ടിഷ്യൻ വെസല്ലി
ടിഷ്യൻ, വെസല്ലി (1485 - 1576) ഒരു പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർധിപ്പിച്ചു.
ടിഷ്യൻ വെസല്ലി Titian | |
---|---|
ജനനം | Tiziano Vecelli c. 1488/1490 |
മരണം | |
ദേശീയത | Italian |
അറിയപ്പെടുന്നത് | Painting |
അറിയപ്പെടുന്ന കൃതി | Assumption of the Virgin Pesaro Altarpiece Venus of Urbino |
പ്രസ്ഥാനം | High Renaissance |
ചരിത്രം
തിരുത്തുകപ്രഗല്ഭനായ ഒരു കൗൺസിലറും സൈനികനുമായിരുന്ന ഗ്രെഗോറിയോ വെസെല്ലിയുടെയും ലൂസിയയുടെയും മകനായി ഇറ്റലിയിലെ ആൽപ്സ് പ്രദേശത്ത് 1485-ൽ ജനിച്ച ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു.[1] തുടർന്ന് പുരോഗമനചിന്താഗതിക്കാരനായ ജോർജിയോണിന്റെ സഹപ്രവർത്തകനായി. 1510-ൽ ജോർജിയോൺ അന്തരിച്ചപ്പോൾ അദ്ദേഹം പൂർത്തിയാക്കാതിരുന്ന സ്ലീപിംങ് വീനസ് എന്ന ചിത്രം ടിഷ്യനാണ് മുഴുമിപ്പിച്ചത്. 1516-ൽ ജിയോവന്നി ബെല്ലിനി അന്തരിച്ചതിനെ തുടർന്ന് വെനീഷ്യൻ റിപ്പബ്ലിക്കിലെ ഔദ്യോഗികചിത്രകാരനായി ടിഷ്യൻ അവരോധിക്കപ്പെട്ടു. ടിഷ്യന്റെ ഒരു രചന വീനസ് ഒഫ് അർബിനോ
1533-ൽ ഹോളി റോമൻ എംപറർ ചാൾസ് അഞ്ചാമന്റെ കൊട്ടാരചിത്രകാരനായി ടിഷ്യൻ അവരോധിക്കപ്പെട്ടു. ഓർഡർ ഒഫ് ദ് ഗോൾഡൻ സ്പർ ടിഷ്യന് ലഭിച്ചത് ഈ കാലയളവിലാണ്. 1545-46 കാലയളവിൽ വിശിഷ്ടാതിഥിയായി റോമിലെത്തിയപ്പോൾ ടിഷ്യൻ മൈക്കലാഞ്ജലൊയെ സന്ദർശിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഓഗ്സ്ബർഗിലെ രാജധാനിയിലെത്തി ചാൾസിന്റെ മകനും പിൽക്കാല സ്പെയിൻ ഭരണാധികാരിയുമായ ഫിലിപ് രണ്ടാമനെ സന്ദർശിച്ചു. വളരെക്കാലം ടിഷ്യന്റെ മുഖ്യരക്ഷാധികാരി ഇദ്ദേഹമായിരുന്നു. ടിഷ്യന്റെ ചുമതലയിൽ രൂപംകൊണ്ട സ്റ്റുഡിയോയിൽ അദ്ദേഹത്തിന്റെ മകനായ ഒറാസിയോയും മറ്റു പല കുടുംബാംഗങ്ങളും പ്രവർത്തകരായിരുന്നു. വെനിസിലെ പ്രമുഖ ചിത്രകാരനായി മാറിയ ടിഷ്യൻ പ്രശസ്ത സാഹിത്യകാരനായ പിയത്രോ അരറ്റിനോ, ശില്പിയായ യാക്കപ്പോ സൻസോവിനോ എന്നിവരുമായി ചേർന്ന് വെനീസിലെ സാംസ്കാരിക ജീവിതത്തെ ആകർഷകമാക്കി.
ടിഷ്യന്റെ ചിത്രങ്ങൾ
തിരുത്തുകസാഹിത്യസംഭവങ്ങളെ ആധാരമാക്കി ടിഷ്യൻ വരച്ച പല ചിത്രങ്ങളും നവോത്ഥാനത്തിന് ഉണർവേകി. ചിത്രരചനയ്ക്കു പുറമേ വാസ്തുശില്പകലയിലും പ്രാവീണ്യം നേടിയ ടിഷ്യന്റെ സേവനം പലരും ഉപയോഗപ്പെടുത്തിയിരുന്നു.
ആധുനിക നിരൂപകർ ടിഷ്യന്റെ ചിത്രരചനയെ ആറു ഘട്ടങ്ങളായി തരം തിരിക്കുന്നു.
ആദ്യഘട്ടം
തിരുത്തുക1516 വരെയുള്ള ആദ്യഘട്ടത്തിൽ ബെല്ലിനിയുടെയും മറ്റും കാവ്യപാരമ്പര്യത്തിലുടലെടുത്ത ഒരു ശൈലിയാണ് പ്രകടമാകുന്നത്. സേക്രഡ് ആൻഡ് പ്രൊഫേൻ ലൗ എന്ന ചിത്രവും മറ്റും ഈ കാലയളവിൽ ടിഷ്യനെ ശ്രദ്ധേയനാക്കി.
രണ്ടാംഘട്ടം
തിരുത്തുക1516 മുതൽ 1530 വരെയുള്ള രണ്ടാംഘട്ടത്തിൽ ബലിപീഠങ്ങളിലെ സ്മാരകചിത്രങ്ങളായിരുന്നു ടിഷ്യന്റെ മുഖ്യസംഭാവനകൾ.
- അസംപ്ഷൻ ഒഫ് ദ് വെർജിൻ,
- മഡോണ ഒഫ് ദ് പെസാറോ ഫാമിലി,
- ഡെത്ത് ഒഫ് സെന്റ്പിറ്റർ മർട്യർ
എന്നിവ ഏറെ പ്രാധാന്യമർഹിക്കുന്നു. പുരാണ സംബന്ധമായ ഏതാനും ചിത്രങ്ങളും ഈ കാലയളവിൽ ടിഷ്യൻ രചിക്കുകയുണ്ടായി.
- വർഷിപ് ഒഫ് വീനസ്,
- ബക്കാനൻ ഒഫ് ദി ആൻഡ്രിയൻസ്,
- ബാക്കസ് ആൻഡ് അരിയാദ്നെ എന്നീ ചിത്രങ്ങൾ ഫെറാറയിലെ ഡ്യൂക്കിനുവേണ്ടി രചിച്ചവയാണ്. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറി.
മൂന്നാംഘട്ടം
തിരുത്തുക1530 മുതൽ 40 വരെയുള്ള മൂന്നാം ഘട്ടത്തിൽ കഠിനപ്രയത്നത്തിൽ നിന്നു പിന്തിരിഞ്ഞ ടിഷ്യൻ സ്വാഭാവികരൂപങ്ങൾ വരച്ചുകാട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വീനസ് ഒഫ് അർബിനോ, പ്രസന്റേഷൻ ഒഫ് ദ് വെർജിൻ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ ശ്രദ്ധേയരായ ചില വ്യക്തികളുടെ ചിത്രങ്ങളും ടിഷ്യൻ വരയ്ക്കുകയുണ്ടായി. ചാൾസ് അഞ്ചാമൻ, കാർഡിനൻ ഇപ്പോലിറ്റോ ഡിമെഡിസി, ഫ്രാൻസിസ് ഒന്നാമൻ എന്നിവരുടെ ചിത്രങ്ങൾ ശ്രദ്ധേയമായി.
നാലാംഘട്ടം
തിരുത്തുകടിഷ്യന്റെ റോമാ സന്ദർശനവും മൈക്കലാഞ്ജലോയുമായുള്ള ചങ്ങാത്തവുമാണ് 1540 മുതൽ 1550 വരെയുള്ള നാലാംഘട്ടത്തിന്റെ സവിശേഷത. നിറക്കൂട്ടുകൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന ടിഷ്യൻ രൂപങ്ങൾക്ക് പ്രാമുഖ്യം നൽകിയ ഇറ്റാലിയൻ ചിത്രരചനയിൽ ഏറെ ആകൃഷ്ടനായി.
അഞ്ചാംഘട്ടം
തിരുത്തുകഅഞ്ചാം ഘട്ടത്തിൽ (1550-60) അദ്ദേഹം രചിച്ച റേപ് ഒഫ് യൂറോപാ, വീനസ് ആൻഡ് അഡോണിസ്, വീനസ് ആൻഡ് ദ് ല്യൂട്ട് പ്ലെയർ എന്നീ ചിത്രങ്ങളിൽ ഇറ്റാലിയൻ ചിത്രരചനയുടെ സ്വാധീനം തെളിഞ്ഞുകാണാം.
ആറാംഘട്ടം
തിരുത്തുക1560-നുശേഷമുള്ള ആറാം ഘട്ടത്തിൽ ടിഷ്യന്റെ ചിത്രരചനാമുന്നേറ്റത്തിന്റെ ഒരാവർത്തനമാണ് പ്രകടമാകുന്നത്: തനതായ ശൈലിയിലേക്കുള്ള ഒരു തിരിച്ചുവരവ്. മർട്യർഡം ഒഫ് സെന്റ് ലാറൻസ്, ആദം ആന്റ് ഈവ് എന്നീ ചിത്രങ്ങൾ ഇക്കാലത്ത് രചിച്ചവയാണ്. സ്വന്തം സ്മാരകത്തിനുവേണ്ടി പിയേത എന്നൊരു ചിത്രവും പൂർത്തിയാക്കി.
മാസ്റ്റർ പീസ്
തിരുത്തുകടിഷ്യന്റെ ആദ്യകാല ചിത്രങ്ങളിൽ ഏറെ ആകർഷകമായവ ബലിപീഠങ്ങൾക്കുവേണ്ടി രചിച്ചവയാണ്. അസംപ്ഷൻ ഒഫ് ദ് വെർജിൻ എന്ന ചിത്രത്തിന്റെ വലിപ്പം അന്നത്തെ യാഥാസ്ഥിതികരെ ഞെട്ടിക്കുക തന്നെ ചെയ്തു. എങ്കിലും ഇതൊരു മാസ്റ്റർ പീസായി അംഗീകരിക്കപ്പെട്ടു. ഡത്ത് ഒഫ് സെന്റ്പീറ്റർ മർട്യർ എന്ന ചിത്രത്തിൽ സെന്റ് പീറ്ററിന്റെ കൊലപാതകം സ്മാരകതുല്യമായ അനേകം വൃക്ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വരച്ചുകാട്ടിയിരിക്കുന്നത്. രൂപങ്ങളും പ്രകൃതിദൃശ്യങ്ങളും തമ്മിലുള്ള ഗാഢബന്ധം ടിഷ്യന്റെ ചിത്രങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. 1576 ആഗസ്റ്റ് 27-ന് ഇദ്ദേഹം നിര്യാതനായി.
ഗ്യാലറി
തിരുത്തുക-
Violante, c. 1515.
-
Federico II Gonzaga, c. 1525.
-
Portrait of Philip II, c. 1554.
-
The Death of Actaeon, 1559-1575. In Titian's later works, the forms lose their solidity and melt into the lush texture of shady, shimmering colors and unsettling atmospheric effects. In addition to energetic brushwork, Titian was said to put paint on with his fingers toward the completion of a painting.
-
The Flaying of Marsyas, little known until recent decades (Kroměříž Archdiocesan Museum, Czech Republic), c. 1570-1576.
-
Religion saved by Spain, 1572-1575, Prado Museum, Madrid, Spain.
-
Portrait of Jacopo Sannazaro
അവലംബം
തിരുത്തുക- ↑ ടിഷ്യൻ:നവോത്ഥാന കലയുടെ ശക്തിയും സൗന്ദര്യവും - എം.പി.വീരേന്ദ്രകുമാർ (മാതൃഭൂമി ആഴ്ചപ്പതിപ്പ്-2013 ഏപ്രിൽ 7-13)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവീഡിയോ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിഷ്യൻ വെസല്ലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |