ടെക്നോക്രസി

ശാസ്ത്രജ്ഞരാൽ നയിക്കുന്ന സർക്കാർ


1930-കളിൽ അമേരിക്കയിൽ രൂപീകൃതമായ ഒരു സാമൂഹിക - തത്ത്വചിന്താപ്രസ്ഥാനമാണ് ടെക്നോക്രസി. സാങ്കേതിക വൈദഗ്ദ്ധ്യത്തെയും യന്ത്രാധിഷ്ഠിത പ്രവർത്തനത്തെയും ഉദാത്തീകരിക്കുന്ന ഒരു വീക്ഷണമാണ് ടെക്നോക്രസി എന്ന പേരിൽ അറിയപ്പെട്ടത്. എൻജിനീയർമാരും ശാസ്ത്രജ്ഞന്മാരുമാണ് സാമ്പത്തിക ജീവിതത്തിൽ നിർണായക ശക്തികളെന്ന് ടെക്നോക്രസിയുടെ വക്താക്കൾ സിദ്ധാന്തിക്കുന്നു. പരമ്പരാഗതമായ സാമ്പത്തിക ഗണങ്ങളുടെ സ്ഥാനത്ത് ഉത്പാദനക്ഷമമായ ഊർജം എന്നൊരു പുതിയ ഗണം ടെക്നോക്രസിയുടെ സൈദ്ധാന്തികർ ആവിഷ്ക്കരിക്കുകയുണ്ടായി. ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനം ആർജിച്ചിട്ടുള്ള വിദഗ്ദ്ധരുടെ ക്രിയാത്മക സിദ്ധികളാണ് സമ്പദ്ഘടനയുടെ പുരോഗതിക്ക് സഹായകമാകുന്നത് എന്ന ധാരണയാണ് ഈ പുതിയ ഗണം ഉന്നയിക്കുന്നത്. എൻജിനീയറായ ഹൊവാർഡ് സ്കോട്ട് 1918-ൽ ടെക്നിക്കൽ അലയൻസ് എന്ന സംഘടന രൂപീകരിച്ചതോടെയാണ് ടെക്നോക്രസി എന്ന ആശയത്തിന് പ്രചാരം ലഭിക്കുവാൻ തുടങ്ങിയത്. 1921-ൽ തേഴ്സ്റ്റീൻ വെബ്ളൻ രചിച്ച എൻജിനീയേഴ്സ് ആൻഡ് ദ് പ്രൈസ് സിസ്റ്റം എന്ന കൃതി, ടെക്നോക്രസിയുടെ മുഖ്യ ബൗദ്ധിക രേഖയായി പരിഗണിക്കപ്പെടുന്നു. കച്ചവടത്തിന്റെ നാശോന്മുഖശക്തിയും സാങ്കേതിക വിദ്യയുടെ ക്രിയാത്മകശക്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് മുതലാളിത്തത്തിന്റെ മുഖ്യ സവിശേഷതയെന്ന് വെബ്ളൻ സിദ്ധാന്തിക്കുന്നു. 1932-ൽ കൊളംബിയ സർവകലാശാല ആസ്ഥാനമായിട്ടാണ് ടെക്നോക്രസി എന്ന സിദ്ധാന്തം രൂപവൽകൃതമായത്. 1930 കളുടെ ആദ്യപകുതിയിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഈ പ്രസ്ഥാനത്തിന് വമ്പിച്ച പ്രചാരം ലഭിച്ചു. ടെക്നോക്രസിയുടെ വക്താക്കൾ സ്വീകരിച്ച തീവ്രവാദപരമായ നിലപാടുകൾ മൂലം, ഈ പ്രസ്ഥാനം അധികനാൾ നിലനിന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പങ്കിനെ പൂർണമായും നിരാകരിച്ച ടെക്നോക്രസി, സമൂഹത്തിന്റെ ഭാഗധേയം വിദഗ്ദ്ധരുടെ കൈകളിൽ മാത്രമാണെന്ന് ശഠിക്കുകയുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ സവിശേഷ വൈദഗ്ദ്ധ്യം ലഭിച്ചിട്ടില്ലാത്ത ജനസാമാന്യത്തോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് ടെക്നോക്രസിയുടെ വക്താക്കൾ അനുവർത്തിച്ചത്. അതുകൊണ്ടുതന്നെ, ദന്തഗോപുരവാസികളായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ പ്രസ്ഥാനത്തോട് സമൂഹത്തിലെ ഭൂരിപക്ഷത്തിന് യാതൊരാഭിമുഖ്യവുമുണ്ടായില്ല. 1930-കളിൽ അമേരിക്കയിൽ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് നടപ്പാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ സൃഷ്ടിച്ച പുതിയ രാഷ്ട്രീയ - പ്രത്യയശാസ്ത്ര സാഹചര്യത്തിൽ ടെക്നോക്രസി എന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്.

വ്യാവസായിക സംസ്കാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആധിപത്യത്തിന്റെ ഫലമായി സംഭവിച്ച അപമാനവീകരണത്തെ സൂചിപ്പിക്കാനാണ് വ്യവസായ വിമർശകർ ടെക്നോക്രസി എന്ന സംജ്ഞ പ്രയോഗിക്കുന്നത്. പ്രകൃതിക്കുമേൽ ആത്യന്തിക വിജയം നേടിയതായി അഭിമാനിക്കുന്ന ആധുനികോത്തര കാലഘട്ടത്തിന്റെ അപചയത്തെയാണ് ടെക്നോക്രസി ദ്യോതിപ്പിക്കുന്നത്. പ്രകൃതിയെ ഒരു വസ്തുവായി കാണുകയും അതിന്റെ വിഭവങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന സമീപനമാണ് ടെക്നോക്രസി പ്രോത്സാഹിപ്പിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധങ്ങളെ വാണിജ്യപരവും സാങ്കേതികവുമായി മാത്രം വീക്ഷിക്കുന്ന ടെക്നോക്രസി, ജീവിതത്തിന്റെ ആധ്യാത്മികവും നൈതികവുമായ മാനങ്ങളെ നിരാകരിക്കുന്നു എന്നാണ് വിമർശകരുടെ ആക്ഷേപം. സാങ്കേതിക വിജ്ഞാനത്തിന്റെയും യന്ത്രസാമഗ്രികളുടെയും പ്രയോഗത്തിലൂടെ ലാഭകരമായി മെരുക്കിയെടുക്കാവുന്ന ഒന്നായിട്ടാണ് ടെക്നോക്രസി ജീവിതത്തെ വീക്ഷിക്കുന്നത്. മനുഷ്യാസ്തിത്വത്തിന്റെ സർഗാത്മകതയും ലാവണ്യവും ചോർത്തിക്കളയുന്ന ടെക്നോക്രസി അതുകൊണ്ടുതന്നെ മാനവികതയുടെ ജീർണമുഖത്തെ പ്രതിഫലിപ്പിക്കുന്നു എന്ന വിചിന്തനത്തിന് പ്രാമുഖ്യം സിദ്ധിച്ചു. 'ടെക്നോക്രാറ്റിക് വരേണ്യവിഭാഗം' സമൂഹത്തിൽ അധീശത്വം നേടുന്നതിന്റെ ഫലമായി അപമാനവീകരണം ശക്തമാകുകയും മനുഷ്യസമൂഹം കൂടുതൽ യന്ത്രാത്മകമാവുകയും ചെയ്യുന്നു. ചുരുക്കത്തിൽ, മനുഷ്യന്റെ നന്മയ്ക്കായി കണ്ടുപിടിക്കപ്പെട്ട സാങ്കേതിക വിജ്ഞാനവും യന്ത്രസംവിധാനവും സ്വതന്ത്രമാവുകയും മനുഷ്യനെ അടിമയാക്കുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് ടെക്നോക്രസി പ്രകാശിപ്പിക്കുന്നത്. ആധുനികത പ്രോത്സാഹിപ്പിച്ച ശാസ്ത്ര സാങ്കേതിക പുരോഗതിയും വ്യാവസായിക വികസനവും മൂല്യബാഹ്യമായ ഒരു ശക്തിയായി മാറിയതോടെയാണ് ടെക്നോക്രസി എന്ന പ്രത്യയശാസ്ത്രത്തിന് പ്രചാരം ലഭിച്ചത്. സാങ്കേതിക യുക്തിയെയും യന്ത്രശക്തിയെയും മനുഷ്യന്റെ യജമാനസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ടെക്നോക്രസിയെ പരാജയപ്പെടുത്തുന്നതിലൂടെ മാത്രമേ മാനവികതയ്ക്ക് വികസിക്കാനാവുകയുള്ളുവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.


പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെക്നോക്രസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെക്നോക്രസി&oldid=3632920" എന്ന താളിൽനിന്ന് ശേഖരിച്ചത്