കംപ്യൂട്ടറിന്റെ ചിന്താശക്തിയും ബുദ്ധിശക്തിയും അളക്കുവാനുപകരിക്കുന്ന ഒരു പരീക്ഷാ സംവിധാനം. കംപ്യൂട്ടർ ശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന അലൻ മതിസൺ ടൂറിങ് തന്റെ കമ്പ്യൂട്ടിംഗ് മെഷീനറി ആൻഡ് ഇന്റലിജൻസ് (“Computing Machinery and Intelligence”) എന്ന വിഖ്യാതമായ ഗവേഷണ പ്രബന്ധത്തിൽ (1950) പ്രതിപാദിച്ച 'ഇമിറ്റേഷൻ ഗെയിം' എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെട്ട ഒരു ടെസ്റ്റ് ആണിത്.

ടൂറിംഗ് ടെസ്റ്റിന്റെ സാധാരണഗതിയിലുള്ള വിശകലനം. C എന്ന ചോദ്യം ചോദിക്കുന്നയാൾ A ആണോ B ആണോ കമ്പ്യൂട്ടർ എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്. എഴുതിയ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ നിന്നുവേണം ഇത് സാധിക്കാൻ. ചിത്രം സൈഗിൻ (2000)-ൽ നിന്നും സ്വീകരിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മനുഷ്യനു തുല്യമായരീതിയിലോ അല്ലെങ്കിൽ ഒരു യന്ത്രമാണെന്ന് തിരിച്ചറിയാത്ത വിധത്തിലോ ഒരു യന്ത്രം ബുദ്ധിപരമായ സ്വഭാവം പ്രകടമാക്കുന്നുണ്ടോ എന്ന പരീക്ഷണമാണിത്. അലൻ ട്യൂറിംഗ് മൂന്നുപേരടങ്ങിയ ഒരു ചോദ്യോത്തര സംവാദമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇതിൽ ചോദ്യ കർത്താവ് സംവാദത്തിലുള്ള മറ്റ് രണ്ട് അംഗങ്ങളിൽ ആരാണ് മനുഷ്യൻ, യന്ത്യം എന്ന് ചോദ്യങ്ങൾ ചോദിച്ച് തിരിച്ചറിയാൻ ശ്രമിക്കുന്നു. ഇങ്ങനെയുള്ള സംവാദത്തിൽ ഇയാൾക്ക് ഒരിക്കലും ഇത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ടെസ്റ്റ് വിജയിച്ചു എന്ന് പറയാം. ഇതിലെ ചോദ്യങ്ങൾക്ക് ഉത്തരം ശരിയായിക്കൊള്ളണമെന്നില്ല, പക്ഷേ മനുഷ്യന്റേത് എന്ന് തോന്നിപ്പിക്കുന്ന ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ചരിത്രം

തിരുത്തുക

ട്യൂറിംഗിന്റെ ലേഖനം (കമ്പ്യൂട്ടിംഗ് മെഷീനറി ആൻഡ് ഇന്റലിജൻസ്) ഏതാണ്ട് തുടങ്ങുന്നത് ഇങ്ങനെയാണ് : “ഞാൻ ചോദിക്കുന്ന ചോദ്യമിതാണ്, ‘ഒരു യന്ത്രത്തിന് ചിന്തിക്കാൻ സാദ്ധ്യമാണോ?’”. തുടർന്ന് “ചിന്തിക്കുക” എന്നത് ഒരു വിശാല അർത്ഥത്തിലുള്ള ഉപയോഗമായതുകൊണ്ടുതന്നെ ട്യൂറിംഗ് അതിനെ കുറച്ചുകൂടി ലളിതമായ രീതിയിൽ ചോദിക്കാൻ ശ്രമിക്കുന്നു. അതിന് അദ്ദേഹം ഒരു ലളിതമായ ഗെയിമാണ് തുടർന്ന് വിശദമാക്കുന്നത്. ഇത് ഏതാണ്ട് ട്യൂറിംഗ് ടെസ്റ്റിന് തുല്യമാണ്. ഇവിടെ ചോദ്യകർത്താവ് മറ്റു രണ്ടുപേരിൽ നിന്ന് സ്ത്രീ ആര് പുരുഷൻ ആര് എന്ന്, ശബ്ദത്താലല്ലാതെ ചോദ്യങ്ങൾ വഴി കണ്ടെത്താൻ ശ്രമിക്കുന്നു. “ഈ മൂന്നുപേർക്ക് പകരം കം‌പ്യൂട്ടർ ആണെങ്കിൽ ഈ ഗെയിം അവ എങ്ങനെ കൈകാര്യം ചെയ്യും ?” എന്ന ചോദ്യത്തിലൂടെയാണ് മുൻ ചോദ്യത്തെ അദ്ദേഹം ലളിതമാക്കാൻ ശ്രമിക്കുന്നത്. [1] ട്യൂറിങ് മുന്നോട്ടു വച്ച ഈ ടെസ്റ്റുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിന്താധാരകളെ വളരയധികം സ്വാധീനിക്കുകയും ചോദ്യം ചെയ്യപ്പെടുകയുമൊക്കെയുണ്ടായി.

ടൂറിങ് ടെസ്റ്റ് നടത്തുന്ന രീതി

തിരുത്തുക

പുരുഷൻ, സ്ത്രീ, ചോദ്യകർത്താവ് (ഇത് പുരുഷനോ സ്ത്രീയോ ആകാം). ഇവരെ പരസ്പരം നേരിട്ടു കാണാനാവാത്ത തരത്തിൽ മൂന്നു ടെലിടൈപ്പ്റൈറ്ററുകളുടെ മുന്നിൽ ഇരുത്തുന്നു. നെറ്റ് വർക് രീതിയിൽ ബന്ധപ്പെടുത്തിയിട്ടുള്ള ഈ ടെലിടൈപ്പ്റൈറ്ററുകളിലൂടെ ചോദ്യകർത്താവ് സ്ത്രീയോടും പുരുഷനോടും സംഭാഷണത്തിലേർപ്പെടുന്നു', പക്ഷേ അവരിൽ പുരുഷനും സ്ത്രീയും ആരാണെന്ന് സംഭാഷണത്തിനു മുൻപ് ചോദ്യകർത്താവിനറിയില്ല. അതുപോലെ മറുപടി നൽകുന്ന സമയത്ത്, പുരുഷന്, തനിക്കു ലഭിച്ച ചോദ്യത്തിന് ഒരു സ്ത്രീയുടെ രീതിയിൽ മറുപടി നൽകാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും. ചോദ്യങ്ങൾക്ക് ലഭിക്കുന്ന ഉത്തരങ്ങളിലൂടെ പുരുഷനേയും സ്ത്രീയേയും തിരിച്ചറിയുകയാണ് ചോദ്യകർത്താവിന്റെ ലക്ഷ്യം.

എന്നാൽ ടൂറിങ് ടെസ്റ്റിൽ, പുരുഷനും സ്ത്രീക്കും പകരം ഒരു മനുഷ്യനും കംപ്യൂട്ടറുമാണ് ചോദ്യകർത്താവുമായി സംവാദത്തിലേർപ്പെടുന്നത്. പക്ഷേ, ഇത്തരത്തിലൊരു പരീക്ഷയുടെ വിശദാംശങ്ങളെക്കുറിച്ച് ടൂറിങ് പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ലാത്തതിനാൽ ഇന്ന് പല രീതിയിലും ടൂറിങ്ങ് ടെസ്റ്റ് നടത്താനാകും. എന്നാൽ മിക്കപ്പോഴും അടിയിൽ പറയുന്ന രീതിയിലാണ് ടൂറിങ് ടെസ്റ്റ് നടത്താറുള്ളത്.

ഒരു കംപ്യൂട്ടർ ടെർമിനലിന്റെ മുന്നിൽ ശരാശരി ബുദ്ധിയുള്ള ഒരു വ്യക്തിയെ ഇരുത്തുന്നു. രണ്ടാമത്തെ ടെർമിനലുമായി, യഥായോഗ്യം പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കംപ്യൂട്ടറേയും ഘടിപ്പിക്കുന്നു; മൂന്നാമത്തെ ടെർമിനലിനു മുന്നിലിരിക്കുന്ന ചോദ്യകർത്താവ് വളരെ ബുദ്ധിവൈഭവമുള്ള ഒരാളായിരിക്കും; ആർക്കും പരസ്പരം നേരിട്ടു കാണാനുമാവില്ല. ഇനി ടെർമിനൽ വഴിയുള്ള ചോദ്യങ്ങളിലൂടെ മാത്രം ചോദ്യകർത്താവ് കംപ്യൂട്ടറേയും വ്യക്തിയേയും തിരിച്ചറിയിക്കാൻ ശ്രമിക്കുന്നു, കംപ്യൂട്ടറിനു വേണമെങ്കിൽ അത് മനുഷ്യനാണെന്നു തെറ്റിദ്ധാരണ ഉണ്ടാക്കാനായി, മനുഷ്യർ പ്രതികരിക്കും പോലെ, മറുപടി നൽകുകയും ചെയ്യാം (ഉദാഹരണമായി എന്റെ മുടി ചുരുണ്ടതാണ്, എനിക്ക് വാനില ഐസ്ക്രീമാണ് ഇഷ്ടം തുടങ്ങിയവ). അത് മനുഷ്യനാണ് എന്ന മിഥ്യാബോധം ചോദ്യകർത്താവിൽ കംപ്യൂട്ടറിന് സൃഷ്ടിക്കാൻ കഴിഞ്ഞാൽ കംപ്യൂട്ടർ ടൂറിങ് ടെസ്റ്റ് ജയിച്ചതായി കരുതാം.

ടൂറിങ് മെഷീൻ ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന ഫലനങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ ചിന്താശക്തിയെ നിർവചിച്ച് വിലയിരുത്താനാകുമെന്ന് ടൂറിങ് വിശ്വസിച്ചിരുന്നു. തന്മൂലം, ഒരു ചെറിയ കുട്ടി വസ്തുതകളെ വിമർശനബുധ്യാ നിരീക്ഷിച്ചു മനസ്സിലാക്കുന്നതു പോലെ, ഒരു കംപ്യൂട്ടറിനെ പ്രോഗ്രാമിലൂടെ പ്രവർത്തിപ്പിക്കാനായാൽ, അതിന് ചിന്താശക്തിയും ബുദ്ധിശക്തിയും ലഭിക്കുമെന്നും ടൂറിങ് കരുതി. എന്നാൽ, അന്നത്തെ കംപ്യൂട്ടർ സാങ്കേതികവിദ്യ അത്രമാത്രം പുരോഗമിച്ചിരുന്നില്ല. എങ്കിലും ഒരമ്പതു വർഷത്തിനുശേഷമെങ്കിലും (അതായത് 2000-മാണ്ടോടെ) അത്തരത്തിലൊരു കംപ്യൂട്ടർ വികസിപ്പിക്കാനാകുമെന്ന് ടൂറിങ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ജയിക്കാൻ എളുപ്പമെന്നു തോന്നാവുന്ന ഈ പരീക്ഷയിൽ ഇന്നുവരെ ഒരു കംപ്യൂട്ടറിനും വിജയം കൈവരിക്കാനായിട്ടില്ല; ലാങ്ഗ്വേജ് അനലൈസെറും മറ്റും ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയിൽ 'സംഭാഷണം' നടത്താനാവുന്ന എലിസയ്ക്കു പോലും ടൂറിങ് ടെസ്റ്റ് കടമ്പ ഇന്നുവരെ തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഒരു വ്യക്തിയുടെ ബുദ്ധിശക്തിയുടെ അളവുകോലായി അയാളുടെ പദാനുപദ-പ്രയോഗ ചാതുരി ഉപയോഗപ്പെടുത്താം എന്ന പ്രമാണത്തിലധിഷ്ഠിതമാണ് ടൂറിങ് ടെസ്റ്റ്. യഥാർഥത്തിൽ കംപ്യൂട്ടറിന് ചിന്താശക്തിയും ബുദ്ധിശക്തിയും ഉണ്ടോ എന്ന പ്രശ്നത്തിന് അനുകൂലമായോ പ്രതികൂലമായോ തെളിവുകൾ നൽകാൻ പ്രാപ്തിയുള്ള വസ്തുനിഷ്ഠമായ ഒരു പരീക്ഷ മാത്രമാണ് ടൂറിങ് ടെസ്റ്റ് എന്നു പറയാം. ടെസ്റ്റിൽ വിജയം നേടിയാൽ ബുദ്ധിയുണ്ടെന്നോ, പരാജയപ്പെട്ടാൽ ചിന്താശക്തി ഇല്ലെന്നോ, അർഥമില്ല. ബുദ്ധിയുണ്ടെങ്കിലും ചോദ്യകർത്താവിനെ തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കിൽ പരാജയം സുനിശ്ചിതമാണ്. മറിച്ച്, ബുദ്ധിയില്ലെങ്കിലും കംപ്യൂട്ടർ തോന്നിയ മട്ടിൽ (at random) നൽകുന്ന മറുപടികൾ ശരി ഉത്തരങ്ങളാണെങ്കിൽ വിജയം ഉറപ്പാണുതാനും

വിമർശനങ്ങൾ

തിരുത്തുക

പ്രത്യയശാസ്ത്രപരമായി വളരെയധികം വിമർശനങ്ങൾ ടൂറിങ് ടെസ്റ്റിന് എതിരായി ഉയർന്നുവന്നിട്ടുണ്ട്. അവയിൽ പ്രശസ്തമായ രണ്ടെണ്ണമാണ് നെഡ് ബ്ലോക്കിന്റെ ജ്യൂക്ബോക്സ് ഒബ്ജക്ഷനും' ജോൺ സീളിന്റെ ചൈനീസ് റൂം ഒബ്ജക്ഷനും'.

ഏതു ടൂറിങ് ടെസ്റ്റിനും ഒരു നിശ്ചിത സമയ പരിധി ഉണ്ടായിരിക്കുമല്ലോ. ഈ സാന്ത (finite) ഇടവേളയിൽ ചോദ്യകർത്താവിന് സംഭാഷണത്തിനായി' ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടേയും അവ കൊണ്ട് സൃഷ്ടിക്കാവുന്ന വാക്യങ്ങളുടേയും (അക്ഷര ശൃംഖല) എണ്ണവും, ഓരോ ചോദ്യത്തിനും നൽകാവുന്ന മറുപടികളുടെ എണ്ണവും സാന്തമായിരിക്കും. തന്മൂലം കംപ്യൂട്ടറിന് സംഭാഷണത്തിനായി' ഉപയോഗിക്കേണ്ടിവരുന്ന അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു സാന്ത ചരം (finite set) സൃഷ്ടിച്ച്, അതിന്റെ അടിസ്ഥാനത്തിൽ സംവാദത്തിലേർപ്പെടാവുന്ന രീതിയിൽ കംപ്യൂട്ടറെ പ്രോഗ്രാം ചെയ്യാനായാൽ, പ്രസ്തുത കംപ്യൂട്ടറിന് ടൂറിങ് ടെസ്റ്റ് അനായാസേന ജയിക്കാനാകും; എന്നാൽ, യഥാർഥത്തിൽ അതിന് ബുദ്ധിശക്തി ഇല്ലതാനും. ഇതാണ് ജ്യൂക്ബോക്സ് ഒബ്ജക്ഷൻ' എന്ന പേരിൽ അറിയപ്പെടുന്നത്.

ഇംഗ്ലീഷ് ഭാഷ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തി തനിച്ചൊരു മുറിയിലിരിക്കുന്നു എന്നു കരുതുക. ചൈനീസ് ഭാഷയിലെ ചിഹ്നങ്ങളുപയോഗിച്ച് എങ്ങനെ വാക്യങ്ങൾ തയ്യാറാക്കാം എന്നു പ്രതിപാദിക്കുന്ന ഒരു നിയമാവലിയും(rule book) അയാളുടെ കൈവശമുണ്ടെന്ന് സങ്കല്പിക്കുക. ഇയാളുമായി ചൈനീസ് ഭാഷയിൽ മുറിക്കു പുറത്തു നിന്ന് ഒരാൾ സംഭാഷണത്തിലേർപ്പെട്ടാൽ', റൂൾ ബുക്കുപയോഗിച്ച്, മുറിക്കുള്ളിലെ വ്യക്തിക്ക്, ചൈനീസ് ഭാഷയിൽത്തന്നെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാകും. തന്മൂലം പുറത്തുള്ള വ്യക്തി മുറിക്കുള്ളിലെ വ്യക്തിക്കും ചൈനീസ് ഭാഷ മനസ്സിലാക്കാൻ ശേഷിയുണ്ടെന്ന് കരുതുന്നു; എന്നാൽ, മുറിക്കുള്ളിലെ വ്യക്തിക്ക് ചൈനീസ് ഭാഷ മനസ്സിലാക്കാൻ ശേഷിയില്ല എന്നതാണ് വാസ്തവം. ഇതുപോലെ വിവർത്തന രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ഒരു കംപ്യൂട്ടർ സജ്ജമാക്കിയാൽ കാര്യഗ്രഹണശേഷിയില്ലെങ്കിൽപ്പോലും അതിന് ടൂറിങ് ടെസ്റ്റിൽ വിജയിക്കാനാവും. ഇതാണ് ചൈനീസ് റൂം ഒബ്ജക്ഷൻ' എന്നറിയപ്പെടുന്നത്.

പ്രസക്തി

തിരുത്തുക

ഭാവിയിൽ ഇത്തരത്തിലുള്ള കമ്പ്യൂട്ടറുകൾ സ്രുഷ്ടിക്കപ്പെടുമെന്ന് ട്യൂറിംഗ് കണക്കുകൂട്ടിയിരുന്നു. അദ്ദേഹം പറഞ്ഞത് 2000 ഇൽ 109 ബിറ്റ്സ് ( ഏതാണ്ട് 120 മെഗാബൈറ്റ്) മെമ്മറിയുള്ള കമ്പ്യൂട്ടറുകൾ ഈ ടെസ്റ്റ് അഞ്ചുമിനിട്ടോളം ചോദ്യകർത്താവിനെ സംശയത്തിൽ നിർത്താൻ സാധിക്കുമെന്നാണ്. ഇപ്പോൾ ചില ഗവേഷണങ്ങൾ പറയുന്നത് 2029 ഇൽ ഇത് പറ്റുമെന്നാണ്. [2] ഇതിനെ ചേദ്യം ചെയ്ത് ചില പന്തയങ്ങൾവരെയുണ്ട്.

സാങ്കേതിക വളർച്ച മൂലം ഭാവിയിൽ ചിലപ്പോൾ കംപ്യൂട്ടറുകൾക്ക് ടൂറിങ് ടെസ്റ്റ് ജയിക്കാനായേക്കാം. പക്ഷേ, അത്തരമൊരവസ്ഥ സംജാതമായാൽ അതിൽ നിന്ന് എന്ത് നിഗമനത്തിലെത്താം എന്ന കാര്യം ഇന്നും കംപ്യൂട്ടർ മേഖലയിലെ ചൂടുള്ള ഒരു ചർച്ചാവിഷയമായി അവശേഷിക്കുന്നു.

  1. Computing Machinery and Intelligence A.M. Turing.
  2. "പ്രബന്ധം Shane T. Mueller, Ph.D. (2008)" (PDF). Archived from the original (PDF) on 2010-11-05. Retrieved 2012-11-29.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂറിങ് ടെസ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂറിങ്_ടെസ്റ്റ്&oldid=3797395" എന്ന താളിൽനിന്ന് ശേഖരിച്ചത്