ഉത്തര ഘാനയിലെ സാവന്നാ (Savanna) മേഖലയിലുള്ള ഒരു നീഗ്രോ ജനവർഗമാണ് ടാലെൻസി. ഇതിന് പല ഗോത്രങ്ങളുണ്ട്. കൃഷിയും കാലിവളർത്തലും കോഴിവളർത്തലും ഇവർ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. ഗുർ (Gur) ഭാഷാ കുടുംബത്തിൽപ്പെട്ട താൽനി (Talni) ആണ് ഇവരുടെ ഭാഷ.

കുടുംബക്രമവും ആചാരങ്ങളും

തിരുത്തുക

കൂട്ടുകുടുംബങ്ങളായി കഴിഞ്ഞുകൂടുന്ന ജീവിതരീതിയാണ് ഇവർക്കുള്ളത്. ബഹുഭാര്യാത്വസമ്പ്രദായം ഇവരുടെയിടയിൽ നിലവിലുണ്ട്. കുടുംബനാഥനും ആൺമക്കളും (ചിലപ്പോൾ ചെറുമക്കളും) അവരുടെ ഭാര്യമാരും അവിവാഹിതകളായ പെൺമക്കളും ഒരു കുടുംബമായി താമസിക്കുന്നു. വിവാഹിതരായ പെൺമക്കൾ അവരുടെ ഭർത്താവിന്റെ കുടുംബത്തിലാണ് താമസിക്കുന്നത്. ദൃഢമായ കുടുംബ ബന്ധം പുലർത്തുന്നവരാണിവർ. പിതാവു വഴിയുള്ള പിൻതുടർച്ചാക്രമം പാലിച്ചുവരുന്നു. അന്യജാതിയിൽ നിന്നുള്ള വിവാഹബന്ധം അംഗീകരിക്കുവാൻ ഇവർ മടികാണിക്കുന്നില്ല. ഗോത്രങ്ങൾക്ക് സ്വയംഭരണാവകാശമുണ്ട്. ഇവർ പിന്തുടർന്നുവരുന്ന ജീവിതക്രമത്തിൽ പ്രത്യക്ഷനീതിനിർവഹണാധികാരം മുതിർന്ന ഗോത്ര നേതാക്കളിൽ നിക്ഷിപ്തമായുള്ള സമ്പ്രദായം നിലവിലിരിക്കുന്നു. ചില ഗോത്രങ്ങളിൽ ഏറ്റവും മുതിർന്ന നേതാവ് ഗോത്രമുഖ്യനായി കണക്കാക്കപ്പെടുമ്പോൾ മറ്റു ചില ഗോത്രങ്ങളിൽ മുതിർന്ന നേതാവ് ഭൂമിയുടെ ആചാരപരമായ അവകാശിയായി പരിഗണിക്കപ്പെടുകയാണ് പതിവ്. കൃഷിയിറക്കും വിളവെടുപ്പും ഉത്സവങ്ങളായി ആഘോഷിക്കുന്നു. സാമൂഹിക പരിവർത്തനങ്ങളോട് ഇണങ്ങിപ്പോകുവാൻ മടികാണിക്കാത്ത ഇക്കൂട്ടർ രാജ്യത്തു ലഭ്യമായ ആധുനിക വിദ്യാഭ്യാസ സൗകര്യവും മറ്റ് അവസരങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. തൊഴിൽപരമായ കുടിയേറ്റത്തിനുള്ള സൗകര്യം ഉപയോഗപ്പെടുത്തുന്നതിലും ഉത്സുകരാണിവർ. ഗോത്രനേതാക്കളിൽ നിക്ഷിപ്തമായിരുന്ന അധികാരാവകാശങ്ങൾ ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഔദ്യോഗിക ഭരണ ഏജൻസികളാണ് ഇപ്പോൾ നിർവഹിച്ചുവരുന്നത്.

അധിക വായനക്ക്

തിരുത്തുക
  • Fortes, Meyer (1945). The Dynamics of Clanship among the Tallensi. London: Oxford University Press (for International African Institute).
  • Fortes, Meyer (1949). The Web of Kinship among the Tallensi. London: Oxford University Press (for International African Institute).
  • Fortes, Meyer (1959). Oedipus and Job in West African Religion. Cambridge: Cambridge University Press.
  • Two reports of a stay among the Tallensi in Gbeogo:
  • Riehl, Volker (2003). The Dynamics of Peace: role of traditional festivals of the Tallensí in northern Ghana in creating sustainable peace In: Kröger, F. / B. Meier (ed): Ghana’s North. Frankfurt/M.: Peter Lang Verlag, 207 - 223
  • Riehl, Volker/Christiane Averbeck (1994) ‘Die Erde kommt, die Erde geht’: Zum religiösen Naturverständnis der Tallensi in Nord-Ghana In: Sociologus, N.F., Bd. 44, 136-148
  • Riehl, Volker (1993). Natur und Gemeinschaft: Sozialanthropologische Untersuchungen zur Gleichheit bei den Tallensi in Nord-Ghana Frankfurt/M.: Peter Lang Verlag
  • Riehl, Volker (1989) The Land is Ours: Research on the Land-Use System among the Tallensi in Northern Ghana. In: Cambridge Anthropology, Vol. 14, No. 2, 26-42
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാലെൻസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാലെൻസി&oldid=2282796" എന്ന താളിൽനിന്ന് ശേഖരിച്ചത്