കൊപ്പം എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ എന്ന ടെന്നസി വില്യംസിന്റെ നാടകം 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അമേരിക്കൻ നാടകങ്ങളുടെ ഷോർട്ട് ലിസ്റ്റുകളിൽ ഇടം പിടിച്ചിട്ടുണ്ട്.[2]

വില്യംസിന്റെ പ്രശംസ നേടിയ സൃഷ്ടികളിൽ ഭൂരിഭാഗവും പിൽകാലത്ത് സിനിമകളായി മാറി. 2004-ലെ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ എന്ന ചിത്രം ദി ഗ്ലാസ് മെനാജെറി എന്ന അദ്ദേഹത്തിൻറെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ്.

ചെറുകഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ഓർമ്മക്കുറിപ്പുകളുടെ ഒരു വാല്യം എന്നിവയും അദ്ദേഹം എഴുതി. 1979-ൽ, അദ്ദേഹത്തിന്റെ മരണത്തിന് നാല് വർഷം മുമ്പ്, വില്യംസിനെ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.

  1. Bloom, Harold, ed. (1987). Tennessee Williams. Chelsea House Publishing. p. 57. ISBN 978-0877546368.
  2. Bloom, Harold, ed. (1987). Tennessee Williams. Chelsea House Publishing. p. 57. ISBN 978-0877546368.
"https://ml.wikipedia.org/w/index.php?title=ടെന്നസി_വില്യംസ്&oldid=3937278" എന്ന താളിൽനിന്ന് ശേഖരിച്ചത്