ടി.കെ.ആർ. ഭദ്രൻ

(ടി കെ ആർ ഭദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളഭാഷയിലെ ഭക്തിഗാനരചനയിലെ ഒരു പ്രമുഖനായിരുന്നു തൈച്ചിറയിൽ കൃഷ്ണൻ രാമഭദ്രൻ എന്ന ടി.കെ.ആർ. ഭദ്രൻ (1921-1981). ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായിരുന്ന ഭദ്രൻ നിരവധി പ്രസിദ്ധ അയ്യപ്പഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഗംഗയാറ് പിറക്കുന്നു, ഒരേ ഒരു ലക്ഷ്യം, ആ ദിവ്യനാമം അയ്യപ്പാ, ആനകേറാമല ആളുകേറാലമല തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കവി, ഗാനരചയിതാവ് എന്നീ നിലകളില്ലാതെ ഓട്ടൻതുള്ളൽ കലാകാരൻ, ചലച്ചിത്ര-നാടകനടൻ, ഇന്ത്യൻ എയർലൈൻസ് ഉദ്യോഗസ്ഥൻ തുടങ്ങിയ മേഖലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

ജീവിതരേഖ

തിരുത്തുക

തൈച്ചിറയിൽ വീട്ടിൽ കൃഷ്ണന്റെ മകനായി 1921-ൽ പുന്നപ്രയിൽ ജനിച്ച ഭദ്രൻ, അവിടെയുള്ള ലിയോ തേർട്ടീൻസ് സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ അദ്ദേഹം സാഹിത്യരംഗത്തേയ്ക്ക് കടന്നുവരികയുണ്ടായി. കഥകളും കവിതകളും നാടകങ്ങളുമായി നിരവധി സാഹിത്യസൃഷ്ടികൾ ഭദ്രന്റേതായുണ്ടായിരുന്നു. കുടുംബത്തിലെ ദാരിദ്ര്യം കാരണം ആശുപത്രിയിൽ സൂപ്രണ്ടായി പ്രവർത്തിയ്ക്കേണ്ടിവന്നിട്ടുണ്ട്. പിന്നീട് മദ്രാസിലേയ്ക്ക് (ഇപ്പോഴത്തെ ചെന്നൈ) താമസം മാറ്റിയ അദ്ദേഹം, ഇന്ത്യൻ എയർലൈൻസിലെ കേറ്ററിങ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായി. 1979-ൽ കേറ്ററിങ് സൂപ്രണ്ട് തസ്തികയിലെത്തിയ ശേഷം വിരമിച്ച അദ്ദേഹം, 1981-ൽ അറുപതാമത്തെ വയസ്സിൽ അന്തരിച്ചു. സുമതിയായിരുന്നു ഭാര്യ. സുരേഷ്, സുചിത്ര, സുപാൽ, സുവാസ്, സുപ്രിയ എന്നിവരാണ് മക്കൾ. [1]

ഗാനങ്ങൾ

തിരുത്തുക

സാഹിത്യരംഗത്ത് നിരവധി സൃഷ്ടികൾ നടത്തിയിട്ടുണ്ടെങ്കിലും ഭദ്രൻ ഏറ്റവും കൂടുതൽ ഓർമ്മിയ്ക്കപ്പെടുന്നത് അദ്ദേഹം രചിച്ച അയ്യപ്പഭക്തിഗാനങ്ങളുടെ പേരിലാണ്. 1975-ൽ എച്ച്.എം.വി. പുറത്തിറക്കിയ ഗംഗയാർ എന്ന ആൽബത്തിനുവേണ്ടി പത്തുപാട്ടുകൾ രചിച്ചതാണ് അവയിൽ ഏറ്റവും പ്രസിദ്ധം. ബി.എ. ചിദംബരനാഥും കെ.ജെ. യേശുദാസും ഇവയിൽ അഞ്ചെണ്ണത്തിനുവീതം ഈണം പകരുകയും, യേശുദാസ് അവയെല്ലാം ആലപിയ്ക്കുകയും ചെയ്തു. ഇവയായിരുന്നു ആ പാട്ടുകൾ:

  1. ഗംഗയാറ് പിറക്കുന്നു (സംഗീതം: ചിദംബരനാഥ്)
  2. ഒരേ ഒരു ലക്ഷ്യം (സംഗീതം: യേശുദാസ്)
  3. ഖേദമേകും ദീർഘയാത്ര (സംഗീതം: ചിദംബരനാഥ്)
  4. ശങ്കരന്നചലം കൈലാസം (സംഗീതം: യേശുദാസ്)
  5. മകരവിളക്കേ മകരവിളക്കേ (സംഗീതം: ചിദംബരനാഥ്)
  6. മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ (സംഗീതം: യേശുദാസ്)
  7. പമ്പയാറിൻ പൊൻപുളിനത്തിൽ (സംഗീതം: യേശുദാസ്)
  8. നീല നീല മലയുടെ മുകളിൽ (സംഗീതം: ചിദംബരനാഥ്)
  9. സുപ്രഭാതം പൊട്ടിവിടർന്നു (സംഗീതം: യേശുദാസ്)
  10. പൊന്നു പതിനെട്ടാം പടി കേറി (സംഗീതം: ചിദംബരനാഥ്)

1975 ഡിസംബർ മാസത്തിൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ പാട്ടുകളെല്ലാം വൻ ജനപ്രീതി നേടുകയുണ്ടായി. ഇപ്പോഴും കേരളത്തിലെ ഭക്തിഗാനമേളകളിൽ സ്ഥിരം സാന്നിദ്ധ്യമാണ് ഇവ.

കുട്ടിക്കാലം മുതലേ തികഞ്ഞ അയ്യപ്പഭക്തനായിരുന്നെങ്കിലും ഒരിയ്ക്കൽ പോലും ഭദ്രൻ ശബരിമല ദർശനം നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്.[2]

പ്രശസ്തമായ ഗാനങ്ങൾ

തിരുത്തുക

1. ഗംഗയാറു പിറക്കുന്നു 2. സുപ്രഭാതം പൊട്ടി വിടർന്നു 3. ഖേദമേകും ദീർഘയാത്ര 4.മകരവിളക്കേ 5. മനസ്സിനുള്ളിൽ ദൈവമിരുന്നാൽ 6. നീല നീല മലയുടെ 7. ഒരേയൊരു ലക്ഷ്യം 8. പമ്പയാറിൻ പൊൻ പുളിനത്തിൽ 9.ശങ്കരനചലം കൈലാസം 10. പൊന്നും പതിനെട്ടാം പടി 11. ആ ദിവ്യനാമം അയപ്പാ 12. ആന കേറാമല 13. ഏഴാഴികൾ ചൂഴും 14. അഭിരാമ ശൈലമേ 15. പമ്പയിൽ കുളി കഴിച്ച് 16. സത്യമായ പൊന്നും പതിനെട്ടാം പടി 17. കാശിരാമേശ്വരം 18. നിന്നെക്കണ്ടു 19. പമ്പാ നദിയൊരു 20. കാട്ടിലുണ്ട് വന്യ മൃഗങ്ങൾ


  1. ഭക്തിഗാനങ്ങളുടെ ഭദ്രാചലം - സംജാദ് നാരായണൻ ,മാതൃഭൂമി വാരാന്തപ്പതിപ്പ്, ജനുവരി 1, 2023
  2. https://malayalasangeetham.info/displayProfile.php?artist=TKR%20Bhadran&category=lyricist
"https://ml.wikipedia.org/w/index.php?title=ടി.കെ.ആർ._ഭദ്രൻ&oldid=4008864" എന്ന താളിൽനിന്ന് ശേഖരിച്ചത്