ഘടനാപരമായി സാദൃശ്യമുള്ള രണ്ട് അസമമിത (asymmetric) കാർബൺ അണുക്കൾ ഉള്ള ഒരു ഡൈഹൈഡ്രോക്സി അമ്ലമാണ് ടാർട്ടാറിക് അമ്ലം. നാല് ഐസോമെട്രിക് രൂപങ്ങളിൽ സ്ഥിതിചെയ്യുന്നു. (1) ഡെക്സ്ട്രോ, ഡി അഥവാ + അമ്ലം. (2) ലേവോ, എൽ അഥവാ - അമ്ലം. (3) റെസിമിക്, ഡി, എൽ അഥവാ (+, -) അമ്ലം. ഡി അമ്ലത്തിന്റെയും എൽ അമ്ലത്തിന്റെയും സമതന്മാത്രീയ മിശ്രിതമായതിനാൽ ഓപ്ടിക്കൽ ആക്ടിവത (optical activity) പ്രദർശിപ്പിക്കുന്നില്ല. (4) മീസോമെറിക്, എം അമ്ലം; ഘടനാപരമായി ഓപ്ടിക്കൽ ആക്ടിവത പ്രദർശിപ്പിക്കുന്നില്ല. ഡി, എൽ, എം അമ്ലങ്ങളുടെ ഘടനാ ഫോർമുല താഴെ കാണിക്കുന്നു.

ഫ്യുമാറിക് അമ്ലം പൊട്ടാസിയം പെർമാൻഗനേറ്റിന്റെ നേർത്ത ക്ഷാരലായനിയുമായി പ്രതിപ്രവർത്തിച്ച് റെസിമിക് അമ്ല മിശ്രിതം ഉണ്ടാവുന്നു. ഇതേ സാഹചര്യങ്ങളിൽ മലിയിക് (maleic) അമ്ലം മീസോ ടാർട്ടാറിക് അമ്ലം ആണ് നല്കുന്നത്.

α-α1ഡൈബ്രോമോ സക്സിനിക് അമ്ലം സിൽവർ ഓക്സൈഡിന്റെ ജലീയ പ്ലവവുമായി ചേർത്ത് തിളപ്പിക്കുമ്പോൾ റെസിമിക് അമ്ലവും, മീസോ അമ്ലവും ഉണ്ടാവുന്നു.

ഡി (+) ടാർട്ടാറിക് അമ്ലം സ്വതന്ത്രാവസ്ഥയിലും, പൊട്ടാസിയം ഹൈഡ്രജൻ ടാർട്ടാറേറ്റായും (മുന്തിരിച്ചാറ്) സ്ഥിതിചെയ്യുന്നു. മുന്തിരിങ്ങയുടെ കിണ്വനം നടക്കുമ്പോൾ ടാർട്ടാറിക് അമ്ലത്തിന്റെ പൊട്ടാസിയം ലവണം ചുവന്ന നിറത്തിലുള്ള ഒരു അവക്ഷിപ്തമായി വേർതിരിയുന്നു. ഇത് ആർഗോൾ (argol) എന്ന പേരിൽ അറിയപ്പെടുന്നു. ആർഗോളിന്റെ പുനഃക്രിസ്റ്റലീകരണം വഴി കൂടുതൽ ശുദ്ധമായ ക്രീം ഓഫ് ടാർട്ടാർ (വെളുത്ത നിറം) ലഭിക്കുന്നു. ക്രീം ഓഫ് ടാർട്ടാർ വെള്ളത്തിൽ ലയിപ്പിച്ച ശേഷം, കാൽസിയം ഹൈഡ്രോക്സൈഡ് ചേർത്ത് അരിച്ചെടുക്കുന്നു. അരിച്ചെടുത്ത ലായനിയിൽ കാൽസിയം ക്ലോറൈഡ് ചേർക്കുമ്പോൾ കാൽസിയം ടാർട്ടാറേറ്റ് അവക്ഷേപിക്കപ്പെടുന്നു. സൾഫ്യൂറിക് അമ്ലവുമായി പ്രതിപ്രവർത്തിച്ച് ഡി (+) ടാർട്ടാറിക് അമ്ലം ഉണ്ടാകുന്നു.

എൽ (-) ടാർട്ടാറിക് അമ്ലം പ്രകൃതിയിൽ ലഭ്യമല്ല. റെസിമിക് അമ്ലം വിയോജിപ്പിച്ചാണ് എൽ (-) ടാർട്ടാറിക് അമ്ലം ഉണ്ടാക്കുന്നത്. ഭൗതികമായും രാസികമായും ഈ രണ്ട് അമ്ലങ്ങളും സമാന സ്വഭാവമാണ് പ്രദർശിപ്പിക്കുന്നത്. നാല് ടാർട്ടാറിക് അമ്ലങ്ങളുടെയും ഗുണധർമങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്നു.

ഡി (+) ടാർട്ടാറിക് അമ്ലം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിലോ ജലത്തിലോ ചേർത്ത് ചൂടാക്കുമ്പോൾ 29-33 ശ. മാ. റെസിമിക് മിശ്രിതവും 13-17 ശ. മാ. മീസോ അമ്ലവും ലഭിക്കുന്നു.

ടാർട്ടാറിക് അമ്ലം ചൂടാക്കുമ്പോൾ പൈറൂവിക് അമ്ലം ഉണ്ടാവുന്നു.


റോച്ചലേ ലവണം (Rochelle salt) അഥവാ സോഡിയം പൊട്ടാസിയം ഡി (+) ടാർട്ടാറേറ്റ് (Na K C4H4O6.4H2O), ടാർട്ടാർ എമറ്റിക് അഥവാ പൊട്ടാസിയം ആൻറ്റിമൊണയിൽ ഡി (+) ടാർട്ടാറേറ്റ് [K (SbO)C4H4O6]½ H2O എന്നിവയാണ് ടാർട്ടാറിക് അമ്ലത്തിന്റെ ഏറ്റവും ഉപയോഗപ്രദമായ സംയുക്തങ്ങൾ. അമ്ലവും ടാർട്ടാർ എമറ്റിക്കും ചായം മുക്കൽ, അച്ചടി എന്നിവയിൽ ഒരു വർണബന്ധകമായി ഉപയോഗിക്കാറുണ്ട്. ലഘുപാനീയങ്ങളുടെ നിർമ്മാണത്തിലും ടാർട്ടാറിക് അമ്ലം ഉപയോഗിച്ചു വരുന്നു. ടാർട്ടാർ എമറ്റിക് വൈദ്യശാസ്ത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഔഷധമാണ്. ഒരു വമനകാരി എന്ന നിലയിലും, കാലാ ആസാറി (കാളജ്വരം)ന്റെ ചികിത്സയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. എന്നാൽ കൂടിയ തോതിൽ ഇത് വിഷമായി മാറാറുണ്ട്.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർട്ടാറിക് അമ്ലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർട്ടാറിക്_അമ്ലം&oldid=3660144" എന്ന താളിൽനിന്ന് ശേഖരിച്ചത്