ടി. ഷൺമുഖം

ഇന്ത്യൻ ഫുട്ബോൾ താരം

ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ ഒരംഗമായിരുന്നു 'ഒളിമ്പ്യൻ' തുളുഖാനം ഷണ്മുഖം എന്ന ടി. ഷൺമുഖം(19 ജൂൺ 1920 – 13 ഡിസംബർ 2012). 1951-ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ദേശീയ ടീമിലംഗമായിരുന്ന ഈ മധ്യനിരക്കാരൻ ഹെൽസിങ്കി ഒളിമ്പിക്‌സിലും(1952) ഇന്ത്യയ്ക്കായി പങ്കെടുത്തിട്ടുണ്ട്.

ടി. ഷൺമുഖം
ടി. ഷൺമുഖം
ജനനം1920 ജൂൺ 19
മരണം2012 ഡിസംബർ 13
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ഒളിമ്പ്യൻ ഫുട്ബോൾ താരം

ജീവിതരേഖ

തിരുത്തുക

ബാംഗ്ലൂരിൽ ഗാരിസൺ ഗ്രൗണ്ടിലും പോലീസ് ഗ്രൗണ്ടിലും ബ്രിട്ടീഷുകാർ ഫുട്‌ബോൾ തട്ടുന്നതു കണ്ടാണ് കളിയിലേക്ക് ആകൃഷ്ടനായത്. ടെന്നീസ് പന്തുപയോഗിച്ചായിരുന്നു തുടക്കത്തിൽ കളി. ഷണ്മുഖത്തിന്റെ കളിക്കമ്പം ബ്രിട്ടീഷുകാരുടെ ശ്രദ്ധയൽപ്പെട്ടു. ഓസ്റ്റിൻ ടൗൺ ഹൈസ്കൂളിലായിരുന്നു കളിയുടെ ബാലപാഠങ്ങൾ പഠിച്ച ഷണ്മുഖം, പിന്നീട് ബാംഗ്ലൂർ സീനിയർ ഡിവിഷൻ ലീഗിൽ മഹാരാജ സോഷ്യൽസ്, ബാംഗ്ലൂർ സ്റ്റുഡന്റ് ഫുട്‌ബോൾ ക്ലബ്ബ് ടീമുകൾക്കുവേണ്ടി കളിച്ചു. 1941-ൽ ബാംഗ്ലൂർ പോലീസിന്റെ സള്ളിവൻ പോലീസ് സ്‌പോർട്‌സ് ക്ലബ്ബിൽ ചേർന്നതോടെയാണ് അറിയപ്പെടുന്ന താരമായി മാറി.[1]

കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഷണ്മുഖം കർണാടകത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ചിട്ടുണ്ട്. 1944 മുതൽ 54 വരെ കർണാടക(അന്നത്തെ മൈസൂർ) സന്തോഷ് ട്രോഫി ടീമിലംഗമായി. '46ലും 52ലും മൈസൂർ ടീം സന്തോഷ് ട്രോഫി നേടുമ്പോൾ ക്യാപ്റ്റനായിരുന്നു. 1983-84ൽ കർണാടകം സന്തോഷ് ട്രോഫി നേടിയപ്പോൾ പരിശീലകനും. 1968-69ൽ കർണാടകം സന്തോഷ് ട്രോഫി നേടുമ്പോൾ സഹപരിശീലകനായിരുന്നു. പ്രശസ്ത ഗോവൻ ടീം സാൽഗോക്കറിന്റെ പരിശീലകനായി 14 വർഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ സാൽഗോക്കർ ഫെഡറേഷൻ കപ്പ്, റോവേഴ്‌സ് കപ്പ്(1988), മൺമറഞ്ഞുപോയ കേരളത്തിലെ പ്രശസ്ത ടൂർണമെന്റുകളിലൊന്നായ ചാക്കോള കപ്പ്, സിക്കിമിലെ മഹാരാജ കപ്പ് എന്നിവ നേടി.

1951 ഏഷ്യാഡ് സെമിയിൽ അഫ്ഗാനിസ്താനെതിരെയാണ് ദേശീയ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ഹെൽസിങ്കി ഒളിമ്പിക്സിൽ യൂഗോസ്ലാവിയക്കെതിരെയും ബൂട്ടുകെട്ടിയിറങ്ങി. മധ്യനിരയിൽ മികച്ച കളി മികവ് പുറത്തെടുത്ത അദ്ദേഹം കളിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രകൃതക്കാരനായിരുന്നു. പിന്നീട് കോച്ചിൻെറ കുപ്പായത്തിൽ തിളങ്ങാൻ സഹായിച്ചതും ഇതുതന്നെ. കർണാടക കോച്ചായ അദ്ദേഹം 1983-84 ൽ ടീമിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തു. 1968-69 സീസണിൽ കർണാടക സന്തോഷ് ട്രോഫി നേടുമ്പോൾ അദ്ദേഹം അസിസ്റ്റൻറ് കോച്ചായിരുന്നു.[2]

ജപ്പാനിൽ നടന്ന ഫിഫയുടെ പരിശീലകക്കളരിയിലേക്ക് എൻ.ഐ.എസ്. 1968-ൽ അയച്ച നാലു പ്രമുഖരുടെ സംഘത്തിൽ അംഗമായിരുന്നു ഷണ്മുഖം. പി.കെ.ബാനർജി, ചുനി ഗോസ്വാമി, ജർണയിൽ സിങ് എന്നിവരായിരുന്നു മറ്റു മൂന്നുപേർ.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-16. Retrieved 2012-12-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-16. Retrieved 2012-12-21.
"https://ml.wikipedia.org/w/index.php?title=ടി._ഷൺമുഖം&oldid=3804682" എന്ന താളിൽനിന്ന് ശേഖരിച്ചത്